സര്‍ഫാസി ആക്ട് : നൂറുകണക്കിന് കുടുംബങ്ങള്‍ ജപ്തി നടപടിയില്‍ കുരുങ്ങി

സുല്‍ത്താന്‍ ബത്തേരി: വിളവെടുപ്പ് സീസണില്‍ ആഹ്ളാദത്തിനപ്പുറം കനത്ത ആശങ്കകളുമായി കടക്കെണിയിലായ കുടുംബങ്ങള്‍. കുടിശ്ശിക പിരിക്കാന്‍ ഗുണ്ടാസംഘങ്ങളെ ഏല്‍പിച്ചും സര്‍ഫാസി ആക്ട് പ്രകാരം ജാമ്യവസ്തുക്കള്‍ പിടിച്ചെടുത്തും ബാങ്കുകള്‍ മുന്നേറുമ്പോള്‍ കിടപ്പാടം നഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് വയനാട്ടിലെ നൂറുകണക്കിന് കുടുംബങ്ങള്‍. കഴിഞ്ഞ ഒരു ദിവസം മാത്രം ബത്തേരിയിലെ ഒരു ദേശസാല്‍കൃത ബാങ്ക് മുപ്പത് വീടുകളാണ് സര്‍ഫാസി ആക്ട് പ്രകാരം നോട്ടീസ് പതിച്ച് ഏറ്റെടുക്കാന്‍ ശ്രമിച്ചത്. നിലവിളിച്ച് നാട്ടുകാര്‍ ഓടിക്കൂടി ചെറുത്തുനിന്നതോടെ പല വീടുകളിലും നോട്ടീസ് പതിക്കാന്‍ കഴിഞ്ഞില്ല. സര്‍ഫാസി ആക്ട് പ്രകാരം ജാമ്യവസ്തുക്കള്‍ ബലമായി പിടിച്ചെടുക്കാന്‍ പൊലീസ് സഹായം തേടിയിരിക്കുകയാണ് ബാങ്ക് അധികൃതര്‍. കടക്കെണിയിലായി അടവ് മുടങ്ങി ഇടപാടുകളില്‍ പലിശയും കൂട്ടുപലിശയും പിഴപ്പലിശയുമായി വന്‍ തുക ചുമത്തി ഇടപാടുകാരെ കൊള്ളയടിക്കുകയാണെന്നും പരാതിയുണ്ട്. അഞ്ചു ലക്ഷം രൂപ ദേശസാല്‍കൃത ബാങ്കില്‍ നിന്നും ഭവന വായ്പയെടുത്ത ബത്തേരിയിലെ ഒരിടപാടുകാരന്‍ ആറുലക്ഷത്തിലധികം രൂപ തിരിച്ചടച്ചിട്ടും ആറര ലക്ഷം അക്കൗണ്ടില്‍ ബാക്കിയാണ്്. 75,000 രൂപ കുടിശ്ശികയായതിന്‍െറ പേരിലാണ് ബാങ്ക് അധികൃതര്‍ ഗുണ്ടാപ്പടയുമായി മുക്കാല്‍ കോടിയിലധികം രൂപ വിലമതിക്കുന്ന വീടും സ്ഥലവും സര്‍ഫാസി ആക്ട് പ്രകാരം ഏറ്റെടുക്കാന്‍ ശ്രമിച്ചത്. ജനങ്ങള്‍ കൂടിയതിനെ തുടര്‍ന്ന് നോട്ടീസ് പതിക്കാന്‍ കഴിഞ്ഞില്ളെങ്കിലും പൊലീസ് സംരക്ഷണത്തോടെ ഉടന്‍ നടപടി സ്വീകരിക്കുമെന്ന ഭീഷണി ഉയര്‍ത്തിയാണ് തിരിച്ചുപോയത്. അരലക്ഷത്തോളം രൂപ ഇന്നലത്തെന്നെ അക്കൗണ്ടില്‍ അടച്ചെങ്കിലും നടപടിയില്‍നിന്നും പിന്‍വാങ്ങില്ളെന്ന ഉറച്ചനിലപാടിലാണ് ബാങ്ക് അധികൃതര്‍. ഗഡുതെറ്റി കുടിശ്ശികയായത് കാല്‍ലക്ഷം മാത്രമാണെങ്കിലും അതുകൂടി അടക്കുന്നതുവരെ ബാങ്കിന്‍െറ കണക്കില്‍ ആറുലക്ഷവും കുടിശ്ശികയാണെന്നാണ് ബാങ്ക് അധികൃതരുടെ ന്യായം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.