സാമൂഹികാരോഗ്യ കേന്ദ്രം പ്രഖ്യാപനത്തിലും ബോര്‍ഡിലും മാത്രം: മേപ്പാടി ആശുപത്രിയില്‍ രോഗികള്‍ക്ക് ദുരിതം

മേപ്പാടി: സാമൂഹികാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തി എട്ടുവര്‍ഷം പിന്നിട്ടിട്ടും ചികിത്സാ സൗകര്യത്തിന്‍െറ കാര്യത്തില്‍ ഒരു പുരോഗതിയുമില്ല. ബോര്‍ഡ് സാമൂഹികാരോഗ്യ കേന്ദ്രം എന്നാണെങ്കിലും മേപ്പാടിയിലെ ആശുപത്രി പഴയ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍നിന്ന് ഒരടി പോലും മുന്നോട്ടുപോയിട്ടില്ല. ഫിസിഷ്യന്‍ ഗൈനക്കോളജിസ്റ്റ്, ശിശുരോഗ വിദഗ്ധര്‍, എല്ലുരോഗ വിദഗ്ധന്‍ എന്നിവരടക്കം ഏഴ് ഡോക്ടര്‍മാരെങ്കിലും സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ വേണമെന്നാണ് വ്യവസ്ഥ. എന്നാല്‍, മേപ്പാടിയില്‍ ഒരാള്‍പോലും നാളിതുവരെ അനുവദിക്കപ്പെട്ടിട്ടില്ല. സ്റ്റാഫിന്‍െറ എണ്ണത്തിലും വര്‍ധനയുണ്ടായിട്ടില്ല. ബ്ളോക്ക് പഞ്ചായത്തിന്‍െറ കീഴിലാണ് സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ വരുന്നത്. മേപ്പാടി, തരിയോട് സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, വൈത്തിരി താലൂക്ക് ആശുപത്രി എന്നിവയാണ് കല്‍പറ്റ ബ്ളോക്ക് പഞ്ചായത്തിന് കീഴില്‍ വരുന്നത്. സാധാരണക്കാര്‍, തോട്ടം തൊഴിലാളികള്‍, ആദിവാസികള്‍ എന്നിങ്ങനെ ശരാശരി 300 പേര്‍ നിത്യേന മേപ്പാടി ആശുപത്രിയിലെ ഒ.പിയില്‍ എത്തുന്നുണ്ട്. പല ദിവസങ്ങളിലും ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഉണ്ടാവാറില്ല. ഇതുമൂലം രോഗികള്‍ ദുരിതമനുഭവിക്കുകയാണ്. പി.എസ്.സി നിയമന പ്രകാരം മൂന്ന് ഡോക്ടര്‍മാര്‍ (അസി. സര്‍ജന്മാര്‍) ഇവിടെ നിലവിലുണ്ട്. അതിലൊരാള്‍ മെഡിക്കല്‍ ഓഫിസറാണ്. അദ്ദേഹം മൂന്നുമാസത്തെ അവധിയിലുമാണ്. ഒരാള്‍ മാത്രമാണിപ്പോള്‍ ആശുപത്രിയിലത്തെുന്നത്. ജോലി ക്രമീകരണത്തിന്‍െറ ഭാഗമായി ഒരാള്‍ വരുന്നുണ്ടെങ്കിലും മിക്ക ദിവസങ്ങളിലും പ്രതിരോധകുത്തിവെപ്പിനായി പുറത്തായിരിക്കും. പിന്നെയുള്ളത് രണ്ട് ദേശീയ ആരോഗ്യ മിഷന്‍ ഡോക്ടര്‍മാരാണ്. സാമൂഹികാരോഗ്യ കേന്ദ്രമെന്ന നിലയില്‍ ജീവനക്കാരുടെ എണ്ണത്തിലും ഒരു വര്‍ധനയുമുണ്ടായിട്ടില്ല. 20 കിടക്കകളുണ്ടെങ്കിലും ഡോക്ടര്‍മാരുടെ കുറവുമൂലം കിടത്തിചികിത്സ പേരിനു മാത്രമാണുള്ളത്. അത്യാഹിതവിഭാഗത്തിലും പുരോഗതിയുണ്ടായിട്ടില്ല. പുതിയ ഒ.പി ബ്ളോക്ക് കെട്ടിടത്തിനായി എം.പി ഫണ്ടില്‍നിന്ന് 85 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. അതിന്‍െറ തറക്കല്ലിടല്‍ കര്‍മവും അടുത്തിടെ നടന്നു. എന്നാല്‍, ഇതിന് സാങ്കേതികാനുമതി ഇനിയും ലഭിച്ചിട്ടില്ളെന്നാണ് വിവരം. ബ്ളോക്ക് പഞ്ചായത്തിന് കീഴിലായതുമൂലം പഞ്ചായത്ത് ഫണ്ട് ഒന്നും നല്‍കാന്‍ നിയമം അനുവദിക്കുന്നില്ല. അത്യാവശ്യ ഫണ്ട് അനുവദിക്കാനുള്ള സാമ്പത്തിക വരുമാനം ഗ്രാമപഞ്ചായത്തിനുണ്ടെങ്കിലും വ്യവസ്ഥകള്‍ അതിനനുവദിക്കുന്നുമില്ല. ഫലത്തില്‍ കടുത്ത അവഗണന നേരിടുകയാണ് സാമൂഹികാരോഗ്യ കേന്ദ്രം. ആശുപത്രിക്കുതന്നെ അടിയന്തര ചികിത്സ വേണ്ടിവരുന്ന സ്ഥിതിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.