കോളജ് വിദ്യാര്‍ഥികളുടെ ക്യാമ്പിലൂടെ ജില്ല ആശുപത്രിയിലെ ഉപകരണങ്ങള്‍ക്ക് ‘പുനര്‍ജനി’

മാനന്തവാടി: അവധിക്കാലം വിദ്യാര്‍ഥികളുടെ സേവനത്തിലൂടെ സമൂഹത്തിന് ഉപകാരപ്രദമാക്കി വയനാട് എന്‍ജിനീയറിങ് കോളജിലെ എന്‍.എസ്.എസ് വിഭാഗത്തിന്‍െറ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാവുന്നു. ‘പുനര്‍ജനി’ എന്ന പേരില്‍ നൂറോളം പേരടങ്ങുന്ന കോളജിലെ സാങ്കേതിക വിഭാഗം വിദ്യാര്‍ഥികളാണ് ജില്ല ആശുപത്രിയിലെ കേടുവന്നു കിടക്കുന്ന ഉപകരണങ്ങള്‍ക്ക് പുനര്‍ജന്മം നല്‍കി മാതൃകാ പ്രവര്‍ത്തനം കാഴ്ചവെക്കുന്നത്. യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതിനാല്‍ കേടുവന്ന് ഉപകാരപ്രദമല്ലാതെ ഉപേക്ഷിച്ചതും രോഗികള്‍ക്ക് ഉപയോഗിക്കാനാവാതെ പ്രയാസപ്പെടുന്നതുമായ ഉപകരണങ്ങളാണ് വിദ്യാര്‍ഥികള്‍ നന്നാക്കിയത്. ആശുപത്രിയിലെ രക്തപരിശോധന ലാബിലെ സെന്‍ട്രിഫ്യൂജ്, മൈക്രോസ്കോപ്പുകള്‍, സ്ഫിഗേമാമാനോ മീറ്ററുകള്‍, ഐ.സി.യുവിലെ പള്‍സ് ഓക്സി മീറ്റര്‍, ഇ.സി.ജി മെഷിന്‍, നെബുലൈസര്‍ എന്നിവയും വിവിധ വാര്‍ഡുകളിലെ കട്ടിലുകള്‍ വീല്‍ ചെയറുകള്‍, മെഡിസിന്‍ റാക്ക്, ട്രോളികള്‍ തുടങ്ങിയവയും ഇതിനോടകം നന്നാക്കി പ്രവര്‍ത്തന ക്ഷമമാക്കി ക്കഴിഞ്ഞു. ഈ മാസം 23ന് തുടങ്ങിയ സപ്തദിന ക്യാമ്പ് കഴിയുന്നതോടെ കാല്‍കോടിയോളം രൂപയുടെ ആസ്തികള്‍ ജില്ല ആശുപത്രിയില്‍ പുനരുജ്ജീവിപ്പിക്കാന്‍ കഴിയുമെന്നാണ് ക്യാമ്പ് നടത്തിപ്പുകാര്‍ പ്രതീക്ഷിക്കുന്നത്. യുവത്വം ആസ്തികളുടെ പുനര്‍നിര്‍മാണത്തിനായി എന്ന ലക്ഷ്യത്തോടെയാണ് നാഷനല്‍ സര്‍വിസ് സ്കീം ടെക്നിക്കല്‍ സെല്‍ സംസ്ഥാന വ്യാപകമായി ആതുരാലയങ്ങളിലെ അടിസ്ഥാന സൗകര്യവികസനത്തിനായി മുന്നിട്ടിറങ്ങിയത്. 34 ആതുരാലയങ്ങളില്‍ തുടക്കം കുറിച്ച പദ്ധതി പ്രകാരം ജില്ലയില്‍ വൈത്തിരി താലൂക്ക് ആശുപത്രിയും ജില്ല ആശുപത്രിയുമാണ് ആദ്യഘട്ടത്തില്‍ പരിഗണിച്ചത്. എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ ആബിദ് തറവെട്ടത്തിന്‍െറ നേതൃത്വത്തിലാണ് ജില്ല ആശുപത്രിയിലെ ക്യാമ്പ് നടന്നുവരുന്നത്. ക്യാമ്പ് വ്യാഴാഴ്ച സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.