ബോണസ് പ്രശ്നം: എച്ച്.എം.എല്‍ ഓഫിസിലേക്ക് സി.ഐ.ടി.യു മാര്‍ച്ച്

കല്‍പറ്റ: ബോണസ് വിഷയത്തില്‍ എച്ച്.എം.എല്‍ കമ്പനി തൊഴിലാളിദ്രോഹ നടപടിയാണ് സ്വീകരിക്കുന്നതെന്നും ഇതില്‍ പ്രതിഷേധിച്ച് കമ്പനിയുടെ ഓഫിസിലേക്ക് തൊഴിലാളികള്‍ മാര്‍ച്ച് നടത്തുമെന്നും വയനാട് എസ്റ്റേറ്റ് ലേബര്‍ യൂനിയന്‍ (സി.ഐ.ടി.യു) ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഈമാസം 11ന് ചുണ്ടേല്‍ ഓഫിസിലേക്കാണ് മാര്‍ച്ച്. ഏകപക്ഷീയമായി കഴിഞ്ഞ സെപ്റ്റംബറില്‍ 8.33 ശതമാനം മാത്രം മിനിമം ബോണസ് പ്രഖ്യാപിച്ച് തൊഴിലാളികള്‍ക്ക് കുറഞ്ഞ ആനുകൂല്യം നല്‍കാനാണ് കമ്പനിയുടെ തീരുമാനം. ഇതിനെതിരെ കഴിഞ്ഞ സെപ്റ്റംബറില്‍ അനിശ്ചിതകാല പണിമുടക്കുള്‍പ്പെടെ നടത്തിയിരുന്നു. ഇതിനുശേഷം വയനാട് ജില്ലയിലെ 90 ശതമാനം തോട്ടങ്ങളിലും 20 ശതമാനമോ കഴിഞ്ഞ വര്‍ഷം നല്‍കിയതോ ആയ ബോണസ് കൊടുക്കാന്‍ മാനേജ്മെന്‍റുകള്‍ തയാറായിരുന്നു. എന്നാല്‍, 8.33 ശതമാനം ബോണസ് വാങ്ങി ലേബര്‍ കമീഷണര്‍ക്ക് പരാതി നല്‍കാമെന്ന ചില തൊഴിലാളി യൂനിയനുകളുടെ നയം തൊഴിലാളിവഞ്ചനയാണ്. 20 ശതമാനം ബോണസ് തന്നെ വേണമെന്ന ഉറച്ച നിലപാടാണ് സി.ഐ.ടി.യു എടുത്തത്. ഇതിന്‍െറ ഭാഗമായി മന്ത്രിസഭാ ഉപസമിതി യോഗം ചേര്‍ന്ന് പ്രശ്നം പരിഹരിക്കുമെന്ന് മാനേജ്മെന്‍റും സര്‍ക്കാറും ഉറപ്പുനല്‍കിയിരുന്നതാണ്. കാലാവധി കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും പ്രശ്നം പരിഹരിക്കാന്‍ മാനേജ്മെന്‍റ് തയാറാകുന്നില്ല. ഇതിനെതിരെയാണ് ഈമാസം അഞ്ചുമുതല്‍ യൂനിയന്‍ ജന. സെക്രട്ടറി പി. ഗഗാറിന്‍ എച്ച്.എം.എല്‍ ചുണ്ടേല്‍ ഓഫിസിന് മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹം നടത്തുന്നത്. ജില്ലയിലെ 18 ഡിവിഷനുകളിലെ ആറായിരത്തോളം തൊഴിലാളികളാണ് സമരരംഗത്തുള്ളത്. സത്യഗ്രഹം ഒത്തുതീര്‍പ്പാക്കാത്ത നടപടിയില്‍ പ്രതിഷേധിച്ചും ബോണസ് വാഗ്ദാനം ചെയ്തപ്രകാരം നല്‍കണമെന്ന് ആവശ്യപ്പെട്ടുമാണ് 11ന് മാര്‍ച്ചും ധര്‍ണയും നടത്തുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു. പ്രസിഡന്‍റ് സി. ഭാസ്കരന്‍, ട്രഷറര്‍ സി.എച്ച്. മമ്മി, സെക്രട്ടറി കെ.ടി. ബാലകൃഷ്ണന്‍, വൈസ് പ്രസിഡന്‍റ് യു. കരുണന്‍, സി. പ്രഭാകരന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.