പടിഞ്ഞാറത്തറ പഞ്ചായത്ത് : ഭരണം പിടിക്കാന്‍ യു.ഡി.എഫ് ഒരുങ്ങുന്നു

പടിഞ്ഞാറത്തറ: പഞ്ചായത്തില്‍ ഭരണമാറ്റത്തിനുവേണ്ടിയുള്ള ചര്‍ച്ച യു.ഡി.എഫ് തുടങ്ങി. ഇടതുപക്ഷത്തിനൊപ്പമുള്ള സ്വതന്ത്ര അംഗവും നിലവിലെ വൈസ് പ്രസിഡന്‍റുമായ നസീമ പൊന്നാണ്ടി കഴിഞ്ഞ ദിവസം പാണക്കാടത്തെി ലീഗിന്‍െറ മെംബര്‍ഷിപ് സ്വീകരിച്ചതോടെയാണ് എല്‍.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തില്‍ ഭരണമാറ്റത്തിന് കളമൊരുങ്ങിയത്. പതിനാറാം വാര്‍ഡായ പന്തിപ്പൊയിലില്‍ നിന്നും ഇടത് പിന്തുണയോടെ വിജയിച്ചു വന്ന ലീഗ് വിമത അംഗമായിരുന്ന നസീമ ഒരു മാസം മുമ്പ് ലീഗിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹം പ്രകടിപ്പിച്ച് പാര്‍ട്ടിക്ക് കത്തുനല്‍കിയതിനെ തുടര്‍ന്നാണ് ഇവരെ തിരിച്ചെടുക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. ഒറ്റ സീറ്റിന്‍െറ ഭൂരിപക്ഷത്തിലായിരുന്നു പഞ്ചായത്തില്‍ എല്‍.ഡി.എഫ് ഭരണം പിടിച്ചെടുത്തത്. ആകെയുളള 16 സീറ്റില്‍ ഏഴ് സീറ്റ് യു.ഡി.എഫും ആറ് എല്‍.ഡി.എഫും, രണ്ട് സ്വതന്ത്രരും, ഒരു ബി.ജെ.പിയുമാണ് ഉള്ളത്. നസീമ പൊന്നാണ്ടിയും, മറ്റൊരു സ്വതന്ത്ര അംഗമായിരുന്ന ശാന്തിനി ഷാജിയും എല്‍.ഡി.എഫിനൊപ്പം നിന്നതോടെയാണ് ഭരണം ഇടതിന് നേടാനായത്. ഒറ്റ സീറ്റിന്‍െറ ഭൂരിപക്ഷമായതിനാല്‍ വൈസ് പ്രസിഡന്‍റ് സ്ഥാനമടക്കം ഇടത് ഭരണസമിതി നസീമക്ക് നല്‍കിയിരുന്നു. എന്നാല്‍, ഇടക്കാലത്ത് പടിഞ്ഞാറത്തറ ടൗണിലെ ഓട്ടോറിക്ഷ പെര്‍മിറ്റ് അനുവദിച്ച വിഷയത്തില്‍ പരസ്യമായി നസീമ ഇടതിനോട് ഇടഞ്ഞ് രംഗത്ത് വന്നിരുന്നു. ഇതോടെ യു.ഡി.എഫ് ഭരണമാറ്റ പ്രതീക്ഷയിലായിരുന്നു. എന്നാല്‍, ലീഗിന്‍െറ മെംബര്‍ഷിപ് സ്വീകരിച്ചതിന് അപ്പുറത്ത് മറ്റു കാര്യങ്ങളൊന്നും ഇപ്പോള്‍ തീരുമാനിച്ചിട്ടില്ളെന്ന് നസീമ പൊന്നാണ്ടി ‘മാധ്യമ’ത്തോട് പറഞ്ഞു. ഇനിയുള്ള കാര്യങ്ങള്‍ പാര്‍ട്ടി തീരുമാനിക്കുമെന്നും അവര്‍ പറഞ്ഞു. പാര്‍ട്ടിയുടെ തീരുമാനം ഭരണമാറ്റമാണെന്ന് പടിഞ്ഞാറത്തറ പഞ്ചായത്ത് മുസ്ലിം ലീഗ് നേതാക്കള്‍ പറയുന്നു. നസീമയുടെ പിന്തുണകൂടി ലഭിച്ചതിനാല്‍ എട്ടു സീറ്റുകളുളള യു.ഡി.എഫിനെ നേരിടാന്‍ അവിശ്വാസത്തില്‍ എല്‍.ഡി.എഫിന് കഴിയില്ളെന്ന് ഉറപ്പായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.