പൈങ്ങ വില ഇടിഞ്ഞു; കര്‍ഷകര്‍ ആശങ്കയില്‍

മാനന്തവാടി: നോട്ടുനിരോധനത്തെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി മൂലം കര്‍ണാടകയിലേക്കുള്ള പൈങ്ങ കയറ്റുമതി നിലച്ചതോടെ ജില്ലയില്‍ വില കുത്തനെ ഇടിഞ്ഞു. ഈ സീസണില്‍ തുടക്കത്തില്‍ കിലോക്ക് 84 രൂപവരെ ലഭിച്ചിരുന്ന പൈങ്ങയുടെ വില കഴിഞ്ഞ ദിവസം 64 രൂപയായി. കുറഞ്ഞ വിലക്ക് വില്‍പന നടത്തിയാല്‍ തന്നെ എപ്പോള്‍ പണം ലഭിക്കുമെന്നു പറയാനാകാത്ത സ്ഥിതിയാണ്. ഇതോടെ വേറെ മാര്‍ഗങ്ങളില്ലാതെ കര്‍ഷകരും ഇടനിലക്കാരും ചെറിയതോട്ടങ്ങളിലെ അടക്ക പറിക്കാതെ ഉപേക്ഷിക്കുകയാണ്. പാട്ടത്തിനെടുത്ത തോട്ടങ്ങളില്‍ മുതല്‍മുടക്കെങ്കിലും ലഭിക്കുമെന്നുറപ്പുള്ള സ്ഥലങ്ങളില്‍നിന്നുമാത്രം വിളവെടുത്ത് വില്‍പന നടത്തുകയാണ് ചെയ്യുന്നത്. അടക്ക വിളവെടുപ്പ് ആരംഭിച്ചാല്‍ നിത്യവും ലോഡുകണക്കിന് പൈങ്ങയായിരുന്നു കര്‍ണാടകയിലെ ഗ്രാമങ്ങള്‍ തോറുമുള്ള കച്ചവടക്കാരിലേക്ക് എത്തിച്ചുകൊണ്ടിരുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പുവരെ നികുതി വെട്ടിച്ചും ഊടുവഴികളിലൂടെയും കര്‍ണാടകയിലേക്ക് കൊണ്ടുപോയിരുന്ന പൈങ്ങ ഇപ്പോള്‍ കൃത്യമായി നികുതി മുന്‍കൂര്‍ ഓണ്‍ലൈന്‍ വഴി അടച്ചശേഷം മാത്രമേ കൊണ്ടുപോകാന്‍ കഴിയുന്നുള്ളൂ. ഇതോടെ ഈ മേഖലയില്‍ കച്ചവടക്കാരുടെ എണ്ണം കുറയുകയും കുത്തകവത്കരിക്കുകയും ചെയ്തു. ഇത്തരത്തില്‍ നികുതിയടച്ച് കൊണ്ടുപോകുന്ന പൈങ്ങയുടെ വിലയും കൃത്യമായി ലഭിക്കാറുണ്ടായിരുന്നില്ല. എന്നിരുന്നാലും ലാഭകരമായ കച്ചവടമെന്ന നിലയില്‍ രണ്ടും മൂന്നും മാസം അവധിക്ക് പൈങ്ങ നല്‍കിയാണ് കച്ചവടം മുന്നോട്ടുകൊണ്ടുപോയിരുന്നത്. കഴിഞ്ഞമാസം നോട്ടുനിരോധനം വന്നതോടെയാണ് അടക്ക മേഖല പ്രതിസന്ധി നേരിടാന്‍ തുടങ്ങിയത്. പഴയ നോട്ടുകള്‍ നല്‍കി ഏതാനും ദിവസം കച്ചവടം നടത്തിയെങ്കിലും പിന്നീട് അതും നിലച്ചു. ഇതോടെ കുറഞ്ഞ തുക അഡ്വാന്‍സ് നല്‍കി പാട്ടത്തിനെടുത്ത തോട്ടങ്ങളിലേക്ക് ഇടനിലക്കച്ചവടക്കാര്‍ പോകാതെയായി. ഇവിടങ്ങളില്‍ അടക്ക പറിപ്പിക്കാന്‍ കഴിയാതെ കര്‍ഷകരും വിഷമസന്ധിയിലായി. മഹാളി ബാധിച്ച് കൊഴിഞ്ഞുവീഴുന്ന അടക്കക്ക് നേരത്തേ കിലോക്ക് 100 രൂപവരെ ലഭിച്ചിരുന്നെങ്കിലും ഇപ്പോള്‍ 75 രൂപ മാത്രമാണ് ലഭിക്കുന്നത്. നിലവില്‍ കര്‍ണാടകയിലേക്ക് കയറ്റിയയക്കുന്നതിനു പകരം ചില കച്ചവടക്കാര്‍ പൈങ്ങ ശേഖരിച്ച് സംസ്കരിച്ച് ഉണക്കി സൂക്ഷിക്കാന്‍ തുടങ്ങിയിട്ടുണ്ട്. തൊഴില്‍ രംഗത്ത് പിടിച്ചുനില്‍ക്കാന്‍ കഴിയുമോ എന്ന അവസാന ശ്രമമാണ് സാധാരണക്കാരായ കച്ചവടക്കാര്‍ നടത്തുന്നത്. നോട്ട് പ്രതിസന്ധി തുടര്‍ന്നാല്‍ ഇടത്തരം കച്ചവടക്കാരും കര്‍ഷകരുമാണ് ദുരിതത്തിലാവുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.