മാനന്തവാടി: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിന് കീഴില്‍ തൊണ്ടര്‍നാട് കോറോം ആസ്ഥാനമായി പുതിയ സെക്ഷന്‍ ഓഫിസും സബ് എന്‍ജിനീയര്‍ ഓഫിസും അനുവദിച്ചതായി പട്ടികവര്‍ഗക്ഷേമ-യുവജനകാര്യ വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മി അറിയിച്ചു. വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ വിഭജിച്ചാണ് കോറോത്ത് സെക്ഷന്‍ ഓഫിസ് സ്ഥാപിക്കുന്നത്. തവിഞ്ഞാല്‍ പഞ്ചായത്തിലെ ചില പ്രദേശങ്ങളെയും മാനന്തവാടി സെക്ഷനുകീഴിലെ ചില പ്രദേശങ്ങളെയും വെള്ളമുണ്ട സെക്ഷനുകീഴിലെ തൊണ്ടര്‍നാട് പ്രദേശത്തെയും ഉള്‍പ്പെടുത്തിയാണ് പുതിയ സെക്ഷന്‍ വരുന്നത്. 72 ചതുരശ്ര കി.മീറ്ററിനുള്ളില്‍ ഏകദേശം 12,600 ഉപഭോക്താക്കളായിരിക്കും പുതുതായി അനുവദിച്ച കോറോം സെക്ഷനു കീഴില്‍ ഉണ്ടാവുക. ഇതുസംബന്ധിച്ച ബോര്‍ഡ് തീരുമാനത്തിന്‍െറ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസം കെ.എസ്.ഇ.ബി ഉത്തരവ് പുറപ്പെടുവിച്ചു. കേരളത്തില്‍ 30 പുതിയ സെക്ഷന്‍ ഓഫിസുകള്‍ ആരംഭിക്കുന്നതില്‍ വയനാട് ജില്ലയില്‍ കോറോത്ത് മാത്രമാണ് പുതിയ സെക്ഷന്‍ ഓഫിസ്. മാനന്തവാടി ഇലക്ട്രിക്കല്‍ ഡിവിഷനുകീഴിലെ ഏറ്റവും വലിയ സെക്ഷന്‍ ഓഫിസായ വെള്ളമുണ്ടയില്‍ 197 ചതുരശ്ര കി.മീറ്ററിനുള്ളില്‍ 18,256 ഉപഭോക്താക്കളാണുള്ളത്. 120 കി.മീറ്റര്‍ ഹൈടെന്‍ഷന്‍ ലൈനും 663 കി.മീറ്റര്‍ ലോ ടെന്‍ഷന്‍ ലൈനും 93 ട്രാന്‍സ്ഫോര്‍മറുകളും ഉള്‍പ്പെടുന്ന സെക്ഷനായിരുന്നു ഇത്. തൊണ്ടര്‍നാട് പഞ്ചായത്തിലെ നിരവധി ആദിവാസി കുടുംബങ്ങളുള്‍പ്പെടെ 9000ത്തോളം പേര്‍ 20 കി.മീറ്റര്‍ അകലെയുള്ള ഓഫിസുമായാണ് ബന്ധപ്പെട്ടുകൊണ്ടിരുന്നത്. ഇവിടങ്ങളില്‍ വൈദ്യുതി തകരാര്‍ സംഭവിക്കുമ്പോള്‍ സമയബന്ധിതമായി പരിഹരിക്കുന്നതിനും കാലതാമസം നേരിട്ടിരുന്നു. ഇത് പരിഹരിക്കുന്നതിന് കോറോം ആസ്ഥാനമായി സെക്ഷന്‍ ഓഫിസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് തൊണ്ടര്‍നാട് പഞ്ചായത്തും പൊതുജനങ്ങളും വകുപ്പ് മന്ത്രിക്കും മുഖ്യമന്ത്രിക്കും നിവേദനങ്ങള്‍ നല്‍കിയിരുന്നു. നിയോജകമണ്ഡലം എം.എല്‍.എ കൂടിയായ മന്ത്രി പി.കെ. ജയലക്ഷ്മിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ഇപ്പോള്‍ സെക്ഷന്‍ ഓഫിസ് അനുവദിച്ചത്. മന്ത്രിയുടെ വിവാഹദിവസം വാളാട്ടെ വീട്ടിലത്തെിയ വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദ് പുതിയ സെക്ഷന്‍ ഓഫിസ് പ്രഖ്യാപിച്ചിരുന്നെങ്കിലും ചുവപ്പുനാടകളില്‍ കുരുങ്ങി അന്തിമ ഉത്തരവിന് ഒമ്പതുമാസം കാത്തിരിക്കേണ്ടിവന്നു. സ്ഥല സൗകര്യത്തിന്‍െറ ലഭ്യത അനുസരിച്ച് സെക്ഷന്‍ ഓഫിസ് ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുന്നതിന് കെ.എസ്.ഇ.ബി നടപടി ആരംഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിനുമുമ്പ് സെക്ഷന്‍ ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പത്രക്കുറിപ്പില്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.