അധികാരികള്‍ തിരിഞ്ഞുനോക്കുന്നില്ല; പുഞ്ചവയലിലെ കല്ലമ്പലങ്ങള്‍ നശിക്കുന്നു

പനമരം: ചരിത്രത്തിന് മുതല്‍ക്കൂട്ടായ പനമരം പുഞ്ചവയലിലെ കല്ലമ്പലങ്ങള്‍ നാശത്തിലേക്ക്. പുരാവസ്തുവകുപ്പ് ഏറ്റെടുത്തതായി പറയുന്നുണ്ടെങ്കിലും കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ യാതൊരു സംരക്ഷണ നടപടികളും സ്വീകരിച്ചിട്ടില്ല. പുഞ്ചവയലിലെ നീര്‍വാരം, സുല്‍ത്താന്‍ ബത്തേരി റോഡരികുകളിലാണ് രണ്ട് കല്ലമ്പലങ്ങളുള്ളത്. കരിങ്കല്‍പാളികള്‍കൊണ്ട് നിര്‍മിച്ച ഇവ നിര്‍മാണരീതികൊണ്ട് ആരെയും അതിശയിപ്പിക്കുന്നതാണ്. 14ാം നൂറ്റാണ്ടിലാണ് ഇതിന്‍െറ നിര്‍മാണം നടന്നതെന്ന് കരുതുന്നു. ജൈന, വൈഷ്ണവ മതങ്ങളുമായി ക്ഷേത്രത്തിന് ബന്ധമുണ്ട്. ഭിത്തികളും മേല്‍ക്കൂരകളും കരിങ്കല്‍ പാളികള്‍ അടുക്കിയാണ് നിര്‍മിച്ചിട്ടുള്ളത്. പാളികളില്‍ നിരവധി കൊത്തുപണികളുമുണ്ട്. കൂടുതലും ഹിന്ദു ദേവന്മാരുടെ ചിത്രങ്ങളാണ്. സുല്‍ത്താന്‍ ബത്തേരി റോഡിനടുത്തെ കല്ലമ്പലത്തിന്‍െറ മുന്നില്‍ പ്രത്യേകം പടവുകളും കുളവും മറ്റുമുണ്ട്. പണ്ട് മൈസൂരുവില്‍നിന്നും വരുന്ന ഹൊയ്സാള രാജാക്കന്മാര്‍ ഈ കുളത്തില്‍ കുളിച്ചിരുന്നതായി പരിസരവാസികള്‍ വിശ്വസിക്കുന്നു. കുളത്തിന്‍െറ അവശിഷ്ടങ്ങള്‍ മാത്രമേ ഇപ്പോള്‍ അവശേഷിക്കുന്നുള്ളൂ. പണ്ടുകാലത്ത് പുഞ്ചവയല്‍ മുത്തുകളുടെ അങ്ങാടിയായിരുന്നുവെന്ന് പറയുന്നു. അതുകൊണ്ട് പ്രദേശം മുത്തങ്ങാടി എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. പ്രദേശത്തിന്‍െറ ചരിത്ര പ്രാധാന്യത്തെക്കുറിച്ചൊന്നും യാതൊരു പഠനവും ഇതുവരെ ഉണ്ടായിട്ടില്ല. സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലുള്ള കാപ്പിത്തോട്ടങ്ങള്‍ക്കുള്ളിലാണ് ഇപ്പോള്‍ ഈ ചരിത്ര ശേഷിപ്പുകളുള്ളത്. പരിസത്തെ കാട് വെട്ടിത്തെളിച്ച് സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന രീതിയിലുള്ള ബോര്‍ഡുകളെങ്കിലും ഉടന്‍ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.