നാടിനെ കോര്‍ത്തിണക്കി ഹരിത കേരളമുണരുന്നു

കല്‍പറ്റ: സംസ്ഥാനത്തൊട്ടാകെ ഡിസംബര്‍ എട്ടിന് തുടങ്ങുന്ന ഹരിത കേരള മിഷന്‍ പദ്ധതിയില്‍ ജില്ലയിലെ മുഴുവന്‍ ആളുകളുടെയും പങ്കാളിത്തമുണ്ടാകണമെന്ന് ജില്ല കലക്ടര്‍ ഡോ. ബി.എസ്. തിരുമേനി അഭ്യര്‍ഥിച്ചു. പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലുള്ള കോര്‍ കമ്മിറ്റി യോഗം കലക്ടറേറ്റ് എ.പി.ജെ ഹാളില്‍ ചേര്‍ന്നു. മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും പങ്കാളിത്തം പദ്ധതിയില്‍ വകുപ്പുതല ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണം. ഡിസംബര്‍ എട്ടിന് സംസ്ഥാന വ്യാപകമായി നടക്കുന്ന വിവിധ പ്രവൃത്തി ഉദ്ഘാടനത്തില്‍ ജില്ലയിലെ എല്ലാ വാര്‍ഡുകളിലും സര്‍ക്കാര്‍ ഓഫിസുകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. ഗ്രാമങ്ങള്‍ തോറും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. കുടുംബശ്രീ യൂനിറ്റുകള്‍ സന്നദ്ധ സംഘടനകള്‍ തുടങ്ങി സമൂഹത്തിന്‍െറ നാനാതുറയിലുള്ള എല്ലാവരെയും ഹരിത കേരളം പദ്ധതിയില്‍ പങ്കാളിയാക്കണം. പഞ്ചായത്ത് അടിസ്ഥാനത്തില്‍ ഇതിനകം ലഭിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് നടപ്പാക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് കുട്ടികള്‍ക്ക് വിവിധ മത്സരങ്ങള്‍, ശുചീകരണ പ്രവര്‍ത്തനങ്ങള്‍, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഏറ്റെടുത്ത് നടത്താം. സ്കൂള്‍ അസംബ്ളികളില്‍ തിങ്കളാഴ്ച മുതല്‍ ഡിസംബര്‍ എട്ടുവരെ കുട്ടികളില്‍ പൊതുബോധം വളര്‍ത്തുന്നതിനും പരിസ്ഥിതി സംരക്ഷണ ഉത്തരവാദിത്തങ്ങള്‍ വളര്‍ത്തുന്നതിനും പ്രേരണ നല്‍കുന്ന പ്രഭാഷണങ്ങള്‍ നടത്തണം. സ്റ്റുഡന്‍റ് പൊലീസ്, സ്കൗട്സ്്, ഗൈഡ്സ്, എന്‍.സി.സി, എന്‍.എസ്.എസ് എന്നീ ഗ്രൂപ്പുകളുടെ സക്രിയ പങ്കാളിത്തം പദ്ധതിയുടെ വിജയത്തിനായി അതത് സ്കൂള്‍ പ്രധാനാധ്യാപകര്‍ ഉറപ്പുവരുത്തണം. ഗ്രാമതലത്തില്‍ വരള്‍ച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, പൊതുകിണറുകളും ജലാശയങ്ങളും വൃത്തിയാക്കല്‍, മഴവെള്ള സംഭരണികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കേണ്ടത്. തടയണകള്‍ നിര്‍മിക്കുന്നതിനും ജനപങ്കാളിത്തം ഉറപ്പാക്കണം. വീടുകള്‍ ഹോട്ടലുകള്‍, അറവുശാലകള്‍, ആശുപത്രികള്‍ തുടങ്ങിയവയുടെ പരിസരം ശുചീകരിക്കണം. പച്ചക്കറിയിനങ്ങള്‍ പ്രാദേശികാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിടണം. കാര്‍ഷിക മുന്നേറ്റമുണ്ടാക്കുന്ന പദ്ധതികളും ഗ്രാമങ്ങള്‍ തോറും ