ഒന്നരക്കോടിയുടെ കേന്ദ്ര പദ്ധതിയും വനം വകുപ്പ് തടഞ്ഞു

സുല്‍ത്താന്‍ ബത്തേരി: ദീനദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ വൈദ്യുതിയോജന പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഒന്നര കോടി ഫണ്ടനുവദിച്ച ചെട്ട്യാലത്തൂര്‍ വൈദ്യുതീകരണ പദ്ധതി വനം വകുപ്പ് തടഞ്ഞു. കര്‍ണാടക, തമിഴ്നാട്, കേരള വനങ്ങള്‍ക്കു നടുവിലുള്ള ചെട്ട്യാലത്തൂരിലേക്ക് വനപാതയിലൂടെ മാത്രമേ വൈദ്യുതി ലൈന്‍ വലിക്കാനാവൂ. വനത്തിനും വന്യജീവികള്‍ക്കും ഹാനികരമാവാത്ത വിധം എ.ബി.സി കേബ്ള്‍ വലിച്ച് സുരക്ഷിതമായി ചെട്ട്യാലത്തൂരില്‍ വൈദ്യുതിയത്തെിക്കാനുള്ള പദ്ധതിയാണ് വനം വകുപ്പിന്‍െറ ഉടക്കുമൂലം സഫലമാവാതെ പോയത്. സുല്‍ത്താന്‍ ബത്തേരി-ഊട്ടി അന്തര്‍ സംസ്ഥാനപാതയില്‍നിന്നും ചെട്ട്യാലത്തൂര്‍ വനഗ്രാമത്തിലേക്കുള്ള വനപാത ടാറിങ് നടത്താന്‍ പത്തുലക്ഷം രൂപ അനുവദിച്ച് ബത്തേരി ബ്ളോക് പഞ്ചായത്ത് ആരംഭിച്ച നിര്‍മാണ പ്രവൃത്തിയും മുമ്പ് പാതിവഴിയില്‍ വനം വകുപ്പ് തടഞ്ഞിരുന്നു. നൂറ്റാണ്ടുകളായി ജനവാസ മേഖലയായ ചെട്ട്യാലത്തൂരില്‍ നിലവില്‍ 150 കുടുംബങ്ങളാണുള്ളത്. വയനാട്ടില്‍ ചെട്ടി സമുദായത്തില്‍പ്പെട്ട 47 കുടുംബങ്ങളും രണ്ടുനായര്‍ കുടുംബങ്ങളും മൂന്ന് ഈഴവ കുടുംബങ്ങളും ഇതില്‍പ്പെടും. ബാക്കി പട്ടികവര്‍ഗ കുടുംബങ്ങളാണ്. ഭരണഘടനാപരമായി പ്രത്യേക സംരക്ഷണമര്‍ഹിക്കുന്ന കാട്ടുനായ്ക്ക വിഭാഗത്തിന്‍േറതാണ് ആറു കോളനികള്‍. ഗോത്ര സമൂഹത്തില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന പണിയ വിഭാഗത്തിന്‍േറതായി ഇവിടെ രണ്ട് കോളനികളുണ്ട്. ഒന്നര പതിറ്റാണ്ട് മുമ്പ് ചെട്ട്യാലത്തൂര്‍ ഗ്രാമ വൈദ്യുതീകരണ പദ്ധതിക്ക് 65 ലക്ഷം രൂപ അനുവദിച്ചിരുന്നെങ്കിലും അന്നും വനം വകുപ്പ് തടയിട്ടു. കേന്ദ്രാവിഷ്കൃത പദ്ധതിയില്‍ കഴിഞ്ഞ വര്‍ഷം ഒന്നരക്കോടി രൂപ അനുവദിച്ചതോടെ മുഖ്യമന്ത്രിക്കും വകുപ്പു മന്ത്രിക്കും, എം.പി, എം.എല്‍.എ എന്നിവര്‍ക്കും അഭിവാദ്യമര്‍പ്പിച്ച് ഫ്ളക്സ് ബോര്‍ഡുകള്‍ ഉയര്‍ന്നു. പക്ഷേ, പദ്ധതി മുടങ്ങിയിട്ടും ആരും തിരിഞ്ഞുനോക്കിയിട്ടില്ല. മണിമുണ്ട, പുത്തൂര്‍, പാമ്പന്‍കൊല്ലി, കൊമ്മഞ്ചേരി തുടങ്ങിയ നിരവധി ഗ്രാമങ്ങള്‍ ഇപ്പോഴും വൈദ്യുതിയത്തൊത്ത ഗ്രാമങ്ങളായി തുടരുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.