തെരഞ്ഞെടുപ്പ് അരികെ; ശക്തിയാകാന്‍ കഴിയാതെ കര്‍ഷക സംഘടനകള്‍

പനമരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോഴും വന്‍ ശക്തിയാകാന്‍ കഴിയാതെ കര്‍ഷക സംഘടനകള്‍. പ്രതാപകാലം വീണ്ടെടുക്കുമെന്ന് നേതാക്കള്‍ പറയുന്നുണ്ടെങ്കിലും ഒന്നും നടക്കുന്നില്ല. ഫാര്‍മേഴ്സ് റിലീഫ് ഫോറം, ഹരിതസേന, ഇന്‍ഫാം എന്നിങ്ങനെയുള്ള സ്വതന്ത്ര കര്‍ഷക സംഘടനകള്‍ ജില്ലയില്‍ ഏറെ സജീവമായിരുന്ന കാലമുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കര്‍ഷകസംഘടനകള്‍ ഏറെ തലവേദന ഉണ്ടാക്കി. അതിനാല്‍, കര്‍ഷക നേതാക്കളുമായി ചര്‍ച്ച നടത്താന്‍ വിവിധ പാര്‍ട്ടി നേതാക്കള്‍ നിര്‍ബന്ധിതരായിരുന്നു. 2000ത്തിനുശേഷമാണ്് കര്‍ഷക സംഘടനകള്‍ വിലപേശല്‍ ശക്തിയാക്കിയത്. കാര്‍ഷികോല്‍പന്ന വിലയിടിവ്, ബാങ്കുകളുടെ ചൂഷണം എന്നിവയൊക്കെ കര്‍ഷകരെ സംഘടനകളിലേക്ക് ആകര്‍ഷിച്ചു. തുടര്‍ന്ന് അഞ്ചു വര്‍ഷത്തിനുശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ മൂന്നു മണ്ഡലങ്ങളിലും കര്‍ഷക സംഘടനകള്‍ക്ക് സ്ഥാനാര്‍ഥികളുണ്ടായി. സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ മത്സരിച്ച ഫാര്‍മേഴ്സ് റിലീഫ് ഫോറം സംസ്ഥാന ചെയര്‍മാന്‍ എ.സി. വര്‍ക്കി പതിനായിരത്തിലേറെ വോട്ടുകള്‍ നേടി ശക്തി തെളിയിച്ചു. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷമാണ് കേന്ദ്ര സര്‍ക്കറിന്‍െറ കടം എഴുതിത്തള്ളല്‍ ഉണ്ടായത്. അതോടെ കര്‍ഷക സംഘടനകളുടെ നിലനില്‍പ് പ്രതിസന്ധിയിലായി. കടക്കെണിയിലായി കര്‍ഷക സംഘടനകളില്‍ അഭയം പ്രാപിച്ച കര്‍ഷകര്‍ കടം എഴുതിത്തള്ളിയതോടെ സംഘടനകളോട് വലിയ താല്‍പര്യം കാണിച്ചില്ല. ഇതാണ് അണികള്‍ കുറയാന്‍ കാരണമായത്. എഴുതിത്തള്ളലിന്‍െറ ഫലമായി ബാങ്കുകള്‍ ജപ്തിയും മറ്റും പെട്ടെന്ന് നിര്‍ത്തിവെച്ചു. ജപ്തി തടയല്‍ സമരങ്ങളില്‍ സജീവമായിരുന്ന സംഘടനകള്‍ അതില്‍നിന്ന് പിറകോട്ട് പോകുകയും ചെയ്തു. സമരങ്ങളില്‍നിന്നു പിന്നാക്കം പോയതോടെ പുതിയ അണികളെ ആകര്‍ഷിക്കുന്ന കാര്യത്തിലും സംഘടനകള്‍ പരാജയപ്പെട്ടു. ആവശ്യം കഴിഞ്ഞപ്പോള്‍ കര്‍ഷകര്‍ തിരിച്ചുപോയതാണ് ഫാര്‍മേഴ്സ് റിലീഫ് ഫോറത്തിന് ക്ഷീണമായതെന്ന് സംഘടനയുടെ ഇപ്പോഴത്തെ സംസ്ഥാന കണ്‍വീനര്‍ എന്‍.ജെ. ചാക്കോ പറഞ്ഞു. എന്നാലും ജില്ലയില്‍ 10,000ത്തിലേറെ അംഗങ്ങള്‍ എഫ്.ആര്‍.എഫിന് ഇപ്പോഴും ഉണ്ട്. പനമരത്തും പുല്‍പ്പള്ളിയിലും എഫ്.ആര്‍.എഫിന് ശക്തികേന്ദ്രങ്ങളുണ്ട്. പഴയപോലെ വിലപേശാന്‍ ഇത്തവണ ഇല്ളെന്നാണ് എഫ്.ആര്‍.എഫ് നേതാക്കള്‍ പറയുന്നത്. റബര്‍ വിലയിടിവിന്‍െറ കാര്യം ഉന്നയിച്ച് ഇന്‍ഫാം ഇപ്പോള്‍ രംഗത്തുണ്ടെങ്കിലും പഴയ വീര്യമില്ല. അതിനാല്‍, രാഷ്ട്രീയ പാര്‍ട്ടികളുമായി ഒരു വിലപേശലിന് ഇന്‍ഫാമും തയാറാകാനിടയില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.