ആദിവാസികള്‍ക്ക് ഭൂമി: സമരം ശക്തമാക്കുന്നു

പുല്‍പള്ളി: ഭൂരഹിത ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമി ലഭ്യമാക്കുമെന്ന അധികൃതരുടെ ഉറപ്പുകള്‍ പാലിക്കപ്പെടാതായതോടെ ആദിവാസി സംഘടനകള്‍ ഭൂമിക്കുവേണ്ടിയുള്ള സമരം ശക്തമാക്കുന്നു. നാല് വര്‍ഷം മുമ്പാണ് ജില്ലയിലെ വിവിധ വനമേഖലകളില്‍ ആദിവാസി ക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ ഭൂരഹിതരായ ആദിവാസി കുടുംബങ്ങള്‍ നിക്ഷിപ്ത വനഭൂമിയില്‍ കുടില്‍കെട്ടി സമരം ആരംഭിച്ചത്. വയനാട്ടില്‍ 19 കേന്ദ്രങ്ങളിലാണ് കുടില്‍കെട്ടി ആദിവാസി കുടുംബങ്ങള്‍ അവകാശം സ്ഥാപിച്ചത്. 500ഓളം കുടിലുകളുള്ള പൂതാടി പഞ്ചായത്തിലെ ചീയമ്പമാണ് ഏറ്റവും വലിയ ഭൂസമര കേന്ദ്രം. സമരത്തിന്‍െറ ആദ്യഘട്ടത്തില്‍ ഇവരെ കുടിയൊഴിപ്പിച്ചിരുന്നു. അറസ്റ്റ് ചെയ്ത് ജയിലിലടച്ച ഇവര്‍ ജയില്‍ മോചിതരായ ശേഷവും തങ്ങള്‍ കൈയേറിയ ഭൂമിയില്‍തന്നെ കുടില്‍കെട്ടി വീണ്ടും അവകാശം സ്ഥാപിച്ചു. ജില്ലയില്‍ പലതവണ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും എത്തിയപ്പോഴും ഇവരുടെ പ്രശ്നങ്ങള്‍ അറിയിച്ചിരുന്നു. എന്നാല്‍, പ്രശ്നം പരിഹരിക്കുമെന്ന് ഉറപ്പുനല്‍കിയതല്ലാതെ മറ്റ് നടപടികള്‍ ഉണ്ടായില്ല. തകര്‍ന്നടിയാറായ കൂരകളിലാണ് കുഞ്ഞുങ്ങളും വയോജനങ്ങളുമടക്കം കഴിയുന്നത്. വന്യജീവി ശല്യവും രൂക്ഷമാണ് പലയിടത്തും. ദുരിതങ്ങള്‍ക്ക് നടുവിലാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നുമത്തെിയ ആദിവാസി കുടുംബങ്ങള്‍ കഴിയുന്നത്. കൂലിപ്പണിയും മറ്റും കിട്ടാതെ പല കുടുംബങ്ങളും ബുദ്ധിമുട്ടുന്നു. തുണ്ടു ഭൂമിക്കുവേണ്ടിയുള്ള സമരത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ഈ കുടുംബങ്ങളെല്ലാം. ഭൂരഹിത കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ ഭൂമി നല്‍കണമെന്നാണ് പ്രധാന ആവശ്യം. വനാവകാശ നിയമം ഭേദഗതി ചെയ്ത് വനഭൂമിയില്‍ താമസിക്കുന്നവര്‍ക്ക് ഭൂമി നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് തിങ്കളാഴ്ച എ.കെ.എസിന്‍െറ നേതൃത്വത്തില്‍ ആദിവാസികള്‍ കലക്ടറേറ്റ് വളയല്‍ സമരം നടത്തി. ഭൂമി ലഭ്യമാക്കുംവരെ സമരരംഗത്ത് അടിയുറച്ചുനില്‍ക്കാനാണ് ഭൂസമര കേന്ദ്രങ്ങളില്‍നിന്നുള്ളവരുടെ തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.