കല്‍പറ്റ: പനമരം സാമൂഹികാരോഗ്യകേന്ദ്രം നടത്തുന്ന ‘കൈത്താങ്ങ്’ പദ്ധതി കിടപ്പുരോഗികള്‍ക്ക് ശരിക്കും താങ്ങാകുന്നു. തൊഴിലാളികളും ഡ്രൈവര്‍മാരും കച്ചവടക്കാരുമടക്കം വിവിധ തുറകളിലുള്ളവരുടെ പിന്തുണയോടെയാണ് ഒരു സര്‍ക്കാര്‍ ആശുപത്രി മാതൃകയാകുന്നത്. സാന്ത്വനപരിചരണത്തിനൊപ്പം രോഗികള്‍ക്ക് വരുമാനമുണ്ടാക്കിക്കൊടുക്കാനായി സ്വയംതൊഴില്‍ പരിശീലനമടക്കം ആശുപത്രിയുടെ നേതൃത്വത്തില്‍ വിജയകരമായി നടത്തുന്നുണ്ട്. ബ്ളോക് പഞ്ചായത്തിന്‍െറ സഹകരണത്തോടെയാണ് ‘കൈത്താങ്ങ്’ പദ്ധതി ആവിഷ്കരിച്ചത്. ആശുപത്രി കഴിഞ്ഞവര്‍ഷം സംഘടിപ്പിച്ച രണ്ടുദിവസത്തെ തൊഴില്‍പരിശീലനത്തില്‍ നിരവധി കിടപ്പുരോഗികള്‍ പങ്കെടുത്തിരുന്നു. കിടപ്പിലായെങ്കിലും സ്വയംതൊഴില്‍ ചെയ്ത് വരുമാനമുണ്ടാക്കമെന്ന പുതുപ്രതീക്ഷ രോഗികള്‍ക്ക് കിട്ടി. ആത്മവിശ്വാസത്തോടെ ജീവിതം മുന്നോട്ടുകൊണ്ടുപോകാമെന്ന് അവര്‍ പഠിക്കുകയായിരുന്നു. സോപ്പുപൊടി, ഫിനോയില്‍, കൈ കഴുകുന്ന മിശ്രിതം എന്നിവയുടെ നിര്‍മാണത്തിലായിരുന്നു കിടപ്പുരോഗികള്‍ക്കും സഹായികള്‍ക്കും പരിശീലനം നല്‍കിയത്. ബ്ളോക് പഞ്ചായത്തിന്‍െറ പരിധിയിലെ പുല്‍പള്ളി, മുള്ളന്‍കൊല്ലി, പൂതാടി, പനമരം, കണിയാമ്പറ്റ പഞ്ചായത്തുകളില്‍നിന്നായി 25 രോഗികളും സഹായികളുമാണ് എത്തിയത്. പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് ഉല്‍പന്നനിര്‍മാണത്തിനുള്ള അസംസ്കൃത വസ്തുക്കള്‍ സൗജന്യമായി ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് ബ്ളോക് പഞ്ചായത്ത്. ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് പ്രസിഡന്‍റ് ടി.എസ്. ദിലീപ്കുമാര്‍ പറഞ്ഞു. നിര്‍മിക്കുന്ന ഉല്‍പന്നങ്ങള്‍ക്ക് ആരോഗ്യവകുപ്പിനു കീഴിലുള്ളതടക്കം സ്ഥാപനങ്ങളിലൂടെ വിപണി ഉറപ്പുവരുത്തുമെന്ന് പാലിയേറ്റിവ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്ന ഡോ. ദാഹിര്‍ മുഹമ്മദും മെഡിക്കല്‍ ഓഫിസര്‍ വി.ആര്‍. ഷീജയും പറയുന്നു. ആശുപത്രി ആസ്ഥാനമായി സാന്ത്വനം പാലിയേറ്റിവ് ട്രസ്റ്റ് രൂപവത്കരിക്കാന്‍ ആലോചനയുണ്ട്. ഇതിനുകീഴില്‍ ഡയാലിസിസ് യൂനിറ്റ് ആരംഭിക്കാനാണ് പദ്ധതി. ഒരു കോടി രൂപയാണ് കണക്കാക്കുന്ന ചെലവ്. ഇതില്‍ 20 ലക്ഷം രൂപ ബ്ളോക് പഞ്ചായത്ത് മുഖേനയും ബാക്കി തുക മറ്റു മാര്‍ഗങ്ങളിലൂടെയും സമാഹരിക്കാനാണ് ലക്ഷ്യമെന്ന് ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു. ബ്ളോക് പഞ്ചായത്തിന്‍െറ വിവിധ ഭാഗങ്ങളിലായി അര്‍ബുദബാധിതര്‍, പക്ഷാഘാതം പിടിപെട്ടവര്‍, അരക്കുതാഴെ തളര്‍ന്നവര്‍ തുടങ്ങി വിദഗ്ധ പരിചരണം ആവശ്യമുള്ള 110 കിടപ്പുരോഗികളുണ്ട്. ഇവരില്‍നിന്ന് പഞ്ചായത്തുതലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രൈമറി പാലിയേറ്റിവ് കെയര്‍ യൂനിറ്റുകളിലെ കമ്യൂണിറ്റി നഴ്സുമാര്‍ നിര്‍ദേശിച്ചവര്‍ക്കാണ് തൊഴില്‍ പരിശീലനം ലഭ്യമാക്കിയത്. സെക്കന്‍ഡറി ലെവല്‍ പാലിയേറ്റിവ് പ്രവര്‍ത്തനങ്ങള്‍ക്ക് നഴ്സ് ജൂലി മാത്യു ആണ് നേതൃത്വം നല്‍കുന്നത്. സാമൂഹികാരോഗ്യകേന്ദ്രത്തിന്‍െറയും ബ്ളോക്, ഗ്രാമപഞ്ചായത്തുകളുടെയും കീഴില്‍ ‘സാന്ത്വനം’ പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് സപ്പോര്‍ട്ടിങ് ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഡ്രൈവര്‍മാരും വ്യാപാരികളും വിദ്യാര്‍ഥികളും അടങ്ങുന്നതാണ് പഞ്ചായത്തുതല സപ്പോര്‍ട്ടിങ് ഗ്രൂപ്പുകള്‍. പനമരത്തുമാത്രം ഇതില്‍ 25 പേരുണ്ട്. നാലുപേര്‍ സ്ത്രീകളാണ്. പച്ചക്കറി കച്ചവടക്കാരന്‍ സി.എച്ച്. അഷ്റഫാണ് ഗ്രൂപ് പ്രസിഡന്‍റ്. സെക്രട്ടറി ഓട്ടോഡ്രൈവര്‍ അക്ബര്‍ അലിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.