പൊതുമരാമത്ത് വകുപ്പിന്‍െറ അനാസ്ഥ: മാനന്തവാടി നഗര വികസനം നിലച്ചു

മാനന്തവാടി: ഗതാഗതക്കുരുക്കുകൊണ്ട് പൊറുതിമുട്ടിയ മാനന്തവാടി നഗരവികസനം പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ നിരുത്തരവാദപരമായ പ്രവര്‍ത്തനംകൊണ്ട് നിലച്ചു. കോഴിക്കോട് റോഡില്‍ അമലോത്ഭമാത ദേവാലയത്തിന്‍െറ സ്ഥലം വീതി കൂട്ടി പാര്‍ക്കിങ് സൗകര്യം ഒരുക്കാനുള്ള പ്രവൃത്തിയാണ് പാതിവഴിയില്‍ നിലച്ചത്. 2010 നവംബര്‍ 16നാണ് അന്നത്തെ സബ് കലക്ടര്‍ എന്‍. പ്രശാന്തും ദേവാലയ വികാരി ഫാ. കെ.എസ്. ജോസഫും തമ്മിലുണ്ടാക്കിയ കരാര്‍ പ്രകാരം സ്ഥലം വിട്ടുനല്‍കിയത്. ഇതനുസരിച്ച് കാത്തലിക്ക് സിറിയന്‍ ബാങ്ക് മുതല്‍ പള്ളി ഗേറ്റ് വരെ അഞ്ച് മീറ്റര്‍ വീതിയില്‍ സ്ഥലം വിട്ട് നല്‍കും. ഇവിടെ മണ്ണെടുക്കുന്ന ഭാഗം മതില്‍കെട്ടി സംരക്ഷിക്കുകയും പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്താനുമായിരുന്നു തീരുമാനം. ഇതുപ്രകാരം രണ്ട് എസ്റ്റിമേറ്റുകളിലായി ഒരു കോടി രൂപ അനുവദിച്ചു. ഒന്നാംഘട്ടത്തില്‍ നൂറുമീറ്ററോളം സ്ഥലത്തെ മണ്ണ് നീക്കുകയും മതില്‍ നിര്‍മിക്കുകയും ചെയ്തു. നിര്‍മാണ ഘട്ടത്തില്‍ മണ്ണ് നീക്കുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ അന്നത്തെ ഒരു ഉദ്യോഗസ്ഥന്‍ സര്‍ക്കാറിലേക്ക് പ്രതികൂല റിപ്പോര്‍ട്ട് നല്‍കി. ഇതേതുടര്‍ന്ന് രണ്ടാം ഘട്ടത്തിന്‍െറ ഭരണാനുമതി റദ്ദാവുകയും ഫണ്ട് നഷ്ടപ്പെടുകയും ചെയ്തു. മണ്ണ് നീക്കിയ ഭാഗത്ത് നിലം കോണ്‍ക്രീറ്റ് ചെയ്ത് സൗകര്യം ഒരുക്കുന്നതിന് കല്ലും പാറപ്പൊടിയും ഇറക്കിയിട്ടിട്ട് മാസങ്ങളായി. നിലവില്‍ കോഴിക്കോട് റോഡില്‍ വീതിയില്ലാത്തതിനാല്‍ ഗതാഗതക്കുരുക്ക് നിത്യകാഴ്ചയാണ്. ബാക്കി ഭാഗത്തുള്ള മണ്ണ് കൂടി നീക്കം ചെയ്താല്‍ നിലവിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും. ഇതിന് ഉന്നതതലത്തിലുള്ള ഇടപെടല്‍ ഉണ്ടാകണമെന്ന് വിവിധ കോണുകളില്‍നിന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.