വയനാട് റെയില്‍വേ യാഥാര്‍ഥ്യത്തിലേക്ക്

സുല്‍ത്താന്‍ ബത്തേരി: ഒന്നേകാല്‍ നൂറ്റാണ്ടിന്‍െറ കാത്തിരിപ്പിനറുതി. നരേന്ദ്രമോദി സര്‍ക്കാറിന്‍െറ രണ്ടാമത്തെ സമ്പൂര്‍ണ റെയില്‍വേ ബജറ്റ് വ്യാഴാഴ്ച പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചപ്പോള്‍ വയനാടിന്‍െറ റെയില്‍വേ സ്വപ്നത്തിന് കരുത്തേകി നഞ്ചന്‍കോട്-വയനാട്-നിലമ്പൂര്‍ പാതക്ക് അനുമതി നല്‍കി. മലബാറിന്‍െറയും പ്രത്യേകിച്ച് വയനാടിന്‍െറയും വികസനത്തിന് റെയില്‍പാത കരുത്താവും. ദേശീയപാത ആന്‍ഡ് റെയില്‍വേ ആക്ഷന്‍ കമ്മിറ്റിയുടെ കര്‍മനൈരന്തര്യമാണ് പാത യാഥാര്‍ഥ്യമാക്കുന്നതില്‍ ശ്രദ്ധേയമായ പങ്കുവഹിച്ചത്. നിലമ്പൂര്‍-സുല്‍ത്താന്‍ ബത്തേരി-നഞ്ചന്‍കോട് റെയില്‍വേപാതക്ക് അനുമതിനല്‍കിയ കേന്ദ്രസര്‍ക്കാറിനെയും അതിന് സാഹചര്യമൊരുക്കിയ സംസ്ഥാന സര്‍ക്കാറിനെയും നീലഗിരി-വയനാട് എന്‍.എച്ച് ആന്‍ഡ് റെയില്‍വേ ആക്ഷന്‍ കമ്മിറ്റി അഭിനന്ദിച്ചു. ആക്ഷന്‍ കമ്മിറ്റിയുടെ നാലുവര്‍ഷം നീണ്ട പ്രവര്‍ത്തനങ്ങളാണ് വിജയകരമായ പരിസമാപ്തിയിലത്തെിയത്. 2004ല്‍ സര്‍വേ നടത്തി 234 കി.മീ. ദൂരവും ആറുശതമാനം നഷ്ടവും രേഖപ്പെടുത്തി 2010ല്‍ പ്ളാനിങ് കമീഷന്‍ ഉപേക്ഷിച്ച നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍വേപാത പദ്ധതി വീണ്ടും പരിഗണനക്കെടുപ്പിക്കാന്‍ ആക്ഷന്‍ കമ്മിറ്റിക്ക് കഴിഞ്ഞു. 2013ല്‍ ഈ പാതക്കുവേണ്ടി റെയില്‍വേയെക്കൊണ്ട് വീണ്ടും സര്‍വേ നടത്തിച്ച് പാത നഷ്ടമാകില്ളെന്ന് തെളിയിച്ചു. ആക്ഷന്‍ കമ്മിറ്റിയുടെ ശ്രമഫലമായാണ് പുതിയ അലൈന്‍മെന്‍റും പാത സംബന്ധിച്ച റിപ്പോര്‍ട്ടും തയാറാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഡോ. ഇ. ശ്രീധരനെ ചുമതലപ്പെടുത്തിയത്. അദ്ദേഹം പാതയുടെ ദൂരം 154 കി.മീ ആയി കുറച്ചപ്പോള്‍ 2000 കോടിയിലധികം രൂപയാണ് ചെലവുകുറഞ്ഞത്. ഈ പാതയുടെ ചെലവിന്‍െറ പകുതി ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാറിനെക്കൊണ്ട് തീരുമാനമെടുപ്പിക്കാനും ആക്ഷന്‍ കമ്മിറ്റിക്ക് കഴിഞ്ഞു. സംസ്ഥാനത്തിന്‍െറ ചരിത്രത്തിലാദ്യമായാണ് ഒരു റെയില്‍വേപാതക്ക് പകുതിചെലവ് വഹിക്കാന്‍ തീരുമാനിക്കുന്നത്. 