തൊഴിലുറപ്പ് പദ്ധതി: പൂതാടി ഒന്നാമത്, എടവകക്ക് രണ്ടാം സ്ഥാനം

കല്‍പറ്റ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ വയനാട് ജില്ലയില്‍ ഈ സാമ്പത്തികവര്‍ഷം 70.60 കോടി രൂപ ചെലവഴിച്ചു. 4.53 കോടി ചെലഴിച്ച പൂതാടി ഗ്രാമപഞ്ചായത്താണ് ഒന്നാം സ്ഥാനത്ത്. 4.51 കോടി ചെലവഴിച്ച് എടവക രണ്ടാം സ്ഥാനത്തും 4.26 കോടി രൂപ ചെലവഴിച്ച പനമരം മൂന്നാം സ്ഥാനത്തുമാണ്. ജില്ലയിലെ വിവിധ പഞ്ചായത്തുകള്‍ ഈ സാമ്പത്തികവര്‍ഷം ചെലവഴിച്ച തുക ലക്ഷത്തില്‍: മീനങ്ങാടി-420.17, തവിഞ്ഞാല്‍-395.95, നെന്മേനി-374.63, മൂപ്പൈനാട്-346.42, മാനന്തവാടി-338.61, പൊഴുതന-337.15, നൂല്‍പുഴ-327.3, അമ്പലവയല്‍-302.27, വെള്ളമുണ്ട-299.41, മേപ്പാടി-263.13, തിരുനെല്ലി-242.74, തൊണ്ടര്‍നാട്-239.18, പടിഞ്ഞാറത്തറ-225.55, കണിയാമ്പറ്റ-221.57, കോട്ടത്തറ-220.4, സുല്‍ത്താന്‍ ബത്തേരി-202.81, പുല്‍പ്പള്ളി-186.77, തരിയോട്-185.6, മുട്ടില്‍-185.38, വേങ്ങപ്പള്ളി-157.93, മുള്ളന്‍കൊല്ലി-140.17, വൈത്തിരി-126.62. ഈ സാമ്പത്തികവര്‍ഷം കാര്‍ഷികമേഖലയില്‍ പരിമിത ചെറുകിട കര്‍ഷകര്‍ക്കുവേണ്ടി നിരവധി പ്രവൃത്തികള്‍ നടപ്പാക്കുന്നുണ്ട്. 30 ലക്ഷം കാപ്പിത്തൈകളാണ് വിവിധ ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ തയാറാക്കി കാര്‍ഷിക നഴ്സറികളിലൂടെ ഉല്‍പാദിപ്പിച്ച് പട്ടികവര്‍ഗക്കാരുടെയും പരിമിത കര്‍ഷകരുടെയും കൃഷിയിടത്തില്‍ നട്ടുപിടിപ്പിച്ചത്. മൂന്നു ലക്ഷം കാപ്പിത്തൈകള്‍ തയാറാക്കിയ നെന്മേനി ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനത്തും രണ്ടരലക്ഷം തൈകള്‍ തയാറാക്കിയ എടവക ഗ്രാമപഞ്ചായത്ത് രണ്ടാം സ്ഥാനത്തും രണ്ടു ലക്ഷം തൈകള്‍ തയാറാക്കിയ തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് മൂന്നാം സ്ഥാനത്തുമാണ്. മീനങ്ങാടി ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികവര്‍ഗ കോളനിയില്‍ സമഗ്ര കാര്‍ഷിക വികസന പരിപാടികള്‍ നടപ്പാക്കി. ഇതിന്‍െറ ഭാഗമായി ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ പട്ടികവര്‍ഗ കോളനിയും ഫലവൃക്ഷത്തൈകള്‍, കാപ്പിത്തൈ, തെങ്ങിന്‍ തൈ എന്നിവ നട്ടുപിടിപ്പിച്ചു. പഞ്ചായത്തിന്‍െറ പദ്ധതിവിഹിതവുമായി സംയോജിപ്പിച്ചുകൊണ്ട് കിഴങ്ങുവര്‍ഗങ്ങളുടെ നടീലും നടപ്പാക്കി. എടവക ഗ്രാമപഞ്ചായത്ത് 110 പട്ടികവര്‍ഗ കോളനികളിലാണ് കാപ്പിത്തൈ നട്ടുപിടിപ്പിച്ചിത്. കാപ്പിത്തൈകള്‍ പരിപോഷിപ്പിക്കുന്നതിനായി കോഫിബോര്‍ഡിന്‍െറ സഹായത്തോടെ വളവും കീടനാശിനും നല്‍കുന്നതിനും പദ്ധതി തയാറാക്കിയിട്ടുണ്ട്. അഞ്ച് ഏക്കറില്‍ താഴെ കൃഷിഭൂമിയുളള പരിമിത-ചെറുകിട കര്‍ഷകര്‍ക്ക് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജലസേചനത്തിനുള്ള കുളങ്ങള്‍ അനുവദിക്കും. ആകെ 429 കുളങ്ങളാണ് നിര്‍മിച്ചത്. കയര്‍ ഭൂവസ്ത്രം വിരിച്ച് കുളങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും അനുവാദം ലഭിച്ചിട്ടുണ്ട്. കയര്‍ബോര്‍ഡിന്‍െറ സഹായത്തോടെയാണ് കുളങ്ങളുടെ അരികുഭിത്തികള്‍ ഇടിയാതിരിക്കാന്‍ കയര്‍ ഭൂവസ്ത്രം വിരിക്കുന്നത്. കുളങ്ങളില്‍ മത്സ്യക്കുഞ്ഞുങ്ങളെ ഫിഷറിസ് വകുപ്പ് നിക്ഷേപിച്ചിട്ടുണ്ട്. വര്‍ഷം ശരാശരി 10,000 രൂപവരെ കര്‍ഷകന് കുളങ്ങളില്‍നിന്ന് വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷ. പട്ടികവര്‍ഗ കോളനികളില്‍ മാത്രമായി 48 കുളങ്ങള്‍ നിര്‍മിച്ചു. എടവക, നെന്മേനി, മീനങ്ങാടി, വൈത്തിരി ഗ്രാമപഞ്ചായത്തുകള്‍ കുരുമുളക് നഴ്സറികളും തയാറാക്കി ചെറുകിട കര്‍ഷകര്‍ക്ക് നട്ടുപിടിപ്പിച്ചുകൊടുത്തു. ഫാം ഫോറസ്ട്രിയുടെ ഭാഗമായി താങ്ങുകാലുകള്‍ നട്ടുവളര്‍ത്താനുള്ള വ്യവസ്ഥ പ്രയോജനപ്പെടുത്തിയാണ് കുരുമുളക് കൃഷി പ്രോത്സാഹിപ്പിക്കുന്നത്. ഇതോടൊപ്പം തീറ്റപ്പുല്‍ കൃഷിയും ക്ഷീരവികസന വകുപ്പിന്‍െറ സാങ്കേതിക സഹായത്തോടെ തൊഴിലുറപ്പ് പദ്ധതിയില്‍ ഗ്രാമപഞ്ചായത്തുകള്‍ ഏറ്റെടുത്തിട്ടുണ്ട്. അമ്പലവയല്‍, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തുകള്‍ മള്‍ബറി കൃഷിയും തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റെടുത്തിട്ടുണ്ട്. ഒരേക്കര്‍വരെ കൃഷിസ്ഥലത്താണ് പരിമിത ചെറുകിട കര്‍ഷകര്‍ക്ക് സൗജന്യമായി മള്‍ബറി നട്ടുകൊടുക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.