കടുത്ത വരള്‍ച്ച: നെല്‍കൃഷി നാശം വ്യാപകം

മാനന്തവാടി: കടുത്ത വരള്‍ച്ചയെ തുടര്‍ന്ന് നെല്‍കൃഷി നശിക്കുന്നത് വ്യാപകമാകുന്നു. ഇതോടെ ജില്ലയിലെ നെല്‍കര്‍ഷകര്‍ മുഴവന്‍ ആശങ്കയിലാണ്. മാനന്തവാടി കമ്മന നഞ്ഞോട് പാടശേഖരത്തിലെ നെല്‍കൃഷിയാണ് ഏറ്റവും ഒടുവിലായി വരള്‍ച്ചയെ തുടര്‍ന്ന് നശിച്ചത്. കൃഷിഭവനില്‍ നിന്നും നല്‍കിയ ആതിര നെല്‍വിത്ത് ഉപയോഗിച്ചാണ് കൃഷി ഇറക്കിയത്. മുമ്പെങ്ങുമില്ലാത്ത വിധമാണ് പ്രദേശത്ത് നെല്‍കൃഷി നശിച്ചത്. നെല്ല് കതിരിടുമ്പോള്‍ തന്നെ ഉണങ്ങി പോവുന്ന സ്ഥിതിയായിരുന്നു. ഈ വിവരം കൃഷിഭവനില്‍ അറിയിക്കുകയും ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തെങ്കിലും പിന്നീട് തുടര്‍ നടപടികള്‍ ഒന്നും ഉണ്ടായില്ല. കര്‍ഷകര്‍ നെല്‍കൃഷിയില്‍ നിന്നും പിന്തിരിയുന്ന കാലഘട്ടത്തില്‍ നഷ്ടം സഹിച്ചും കൃഷിയിലേക്ക് വന്ന കര്‍ഷകരാണ് കാലാവസ്ഥയിലുണ്ടായ മാറ്റത്തെ തുടര്‍ന്ന് ദുരിതത്തിലായിരിക്കുന്നത്. കമ്മന നടുവില്‍ വീട്ടില്‍ വിജയന്‍െറ ഒരു ഏക്കറോളം നെല്‍കൃഷി പൂര്‍ണമായും നശിച്ചു. സര്‍ക്കാര്‍ അടിയന്തരമായി സഹായം അനുവദിച്ചില്ളെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് തയാറെടുക്കുകയാണ് കര്‍ഷകര്‍. നെല്ലും പുല്ലും കിട്ടാതെ ചെയ്ത ജോലി വെറുതെയായ സങ്കടത്തിലാണ് കര്‍ഷക കുടുംബങ്ങള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.