ചെന്നലോട് ആസ്യ വധക്കേസ്: പ്രതിക്ക് ജീവപര്യന്തം തടവും 3.25 ലക്ഷം പിഴയും

കല്‍പറ്റ: വീട്ടില്‍ ഉറങ്ങിക്കിടന്ന വീട്ടമ്മയെ കമ്പിപ്പാരകൊണ്ടും പിക്കാസ് പിടികൊണ്ടും തലക്കടിച്ച് കൊലപ്പെടുത്തി കവര്‍ച്ച നടത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും 3.25 ലക്ഷം രൂപ പിഴയും വിധിച്ചു. പടിഞ്ഞാറത്തറ ടീച്ചര്‍മുക്കില്‍ ഈട്ടിക്കാമൂല തിണ്ടന്‍ വീട്ടില്‍ അമ്മദിന്‍െറ മകള്‍ ആസ്യയാണ് (37) കൊല്ലപ്പെട്ടത്. കേസിലെ രണ്ടാം പ്രതിയായ ചെന്നലോട് ആക്കൂല്‍ മുഹമ്മദ് മുസ്തഫ എന്ന മുസ്തഫയെയാണ് (34) കല്‍പറ്റ അഡി. സെഷന്‍സ് കോടതി-1 ജഡ്ജി എച്ച്.എച്ച്. പഞ്ചാപകേശന്‍ ശിക്ഷിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമം 302 പ്രകാരം ജീവപര്യന്തം തടവും 3,25,000 രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ളെങ്കില്‍ മൂന്നുവര്‍ഷം അധിക തടവുകൂടി അനുഭവിക്കണം. പിഴയടച്ചാല്‍ ഇതില്‍നിന്ന് മൂന്നു ലക്ഷം രൂപ ആസ്യയുടെ മകന്‍ ഷാഫിക്ക് കൊടുക്കാനും കോടതി ഉത്തരവായി. കേസിലെ ഒന്നാം പ്രതിയായിരുന്ന ചെന്നലോട് കുത്തിനിവീട്ടില്‍ ഇബ്രായി (38) എന്ന അബ്ദുല്ല ഇബ്രായിയെ 2015 ജനുവരി 21ന് ഇതേ കോടതി ജീവപര്യന്തം തടവിനും പിഴക്കും ശിക്ഷിച്ചിരുന്നു. ആദ്യ കേസിന്‍െറ വിചാരണസമയത്ത് രണ്ടാം പ്രതിയായ മുഹമ്മദ് മുസ്തഫ ഒളിവിലായിരുന്നു. 2015 ജൂണ്‍ 15നാണ് പടിഞ്ഞാറത്തറ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. 2007 ജനുവരി 31ന് രാത്രി 12നാണ് താല്‍ക്കാലിക ഷെഡില്‍ കിടന്നുറങ്ങുകയായിരുന്ന ആസ്യയെ ഒന്നും രണ്ടും പ്രതികള്‍ കവര്‍ച്ച നടത്താനായി തലക്കടിച്ച് കൊലപ്പെടുത്തിയത്. ആസ്യയുടെ കൂടെ ഉറങ്ങുകയായിരുന്ന മകന്‍ ഷാഫിയെയും (14) പ്രതികള്‍ ആക്രമിച്ചിരുന്നു. ഉറങ്ങിക്കിടക്കുകയായിരുന്ന ഇരുവരെയും കൊലപ്പെടുത്തി മോഷണം നടത്തുകയായിരുന്നു ലക്ഷ്യം. ഷെഡില്‍ പ്രതികള്‍ അതിക്രമിച്ചുകടക്കുകയും പിക്കാസ് പിടിയും ഇരുമ്പുപാരയും ഉപയോഗിച്ച് ആസ്യയെയും മകനെയും അടിക്കുകയുമായിരുന്നു. മാരകമായി പരിക്കേറ്റ ആസ്യയും മകനും കരഞ്ഞ് ബഹളംവെച്ചതോടെ വീണ്ടും തലക്കടിക്കുകയും ആസ്യ മരിക്കുകയുമായിരുന്നു. തുടര്‍ന്ന് വീട്ടില്‍നിന്ന് സ്വര്‍ണവും പണവും കവര്‍ന്നു. മോഷ്ടിച്ച കുറച്ചു സ്വര്‍ണം സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണയംവെക്കുകയും ബാക്കി ഒന്നാം പ്രതി ഇബ്രാഹീമിന്‍െറ വീട്ടില്‍ ഒളിച്ചുവെക്കുകയുമായിരുന്നു. കൊലക്കുപയോഗിച്ച പാര സമീപത്തെ വീട്ടില്‍നിന്നാണ് മോഷ്ടിച്ചത്. കൊലക്കുശേഷം പാര സമീപത്തെ കുളത്തിലിടുകയും ചെയ്തു. കേസില്‍ 30 സാക്ഷികളെ വിസ്തരിച്ചു. കവര്‍ച്ച നടത്തിയ ആസ്യയുടെ നക്ളസ് മുസ്തഫയാണ് കല്‍പറ്റയിലുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണയംവെച്ചത്. വൈത്തിരി സി.ഐ ആയിരുന്ന പൃഥ്വിരാജ് ആണ് ഇവിടെനിന്ന് ആഭരണം കണ്ടെടുത്തത്. കൊലപാതകസമയത്ത് മുസ്തഫ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ കണ്ടെടുത്തിരുന്നു. ഇത് ഫോറന്‍സിക് പരിശോധനയില്‍ രക്തം പുരണ്ടതായി തെളിഞ്ഞു. സ്വര്‍ണാഭരണം പണയംവെച്ചും കവര്‍ച്ച നടത്തിയും കിട്ടിയ പണം മുസ്തഫ തന്‍െറ പരിചയക്കാര്‍ക്ക് നല്‍കുകയും ചെയ്തിരുന്നു. ഇവയെല്ലാം അന്വേഷണത്തിനിടെ പൊലീസിന് ഹാജരാക്കി കൊടുത്തു. 43 രേഖകളും 34 തൊണ്ടിമുതലുകളുമാണ് കേസില്‍ ഹാജരാക്കിയത്. പടിഞ്ഞാറത്തറ സബ് ഇന്‍സ്പെക്ടറായിരുന്ന ഷാജി വര്‍ഗീസ്, വൈത്തിരി സി.ഐ ആയിരുന്ന ഇ.പി. പൃഥ്വിരാജ് എന്നിവരാണ് കേസില്‍ ആദ്യം അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്. സി.ഐയായിരുന്ന ജി. സാബുവാണ് കുറ്റപത്രം തയാറാക്കിയത്. പ്രോസിക്യൂഷനുവേണ്ടി അഡി. പബ്ളിക് പ്രോസിക്യൂട്ടര്‍ ജോസഫ് സഖറിയാസ് ഹാജരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.