2013-14ലെ സംസ്ഥാന ബജറ്റില്‍ നിലമ്പൂര്‍-സുല്‍ത്താന്‍ ബത്തേരി-നഞ്ചന്‍കോട് പാതയുടെ പ്രാരംഭച്ചെലവുകള്‍ക്കായി അഞ്ചുകോടി രൂപ അനുവദിച്ചിരുന്നു. കമ്പനി രൂപവത്കരിച്ച് നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍വേപാത നടപ്പാക്കണമെന്ന ആവശ്യം ആദ്യമായി ഉന്നയിച്ചത് ആക്ഷന്‍ കമ്മിറ്റിയാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളെക്കൊണ്ട് ഈ ആവശ്യം അംഗീകരിപ്പിക്കാനും ആക്ഷന്‍ കമ്മിറ്റിക്ക് സാധിച്ചു. സംസ്ഥാനം 51 ശതമാനം വിഹിതത്തോടെ റെയില്‍വേ പദ്ധതികള്‍ക്കായി കമ്പനി രൂപവത്കരിക്കാന്‍ 27-1-16ന് കേന്ദ്രവുമായി ധാരണാപത്രം (എം.ഒ.യു) ഒപ്പിട്ടു. എം.ഒ.യു പ്രകാരം മുന്‍ഗണനനല്‍കി നടപ്പാക്കേണ്ട പദ്ധതികളായി നിലമ്പൂര്‍-സുല്‍ത്താന്‍ ബത്തേരി-നഞ്ചന്‍കോട് പാതയെയും ശബരി പാതയേയും 2016-17ലെ ബജറ്റില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ച് പ്രാരംഭവിഹിതമായി ഒരുകോടി രൂപ വകയിരുത്തി. ഉപേക്ഷിക്കപ്പെട്ടിരുന്ന ഒരു സ്വപ്നത്തെ വയനാടിന്‍െറ വികാരമാക്കി മാറ്റിയത് നീലഗിരി-വയനാട് എന്‍.എച്ച് ആന്‍ഡ് റെയില്‍വേ ആക്ഷന്‍ കമ്മിറ്റിയാണ്. കൊച്ചിയില്‍നിന്ന് ഏഴുമണിക്കൂര്‍ കൊണ്ട് ബംഗളൂരുവിലത്തൊവുന്ന ഈ പാത കേരളത്തിന്‍െറ പ്രധാന വികസന ആവശ്യമാണ്. മൈസൂരു ചേംബര്‍ ഓഫ് കോമേഴ്സും കര്‍ണാടക ചേംബര്‍ ഓഫ് കോമേഴ്സും ഈ റെയില്‍വേപാതക്കുവേണ്ടി ശക്തമായ നിലപാടുകളെടുത്തു. നിലമ്പൂര്‍-സുല്‍ത്താന്‍ ബത്തേരി-നഞ്ചന്‍കോട് റെയില്‍വേപാത യാഥാര്‍ഥ്യമാക്കാന്‍ സഹായിച്ചവര്‍ക്ക് ആക്ഷന്‍ കമ്മിറ്റി പ്രത്യേകനന്ദി രേഖപ്പെടുത്തി. ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ അഡ്വ. ടി.എം. റഷീദ്, സെക്രട്ടറി വിനയകുമാര്‍ അഴിപ്പുറത്ത്, അഡ്വ. പി. വേണുഗോപാല്‍, പി.വൈ. മത്തായി, വി. മോഹനന്‍, എം.എ. അസൈനാര്‍, ഫാ. ടോണി കോഴിമണ്ണില്‍, ഒ.കെ. മുഹമ്മദ്, മോഹന്‍ നവരംഗ്, ജോസ് കപ്യാര്‍മല, റാംമോഹന്‍, ജോയിച്ചന്‍ വര്‍ഗീസ്, ഷംസാദ്, നാസര്‍ കാസിം, കുഞ്ഞിരാമന്‍, അനില്‍ മാസ്റ്റര്‍, ഡോ. തോമസ് മോടിശ്ശേരി, അനില്‍ ജയ, ഡോ. ഗഫൂര്‍ കക്കോടന്‍, ഇ.പി. മുഹമ്മദാലി, കല്‍ദൂന്‍, സല്‍മാന്‍, ജേക്കബ് ബത്തേരി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.