കോളനി മുറ്റത്ത് വൈദ്യുതിതൂണ്‍; പക്ഷേ, ആദിവാസിവീടുകളില്‍ വെളിച്ചമില്ല

സുല്‍ത്താന്‍ ബത്തേരി: കോളനി മുറ്റത്ത് വൈദ്യുതിതൂണുണ്ടെങ്കിലും വീടുകളില്‍ വൈദ്യുതിയത്തൊതെ നൂല്‍പുഴ ഗ്രാമപഞ്ചായത്തിലെ 250 ആദിവാസി കുടുംബങ്ങള്‍. വനാതിര്‍ത്തിമേഖലയില്‍ പതിറ്റാണ്ടുകളായി ഇരുട്ടില്‍ കഴിയുന്ന കദംഗത്ത്, ഒണ്ടംകുനി, പണയമ്പം, കുളിപ്പുര തുടങ്ങിയ ആദിവാസി കോളനിക്കാരാണ് കബളിക്കപ്പെടുന്നത്. പദ്ധതിയുടെ ഫണ്ട് തട്ടിയ കരാറുകാരനെയും ശിങ്കിടികളെയും ഇപ്പോള്‍ കാണാനില്ല. വിജിലന്‍സ് അന്വേഷണവും പാതിവഴിയിലാണ്. നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലെ ഇടതുമുന്നണി ഭരണസമിതി, കരാറുകാരനെതിരെ പ്രമേയം പാസാക്കി അന്വേഷണം ത്വരിതപ്പെടുത്താനുള്ള തീരുമാനത്തിലാണ്. ആദിവാസി ഭവനങ്ങളില്‍ വൈദ്യുതിയത്തെിക്കാന്‍ അടുത്ത ബജറ്റില്‍ തുക വകയിരുത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് കെ. ശോഭന്‍കുമാര്‍ പറഞ്ഞു. വിവിധ കോളനികളിലായി, വൈദ്യുതിയത്തൊത്ത 250 ആദിവാസി വീടുകളില്‍ വൈദ്യുതി എത്തിക്കാന്‍ 2013-14 സാമ്പത്തിക വര്‍ഷത്തിലാണ് പത്തുലക്ഷം രൂപ എസ്റ്റിമേറ്റില്‍ നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് പദ്ധതി തയാറാക്കിയത്. വീടുകളില്‍ വയറിങ് നടത്തി സി.ഡി അടച്ച് വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ സംവിധാനമൊരുക്കണമെന്നായിരുന്നു കരാര്‍ വ്യവസ്ഥ. സി.ഡി അടച്ച് രസീത് ഹാജരാക്കുമ്പോള്‍ മാത്രമേ കരാര്‍ തുക കൈമാറാവൂ എന്നായിരുന്നു തീരുമാനം. എന്നാല്‍ കരാറെടുത്ത മൂലങ്കാവ് സ്വദേശി ചില കോളനികളിലൊക്കെ വയറിങ് ജോലികള്‍ ആരംഭിച്ചെങ്കിലും പ്രവൃത്തി പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. പല കോളനികളിലും വയറിങ് അടക്കം ഒരു പ്രവൃത്തിയും നടന്നില്ല. പദ്ധതി മുടങ്ങിയതിനെപ്പറ്റി, അന്ന് പ്രതിപക്ഷത്തായിരുന്ന സി.പി.എം അന്വേഷിച്ചപ്പോള്‍ പദ്ധതിതുക മുഴുവന്‍ കൈക്കലാക്കി കരാറുകാരന്‍ മുങ്ങിയെന്നായിരുന്നു മറുപടി ലഭിച്ചത്. മോണിറ്ററിങ് കമ്മിറ്റിയുടെ അനുവാദം വാങ്ങാതെയും പ്രവൃത്തി പൂര്‍ത്തീകരിച്ചോയെന്ന് പരിശോധിക്കാതെയും പദ്ധതി നടത്തിപ്പിന് ചുമതലപ്പെടുത്തപ്പെട്ട ട്രൈബല്‍ ഓഫിസര്‍ കരാറുകാരന് മുഴുവന്‍ തുകക്കും ചെക് നല്‍കുകയായിരുന്നു. ഇതില്‍ ഭരണകക്ഷിക്കാരുടെ ഒത്താശയും അഴിമതിയും നടന്നതായി ആക്ഷേപമുയര്‍ന്നിരുന്നു. ഏതായാലും ഈ പദ്ധതിയില്‍ ഒരൊറ്റ ആദിവാസി ഭവനത്തില്‍പോലും വെളിച്ചമത്തെിയില്ല. സംഭവത്തെപ്പറ്റി കലക്ടര്‍ക്ക് കിട്ടിയ പരാതിയില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല. സംഭവത്തിന്‍െറ മുഴുവന്‍ ഉത്തരവാദിത്തവും സി.പി.എം, മുന്‍ യു.ഡി.എഫ് ഭരണസമിതിയില്‍ ചാര്‍ത്തുകയാണ്. എന്നാല്‍ ഉദ്യോഗസ്ഥരെ പഴിപറഞ്ഞ് രക്ഷപ്പെടാനാണ് മുന്‍ ഭരണസാരഥികളുടെ ശ്രമം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.