ഫോറന്‍സിക് ഫലം വൈകുന്നു; കാട്ടുതീ അന്വേഷണം ഇഴയുന്നു

മാനന്തവാടി: വീണ്ടുമൊരു വേനല്‍ക്കാലമത്തെിയിട്ടും രണ്ടുവര്‍ഷം മുമ്പുണ്ടായ കാട്ടുതീയെ കുറിച്ചുള്ള അന്വേഷണം ഇഴയുന്നു. ഫോറന്‍സിക് ഫലം വൈകുന്നതുമൂലമാണ് അന്വേഷണം വൈകുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. 2014 മാര്‍ച്ച് 17 മുതലാണ് ഒരാഴ്ചയോളം വടക്കേ വയനാട് വനം ഡിവിഷനുകീഴിലെ തിരുനെല്ലി മേഖലയിലും ബന്ദിപ്പൂര്‍ വനമേഖലയിലും അസാധാരണമായ രീതിയില്‍ കാട്ടുതീയുണ്ടായത്. പ്രാഥമികാന്വേഷണത്തില്‍ തന്നെ കാട്ടുതീ മനുഷ്യനിര്‍മിതമാണെന്ന് വനംവകുപ്പ് കണ്ടത്തെിയിരുന്നു. ഇതേതുടര്‍ന്ന് 2014 ജൂലൈയില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.പി അശോകന്‍െറ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ഏറ്റെടുക്കുകയും കത്തിയ പ്രദേശങ്ങളിലെ മണ്ണിന്‍െറ സാമ്പ്ളുകള്‍ ശേഖരിക്കുകയും വനം ജീവനക്കാരുള്‍പ്പെടെയുള്ള നിരവധിപേരെ ചോദ്യം ചെയ്യുകയുമുണ്ടായി. എന്നിട്ടും തുമ്പുലഭിക്കാതായതോടെ കാട്ടുതീയുണ്ടായ ദിവസങ്ങളില്‍ പ്രദേശത്തെ ടവര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍, ഇതിലും കാര്യമായ പുരോഗതി ലഭിക്കാതായതോടെയാണ് ഫോറന്‍സിക് ഫലത്തെ ആശ്രയിക്കുന്നതില്‍ എത്തിനില്‍ക്കുന്നത്. 1300ഓളം ഹെക്ടര്‍ വനഭൂമിയാണ് അന്ന് കത്തിനശിച്ചത്. കോടിക്കണക്കിന് രൂപയുടെ വന്‍ മരങ്ങളും അപൂര്‍വ ഒൗഷധ സസ്യങ്ങളും സസ്തന ജീവികളുമെല്ലാം കരിഞ്ഞ് ചാമ്പലായിരുന്നു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്‍െറ പശ്ചാത്തലത്തില്‍ അതീവ പാരിസ്ഥിതിക ദുര്‍ബലപ്രദേശങ്ങളായി പ്രഖ്യാപിക്കുന്നതിനെതിരെയുള്ള പ്രക്ഷോഭം നടന്നുവരുന്നതിനിടയിലാണ് വ്യാപകമായ രീതിയില്‍ കാട് കത്തിനശിച്ചത്. തിരുവനന്തപുരം ഫോറന്‍സിക് ലാബിലാണ് മണ്ണുപരിശോധനക്കയച്ചത്. രണ്ടു വര്‍ഷമായിട്ടും ഫലം പുറത്തുവരാത്തതില്‍ അന്വേഷണം അട്ടിമറിക്കപ്പെടുന്നുവെന്ന ആരോപണത്തിന് ബലം കൂടുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.