‘പെസ’ക്ക് കീഴിലേക്ക് തിരുനെല്ലിയും നൂല്‍പുഴയും

തിരുനെല്ലി: ആദിവാസി ഗ്രാമസഭാനിയമം (പെസ) നടപ്പാക്കുന്നത് സംബന്ധിച്ച് സംസ്ഥാനത്തിന്‍െറ ശിപാര്‍ശ അതേപടി അംഗീകരിച്ചു കേന്ദ്രസര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയാല്‍ ഭരണഘടനയുടെ അഞ്ചാം പട്ടികയില്‍ പൂര്‍ണമായും ഉള്‍പ്പെടുക വയനാട്ടിലെ രണ്ടെണ്ണം ഉള്‍പ്പെടെ നാലു പഞ്ചായത്തുകള്‍. വയനാട്ടിലെ തിരുനെല്ലി, നൂല്‍പുഴ, ഇടുക്കി ജില്ലയിലെ ഇടമലക്കുടി, പാലക്കാട്ടെ അഗളി എന്നീ പഞ്ചായത്തുകളിലാണ് ‘പെസ’ പൂര്‍ണമായും ബാധകമാകുന്നത്. വിവിധ ജില്ലകളിലെ നിരവധി പ്രദേശങ്ങളും പെസ നിയമത്തില്‍ വരും. മാനന്തവാടി നഗരസഭയിലെ 110 പ്രദേശങ്ങളും ഇതിലുള്‍പ്പെടും. പെസ പ്രകാരം ആദിവാസി ഭൂരിപക്ഷ പ്രദേശങ്ങളെ പ്രത്യേക പട്ടികവര്‍ഗ ഊരുകളാക്കി പ്രഖ്യാപിക്കും. ആദിവാസി വിഭാഗങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ 1996ല്‍ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയതാണ് ആദിവാസി ഗ്രാമസഭാനിയമം. പെസ നിയമം ചില സംസ്ഥാനങ്ങളില്‍ നടപ്പാക്കിയിട്ടുണ്ട്. ആദിവാസി ഗോത്രസഭാ നേതാവ് സി.കെ. ജാനു നില്‍പുസമരത്തിലുന്നയിച്ച ആവശ്യങ്ങളിലൊന്നാണ് കേരളത്തിലെ ആദിവാസി ഭൂരിപക്ഷമേഖലകളില്‍ പെസ നിയമം ബാധകമാക്കണമെന്നത്. മന്ത്രിതലത്തിലും ഉദ്യോഗസ്ഥതലത്തിലും നടന്ന കൂടിയാലോചനകള്‍ക്കൊടുവിലാണ് നിയമം ബാധകമാക്കേണ്ട പ്രദേശങ്ങളുടെ പട്ടിക സംസ്ഥാനം കേന്ദ്ര മന്ത്രാലയത്തിന് സമര്‍പ്പിച്ചത്. ആദിവാസി ജനസംഖ്യയുടെ തോതനുസരിച്ചാണ് പെസയുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളുടെ നിര്‍ണയം. ഭരണഘടനയിലെ അഞ്ചാം പട്ടികയില്‍ ഉള്‍പ്പെടുത്തി വിജ്ഞാപനം ചെയ്ത പ്രദേശങ്ങളില്‍ ത്രിതലപഞ്ചായത്ത് മാതൃകയില്‍ വോട്ടര്‍പട്ടിക തയാറാക്കി ഭരണസംവിധാനത്തിന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കും. തുടര്‍ന്ന് ഭരണസമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടത്തും. പ്രസിഡന്‍റ്, സെക്രട്ടറി അടങ്ങിയ ഭരണസമിതിയിലേക്ക് രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധാനം ചെയ്ത് ആദിവാസികള്‍ക്ക് മത്സരിക്കാം. ആദിവാസി ഗ്രാമസഭ പെസ നിയമത്തില്‍ വന്‍ അധികാരങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. മുള്ളന്‍കൊല്ലി, മീനങ്ങാടി, പൊഴുതന, തരിയോട്, അമ്പലവയല്‍, പനമരം, തൊണ്ടര്‍നാട് എന്നീ പഞ്ചായത്തുകളിലെ ഭൂരിപക്ഷം ആദിവാസിമേഖലകളും പെസ നിയമത്തില്‍ ഉള്‍പ്പെടും. ചില സാങ്കേതിക തടസ്സങ്ങള്‍കൂടി നീങ്ങുന്ന മുറക്ക് പെസ നിയമം സംസ്ഥാനത്ത് പ്രാബല്യത്തില്‍ വരുമെന്നാണ് സൂചന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.