കാര്‍ഷികസംസ്കാരം തിരിച്ചു പിടിക്കാന്‍ വിത്തുത്സവം

കല്‍പറ്റ: ത്രിതല പഞ്ചായത്ത്, നഗരസഭ, സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്, നബാര്‍ഡ്, ആദിവാസി വികസനപ്രവര്‍ത്തകര്‍, പരമ്പരാഗത നെല്‍കര്‍ഷക സംഘടന എന്നിവയുടെ ആഭിമുഖ്യത്തില്‍ പുത്തൂര്‍വയല്‍ സ്വാമിനാഥ ഫൗണ്ടേഷനില്‍ മൂന്നു ദിവസമായി നടക്കുന്ന വിത്തുത്സവം ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് ടി. ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. ഗുണമേന്മയുള്ള ഭക്ഷണം ഉറപ്പുവരുത്തി പ്രാദേശിക ജൈവവൈവിധ്യത്തെയും മണ്ണിനെയും പരിസ്ഥിതിയെയും സംരക്ഷിക്കുകയാണ് ലക്ഷ്യം. വയല്‍നാടായ വയനാട്ടിലെ കാര്‍ഷികമേഖലയില്‍ നെല്‍കൃഷിയില്‍നിന്ന് വ്യത്യസ്തങ്ങളായ വിളകളാണ് ഇപ്പോള്‍ ഏറെയും. മുന്‍കാലങ്ങളില്‍ തനത് ജൈവവൈവിധ്യത്തിലൂടെ കാര്‍ഷികസംരക്ഷണവും പ്രാദേശിക ഭക്ഷ്യസുരക്ഷയുമാണ് ലക്ഷ്യമിട്ടിരുന്നത്. അതില്‍നിന്ന് വ്യത്യസ്തമായി കൃഷിയിടങ്ങളിലെ വിളവൈവിധ്യം നാള്‍ക്കുനാള്‍ കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് പ്രാദേശിക കര്‍ഷകരുടെ കൂട്ടായ്മയിലൂടെ തനത് വിത്തുകള്‍ സംരക്ഷിക്കുന്നത്. പരമ്പരാഗത നെല്‍വിത്ത് സംരക്ഷകര്‍ക്കുള്ള 25,000 രൂപയും കാഷ് അവാര്‍ഡും കണിയാമ്പറ്റ പഞ്ചായത്തിലെ പള്ളിയറ രാമന് ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് കൈമാറി. തനത് കാര്‍ഷിക ആവാസവ്യവസ്ഥാ സംരക്ഷകര്‍ക്കുള്ള അവാര്‍ഡ് സുല്‍ത്താന്‍ ബത്തേരി വടച്ചിറ കുടിയിലെ ജാനകിക്ക് നല്‍കി. പരിപാടിയോടനുബന്ധിച്ച ഫോട്ടോപ്രദര്‍ശനം ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്തു. വിത്തുത്സവം 2016 കൈപ്പുസ്തക പ്രകാശനം നിര്‍വഹിച്ചു. പരമ്പരാഗത വിളയിനങ്ങളുടെ വിത്തുകള്‍ കൈമാറാന്‍ അവസരം, സാമൂഹിക, കാര്‍ഷിക ജൈവവൈവിധ്യ അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തി വിത്തുസംരക്ഷകരെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക, കര്‍ഷകരെ വ്യാപാരികളുമായി ബന്ധിപ്പിക്കുക, മികച്ച പരമ്പരാഗത ഇനങ്ങള്‍ക്ക് മികച്ച വിപണനസാധ്യത ഉറപ്പാക്കുക തുടങ്ങിയവയാണ് രണ്ടാമത് വിത്തുത്സവത്തിന്‍െറ അടിസ്ഥാനം. എം.എസ്. സ്വാമിനാഥനിലയം ഡയറക്ടര്‍ ഡോ. എന്‍. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്സന്‍ കെ. മിനി, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ എ. ദേവകി, ജില്ലാ പഞ്ചായത്തംഗം കെ.ബി. നസീമ, ജൈവവൈവിധ്യ ബോര്‍ഡ് മെംബര്‍ സെക്രട്ടറി കെ.പി. ലാലാദാസ്, ജില്ലാ കാര്‍ഷിക ഗ്രാമവികസന സമിതി പ്രസിഡന്‍റ് കെ.വി. ദിവാകരന്‍, കാര്‍ഷിക ജൈവവൈവിധ്യ അവാര്‍ഡ് കമ്മിറ്റി അധ്യക്ഷന്‍ കേളു പെരുവടി, വി.പി. കൃഷ്ണദാസ്, നബാര്‍ഡ് ഡി.ഡി.എം എന്‍.എസ്. സജികുമാര്‍, പള്ളിയറ രാമന്‍, ചെറുവയല്‍ രാമന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.