പനമരം-ബത്തേരി റൂട്ടിലെ മത്സരയോട്ടം : നടവയലില്‍ നാട്ടുകാര്‍ ബസ് തടഞ്ഞു

പനമരം: മാനന്തവാടി-പനമരം-സുല്‍ത്താന്‍ ബത്തേരി റൂട്ടില്‍ വീണ്ടും കെ.എസ്.ആര്‍.ടി.സി എത്തിയതോടെ മത്സരയോട്ടവും തുടങ്ങി. ഇതിനെതിരെ തിങ്കളാഴ്ച നടവയലില്‍ നാട്ടുകാര്‍ സംഘടിച്ച് നിരവധി സ്വകാര്യ ബസുകള്‍ തടഞ്ഞു. ഇതില്‍ പ്രതിഷേധിച്ച ് സ്വകാര്യ ബസുകാര്‍ പണിമുടക്കി. 23 സ്വകാര്യ ബസുകള്‍ സര്‍വിസ് നടത്തുന്ന റൂട്ടിലേക്കാണ് 10 കെ.എസ്.ആര്‍.ടി.സി ബസുകളത്തെിയത്. കെ.എസ്.ആര്‍.ടി.സി ബസുകളുടെ മുന്നിലും പിറകിലുമായാണ് സ്വകാര്യ ബസുകള്‍ ഓടുന്നത്. പിറകെവരുന്ന സ്വകാര്യ ബസുകള്‍ക്ക് ഇതിന്‍െറ ഗുണം ലഭിക്കും. മൂന്നുമാസം മുമ്പ് കെ.എസ്.ആര്‍.ടി.സിക്ക് അടിതെറ്റിയത് ഈ രീതിയിലായിരുന്നു. തുടര്‍ന്ന് സര്‍വിസുകള്‍ പിന്‍വലിച്ചു. പാസഞ്ചേഴ്സ് അസോസിയേഷന്‍െറ നേതൃത്വത്തിലാണ് നടവയലില്‍ നാട്ടുകാര്‍ രംഗത്തിറങ്ങിയത്. കെ.എസ്.ആര്‍.ടി.സിക്ക് പിറകിലും മുന്നിലുമായി ഓടിയ രണ്ടു ബസുകള്‍ നാട്ടുകാര്‍ തടഞ്ഞിട്ടു. നാട്ടുകാരുടെ നടപടിയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ഉച്ചക്ക് മൂന്നു മണിയോടെയാണ് സ്വകാര്യ ബസുകള്‍ സമരം തുടങ്ങിയത്. എല്ലാ ബസുകളും ഓട്ടം നിര്‍ത്തിവെച്ചു. സ്വകാര്യ ബസുകള്‍ സമരം തുടങ്ങിയതോടെ കെ.എസ്.ആര്‍.ടി.സി ആറു ബസുകള്‍ കൂടി ഇറക്കി. ഇത് യാത്രക്കാര്‍ക്ക് ആശ്വാസമായി. രണ്ടു ദിവസം മുമ്പ് കേണിച്ചിറയിലും നാട്ടുകാര്‍ സ്വകാര്യ ബസുകള്‍ തടഞ്ഞിരുന്നു. ആര്‍.ടി.ഒ അനുവദിച്ച സമയത്തുമാത്രമേ ബസുകളോടിക്കാന്‍ അനുവദിക്കൂവെന്നാണ് നാട്ടുകാരുടെ കൂട്ടായ്മകള്‍ പറയുന്നത്. നടവയലിലെ നാട്ടുകാര്‍ കഴിഞ്ഞദിവസം ആര്‍.ടി.ഒയില്‍നിന്ന് ടൈം ഷീറ്റ് വാങ്ങിയിട്ടുണ്ട്. സമയത്തിനോടിയാല്‍ എല്ലാ ബസുകള്‍ക്കും പത്ത് മിനിറ്റിലേറെ ഇടവേളയുണ്ടാകുമെന്ന് ടൈം ഷീറ്റ് വ്യക്തമാക്കുന്നു. എന്നിട്ടും മത്സരയോട്ടത്തിനും സമയം തെറ്റിക്കാനും ബസുകാര്‍ തയാറാകുന്നത് അമിത കലക്ഷനുണ്ടാക്കാനാണെന്ന് പാസഞ്ചേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു. ബാബു പരുവുമ്മല്‍, ഗ്രേഷ്യസ്, മനോജ് പാടിക്കുന്ന്, ഷിജു അയ്യര്‍ എന്നിവരുടെ നേതൃത്വത്തിലാണ് തിങ്കളാഴ്ച നടവയലില്‍ ബസ് തടഞ്ഞത്. ഇനിയുള്ള ദിവസങ്ങളിലും സമയം തെറ്റിയോടുന്ന ബസുകള്‍ തടയുമെന്ന് നടവയലിലെ നാട്ടുകാരുടെ കൂട്ടായ്മ വ്യക്തമാക്കി. കേണിച്ചിറയിലും നാട്ടുകാര്‍ പ്രതികരിക്കാനുള്ള ഒരുക്കത്തിലാണ്. അതിനാല്‍ ഇനിയുള്ള ദിവസങ്ങളില്‍ പ്രശ്നം രൂക്ഷമാകാനാണ് സാധ്യത.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.