മരപ്പാലം തകര്‍ന്ന് പുഴയില്‍ വീണ് ആറു പേര്‍ക്ക് പരിക്ക്

കല്‍പറ്റ: കുറുമ്പാലക്കോട്ട കുറുമണിയിലെ മരപ്പാലം തകര്‍ന്ന് പുഴയില്‍ വീണ് മൂന്നു കുട്ടികളടക്കം ആറു പേര്‍ക്ക് പരിക്ക്. പടിഞ്ഞാറത്തറ, കോട്ടത്തറ, പനമരം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലമാണിത്. കുറുമണി പള്ളിപ്പെരുന്നാള്‍ കഴിഞ്ഞുപോകുകയായിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. ഞായറാഴ്ച ഉച്ചക്ക് 2.45ഓടെയായിരുന്നു അപകടം. പരിക്കേറ്റവരെ കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. നെടുമന അനൂപ് ജോസഫ് (24), മുഴയന്‍ കാട്ടില്‍ ലിന്‍സി കുര്യന്‍ (23), സനു ജോസഫ് (24), എലന്‍ മരിയ (10), അഖില്‍ തോമസ് (13), മിഥുന്‍ ടോം (10) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മരപ്പാലത്തിന് 300 മീറ്ററോളം നീളവും 18 മീറ്ററോളം ഉയരവുമുണ്ട്. ഇവര്‍ പാലത്തിന് മധ്യത്തില്‍ എത്തിയപ്പോള്‍ പാലം തകര്‍ന്ന് പുഴയിലേക്ക് വീഴുകയായിരുന്നു. പുഴയില്‍ വെള്ളം കുറവായതിനാലാണ് വന്‍ അപകടം ഒഴിവായത്. പള്ളിക്കുന്ന്, ഏച്ചോം ഭാഗങ്ങളിലേക്ക് പോകുന്ന വിദ്യാര്‍ഥികളടക്കമുള്ളവര്‍ക്ക് ഏക ആശ്രയമായിരുന്നു ഈ പാലം. ബ്ളോക് പഞ്ചായത്ത് നബാര്‍ഡിന്‍െറ പ്രത്യേക സ്കീമിലുള്‍പ്പെടുത്തി ഇവിടെ പാലം നിര്‍മിക്കാനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചിരുന്നു. പാലം തകര്‍ന്ന സാഹചര്യത്തില്‍ പ്രദേശവാസികള്‍ക്ക് പുറംലോകവുമായുള്ള ബന്ധം നഷ്ടപ്പെട്ടിരിക്കുകയാണ്. വിദ്യാര്‍ഥികളടക്കമുള്ളവര്‍ക്ക് സ്കൂളില്‍ പോകുന്നതിന് അടിയന്തരമായി പാലം നിര്‍മിച്ചുനല്‍കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. ഹാഡ വൈസ് ചെയര്‍മാന്‍ എന്‍.ഡി. അപ്പച്ചന്‍, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ശകുന്തള ഷണ്‍മുഖന്‍, ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെംബര്‍ നസീമ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.