പുളിഞ്ഞാല്‍– നെല്ലിക്കച്ചാല്‍ മലയോരം വിനോദസഞ്ചാരികള്‍ക്കായി ഒരുങ്ങുന്നു

കല്‍പറ്റ: വെള്ളമുണ്ട പഞ്ചായത്തിലെ പുളിഞ്ഞാല്‍-നെല്ലിക്കച്ചാല്‍ മലയോരം വിനോദസഞ്ചാര കേന്ദ്രമാകാന്‍ ഒരുങ്ങുന്നു. ഇതിനുള്ള സാധ്യതാപഠനത്തിന് ജില്ലാപഞ്ചായത്തിന്‍െറ നേതൃത്വത്തില്‍ നടപടി തുടങ്ങി. ബാണാസുര ഗുഹ, നെല്ലിക്കച്ചാല്‍ (മീന്‍മുട്ടി) വെള്ളച്ചാട്ടം, ചിറപ്പുല്ല് ട്രക്കിങ്, പുളിഞ്ഞാല്‍ വ്യൂ പോയന്‍റ് എന്നിവ കോര്‍ത്തിണക്കുന്ന പരിസ്ഥിതി സൗഹൃദ പദ്ധതിയാണ് പ്രഥമഘട്ടത്തില്‍ പരിഗണിക്കുന്നത്. വെള്ളമുണ്ട പഞ്ചായത്തിലെ 21ാം വാര്‍ഡിലാണ് ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന പുളിഞ്ഞാല്‍, നെല്ലിക്കച്ചാല്‍ മലയോരമുള്ളത്. ചിറപ്പുല്ല് പ്രദേശത്ത് വനംവകുപ്പിന്‍െറ അനുമതിയോടെ ഏഴുകിലോ മീറ്റര്‍ നിലവില്‍ ട്രക്കിങ് അനുമതിയുണ്ട്. ജനപ്രതിനിധികള്‍, പ്രകൃതി സ്നേഹികള്‍, ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നവര്‍ അടങ്ങിയ 13 അംഗ സംഘം പ്രദേശം സന്ദര്‍ശിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.കെ. അസ്മത്ത്, ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ എ. ദേവകി, വെള്ളമുണ്ട പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ആന്‍ഡ്രൂസ് ജോസഫ്, വാര്‍ഡ് മെംബര്‍ എം.സി. ഇബ്രാഹിം, കുടുംബശ്രീ ജില്ലാ മിഷന്‍ കോഓഡിനേറ്റര്‍ പി.പി. മുഹമ്മദ്, സി.പി. മൊയ്തുഹാജി, കെ.എം. അബ്ദുല്ല, കേളോത്ത് അബ്ദുല്ല, അബ്ദുല്ല ദാരിമി, പടയന്‍ മമ്മുട്ടി, കമ്പ ആലി, ജോസഫ് (പാപ്പച്ചന്‍), റെജി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. സഞ്ചാരികളെ ആകര്‍ഷിക്കാനാവശ്യമായ പ്രകൃതിസംരക്ഷണം ഉറപ്പാക്കി തൂക്കുപാലം നിര്‍മിക്കാനും പദ്ധതിയുണ്ട്. വഴിയോരങ്ങളില്‍ പൂമരം വെച്ചുപിടിപ്പിക്കുന്നതോടൊപ്പം പ്ളാസ്റ്റിക് വിമുക്ത മേഖലയാക്കാനും പദ്ധതിയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.