ജലസേചനപദ്ധതികള്‍ നോക്കുകുത്തി; കൃഷിയിറക്കാനാവാതെ 200 ഏക്കര്‍ നെല്‍വയല്‍

പനമരം: നെല്‍കൃഷി പ്രോത്സാഹനത്തിനായി പനമരത്ത് നടപ്പാക്കിയ ജലസേചനപദ്ധതികള്‍ പ്രവര്‍ത്തനരഹിതമായത് നെല്‍കൃഷിയെ പ്രതികൂലമായി ബാധിക്കുന്നു. കോട്ടക്കുന്ന്, ചങ്ങാടക്കടവ് പദ്ധതികള്‍ക്ക് കീഴില്‍ 200ഓളം ഏക്കര്‍ നെല്‍വയലാണ്് കൃത്യമായി കൃഷിയിറക്കാന്‍ കഴിയാതെ വെറുതെ കിടക്കുന്നത്. പനമരം ഓടക്കൊല്ലി റോഡരികിലാണ് കോട്ടക്കുന്ന് ജലസേചനപദ്ധതിയുടെ പമ്പ് ഹൗസുള്ളത്. 20 വര്‍ഷം മുമ്പാണ് ഈ പദ്ധതി നടപ്പാക്കിയത്. വാടോച്ചാല്‍ വാഴക്കണ്ടി ഭാഗത്തേക്കാണ് ഇതിന്‍െറ കനാല്‍ നീളുന്നത്. പദ്ധതിയുടെ തുടക്കക്കാലത്ത് ഏതാനും വര്‍ഷങ്ങളില്‍ കനാലിലൂടെ വെള്ളമത്തെിയിരുന്നു. മോട്ടോറിന്‍െറ തകരാറാണ് ഇവിടെ പ്രശ്നമായത്. പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് പാടശേഖരസമിതികള്‍ നിരവധി തവണ അധികാരികളെ സമീപിച്ചെങ്കിലും ഒരു പുരോഗതിയും ഉണ്ടായില്ല. നിറഞ്ഞൊഴുകുന്ന പനമരം പുഴയുടെ ഓരത്ത് കോട്ടക്കുന്ന് പമ്പ്ഹൗസ് നോക്കുകുത്തിയായി. മഴയെ ആശ്രയിച്ചാണ് ഇപ്പോള്‍ വാടോച്ചാല്‍ ഭാഗത്ത് നെല്‍കൃഷി നടക്കുന്നത്. പനമരം ചങ്ങാടക്കടവ് ജലസേചനപദ്ധതി പരക്കുനി ഭാഗത്തെ നെല്‍കര്‍ഷകരെ ലക്ഷ്യമാക്കി സ്ഥാപിച്ചതാണ്. 100ഓളം ഏക്കര്‍ ഈ പദ്ധതിക്കുകീഴില്‍വരും. പനമരം ടൗണിനടുത്താണ് ഇതിന്‍െറ പമ്പ്ഹൗസുള്ളത്. പരക്കുനി ഭാഗത്തേക്ക് കനാല്‍ ഒന്നര കിലോമീറ്ററോളം നീളത്തിലാണ് വ്യാപിക്കുന്നത്. പമ്പ്ഹൗസിന്‍െറ താളംതെറ്റിയ അവസ്ഥ പദ്ധതിയെ അവതാളത്തിലാക്കുന്നു. 50 കുതിരശക്തിയുടെ മോട്ടോറുകളാണ് പമ്പ്ഹൗസില്‍ സ്ഥാപിച്ചിട്ടുള്ളത്. ഒന്ന് പ്രവര്‍ത്തിച്ചാല്‍ ഒന്ന് പണിമുടക്കും. 10 വര്‍ഷത്തിലേറെയായി ഇതാണ് സ്ഥിതി. പരക്കുനി ഭാഗം പനമരത്തെ ഏറ്റവും കൂടുതല്‍ നെല്‍കൃഷി ചെയ്തിരുന്ന പ്രദേശങ്ങളില്‍ ഒന്നാണ്. ഇവിടത്തെ നെല്‍വയല്‍ മിക്കതും മറ്റ് കൃഷികള്‍ക്കായി പാട്ടത്തിന് കൊടുക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാകുന്ന സാഹചര്യവുമുണ്ട്. ജില്ലക്ക് പുറത്തുള്ള ഇഷ്ടികവ്യവസായികളും കഴുകന്‍ കണ്ണോടെ പരക്കുനി വയലിനെ സമീപിക്കാന്‍ തുടങ്ങിയിട്ടുണ്ട്. വയലിനെ കീറിമുറിച്ച് പനമരം പുഴ ജലസമൃദ്ധമായി ഒഴുകുമ്പോഴാണ് പരക്കുനിയിലെ നെല്‍കൃഷി മേഖലയില്‍ ഈ പ്രതിസന്ധി. പനമരത്തെ മറ്റൊരു നെല്ലുല്‍പാദന മേഖലയാണ് മാത്തൂര്‍വയല്‍. മഴയെ ആശ്രയിച്ചുള്ള കൃഷി മാത്രമാണ് ഇവിടെ നടക്കാറ്. വര്‍ഷത്തില്‍ രണ്ടു തവണയെങ്കിലും ഇവിടെ വെള്ളം കയറും. ഈ പ്രതിസന്ധി അതിജീവിച്ചാണ് കര്‍ഷകര്‍ കൃഷിയിറക്കുന്നത്. ജലസേചന പദ്ധതിയുണ്ടെങ്കില്‍ മാത്തൂര്‍വയലില്‍ രണ്ടു കൃഷിയിറക്കാവുന്നതാണ്. ജില്ലയില്‍ ഏറ്റവുംകൂടുതല്‍ ഇഷ്ടികക്കളങ്ങളുള്ളത് മാത്തൂര്‍വയലിലാണ്. നെല്‍കൃഷി ബുദ്ധിമുട്ടിലായ സാഹചര്യത്തില്‍ ഇഷ്ടികക്കളങ്ങള്‍ക്ക് കര്‍ഷകര്‍ നെല്‍വയല്‍ പാട്ടത്തിന് കൊടുക്കുന്നതാണ് കളങ്ങള്‍ കൂടാന്‍ കാരണം. ജിയോളജി അധികൃതരും ഇതിന് കൂട്ടുനില്‍ക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.