പുല്‍പള്ളി: വനാതിര്‍ത്തി പ്രദേശങ്ങളായ കാപ്പിക്കുന്ന്, മൂഴിമല പ്രദേശങ്ങളില്‍ കര്‍ഷകര്‍ക്ക് വിളവിറക്കാന്‍ പറ്റാത്ത അവസ്ഥ. വനാതിര്‍ത്തിയില്‍മാത്രം ഒതുങ്ങിനിന്നിരുന്ന വന്യമൃഗശല്യം വനത്തില്‍നിന്നും അകലെയുള്ള കൃഷിയിടങ്ങളിലേക്കുകൂടി വ്യാപിച്ചിരിക്കുകയാണ്. വനാതിര്‍ത്തിയിലെ കൃഷികള്‍ നശിപ്പിച്ച കാട്ടാനകള്‍, ദൂരെ ദിക്കുകളിലേക്ക് കടക്കാന്‍ തുടങ്ങി. കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ ഈ പ്രദേശങ്ങളില്‍ മാത്രം 30 ഏക്കറോളം വയലിലെ കൊയ്തതും കൊയ്യാറായതുമായ നെല്‍കൃഷിയാണ് കാട്ടാനകള്‍ നശിപ്പിച്ചത്. കൃഷിയിടത്തില്‍ കാട്ടാന ഇറങ്ങിയതറിഞ്ഞ് നോക്കുവാന്‍ ചെന്ന മൂഴിമല അറക്കല്‍ ജോസിനെ കാട്ടാന ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും തലനാരിഴക്കാണ് ഇയാള്‍ രക്ഷപ്പെട്ടത്. കഴിഞ്ഞദിവസം വെള്ളാപ്പള്ളിയില്‍ തങ്കച്ചനെയും കാട്ടാന കൃഷിയിടത്തില്‍നിന്ന് ഓടിച്ചിരുന്നു. കാപ്പിക്കുന്ന് പീത്തുരുത്തേല്‍ ജോസഫിന്‍െറ വയലിലെ കൊയ്ത് കൊണ്ടുപോകാനായി കെട്ടിവെച്ചിരുന്ന നെല്ല് കാട്ടാന കഴിഞ്ഞ രണ്ടുദിവസങ്ങളിലായി വന്ന് നശിപ്പിച്ചു. മൂന്നു ദിവസങ്ങള്‍ക്കുമുമ്പ് നെല്ല് കൊയ്തെങ്കിലും മഴ തുടങ്ങിയതിനാല്‍ ഒക്കലിടാന്‍ സാധിക്കാത്തതിനാല്‍ വയലില്‍ വാരികെട്ടി വെച്ചിരിക്കുകയായിരുന്നു. ഇതാണ് കാട്ടാന നശിപ്പിച്ചത്. താഴെക്കാപ്പ് കാക്കിയെന്ന ആദിവാസിയുടെ നെല്ലും കാട്ടാന നശിപ്പിച്ചു. കുടിലില്‍ കുമാരന്‍ അടക്കമുള്ള നിരവധി കര്‍ഷകരുടെ നെല്‍കൃഷിയും കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നശിപ്പിച്ചു. കണ്ണമ്പള്ളി സണ്ണിയുടെ വയലില്‍ നട്ടിരുന്ന കപ്പയും കാട്ടാനകള്‍ നശിപ്പിച്ചു. പ്രദേശങ്ങളില്‍ വനാതിര്‍ത്തിയില്‍ യാതൊരുവിധ പ്രതിരോധവുമില്ലാത്തതിനാല്‍ കാട്ടാനകള്‍ക്ക് സ്വതന്ത്രമായി കൃഷിയിടങ്ങളില്‍ കടക്കാന്‍ സാധിക്കുന്നു. പരിസരപ്രദേശങ്ങളിലൊക്കെ കാട്ടാനകള്‍ കൃഷിയിടത്തില്‍ കടക്കുന്നത് തടയാന്‍ ഷോക്ക് ലൈന്‍ സ്ഥാപിച്ചപ്പോള്‍ ഈ പ്രദേശംമാത്രം വനംവകുപ്പ് ഒഴിവാക്കിയിട്ടതാണ് കാട്ടാനകള്‍ക്ക് ഇപ്പോള്‍ അനുഗ്രഹമായിരിക്കുന്നത്. പ്രദേശത്തെ വന്യജീവി ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.