ബജറ്റിലെ ആദിവാസി പാക്കേജ് വെറുതെ –വൃന്ദ കാരാട്ട്

കല്‍പറ്റ: ആദിവാസികള്‍ക്കായി ഉമ്മന്‍ ചാണ്ടി ബജറ്റില്‍ പ്രഖ്യാപിച്ച പാക്കേജ് ഗ്യാസ് ബലൂണാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് പറഞ്ഞു. ഭൂവിതരണത്തിലും ക്ഷേമപദ്ധതി നടത്തിപ്പിലും സര്‍ക്കാര്‍ ആദിവാസികളെ വഞ്ചിച്ചതില്‍ പ്രതിഷേധിച്ച് എ.കെ.എസ് നേതൃത്വത്തില്‍ നടത്തിയ കലക്ടറേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. കഴിഞ്ഞ അഞ്ച് വര്‍ഷം സോളാറിനെക്കുറിച്ച് മാത്രം സ്വപ്നം കാണുകയായിരുന്ന ഉമ്മന്‍ ചാണ്ടി തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഞെട്ടിയുണര്‍ന്ന് പ്രഖ്യാപിച്ച പാക്കേജില്‍ വാഗ്ദാനം മാത്രമാണുള്ളത്. അവയൊന്നും നടപ്പാകുന്നവയല്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ആദിവാസികളുടെ ജീവിതം ദുരിതത്തിലാഴ്ത്തിയതായി അവര്‍ പറഞ്ഞു. ആദിവാസി കുട്ടികള്‍ പോഷകാഹാര കുറവുമൂലം മരിക്കുന്നു. ഗര്‍ഭിണികളും അമ്മമാരും കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ അനുഭവിക്കുന്നു. ആദിവാസി ക്ഷേമത്തിനായി സര്‍ക്കാര്‍ ഫണ്ട് വകയിരുത്തുന്നില്ല. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ 5000ല്‍പരം ആദിവാസികള്‍ക്ക് ഭൂമി നല്‍കിയപ്പോള്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ 250 പേര്‍ക്ക് മാത്രമാണ് ഭൂമി വിതരണം ചെയ്തത്. വയനാട്ടില്‍ 30,000ല്‍പരം ആദിവാസി കുടുംബങ്ങളും അര ഏക്കറില്‍ താഴെ മാത്രം ഭൂമിയുള്ളവരാണ്. നരേന്ദ്ര മോദി സര്‍ക്കാര്‍ നയംമൂലം രാജ്യത്തെ ആദിവാസികള്‍ ദുരിതത്തിലാണ്. ഭൂരഹിത ആദിവാസികള്‍ക്ക് ഭൂമി നല്‍കുക, വനാവകാശനിയമം ഭേദഗതി ചെയ്ത് വനഭൂമിയില്‍ താമസിക്കുന്നവര്‍ക്ക് ഭൂമി നല്‍കുക, ഭൂമിയുള്ള ആദിവാസികള്‍ക്ക് കൃഷിയിറക്കാന്‍ സര്‍ക്കാര്‍ സഹായം നല്‍കുക, മുഴുവന്‍ പഞ്ചായത്തുകളിലും ട്രൈബല്‍ റസിഡന്‍ഷ്യല്‍ വിദ്യാലയങ്ങള്‍ ആരംഭിക്കുക, താലൂക്ക് കേന്ദ്രങ്ങളില്‍ പോസ്റ്റ് മെട്രിക് ഹോസ്റ്റലുകള്‍ ആരംഭിക്കുക, തൊഴില്‍ മേഖലയില്‍ ആദിവാസികള്‍ക്ക് 17 ശതമാനം സംവരണം നല്‍കുക, ആദിവാസിഭവന നിര്‍മാണം പൂര്‍ത്തിയാക്കുക, പണിയ-അടിയ-ഊരാളി വിഭാഗത്തെ പി.വി.ടി.ജി ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ സമരക്കാര്‍ ഉന്നയിച്ചു. പ്രസിഡന്‍റ് സീത ബാലന്‍ അധ്യക്ഷത വഹിച്ചു. എ.കെ.എസ് സംസ്ഥാന സെക്രട്ടറി വിദ്യാധരന്‍ കാണി, പ്രസിഡന്‍റ് കെ.സി. കുഞ്ഞിരാമന്‍, സി.പി.എം ജില്ല സെക്രട്ടറി സി.കെ. ശശീന്ദ്രന്‍, സംസ്ഥാന കമ്മറ്റി അംഗം പി.എ. മുഹമ്മദ്, ഇ.എ. ശങ്കരന്‍ എന്നിവര്‍ സംസാരിച്ചു. എ.കെ.എസ് ജില്ല സെക്രട്ടറി പി. വാസുദേവന്‍ സ്വാഗതവും ഒ.ആര്‍. കേളു നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.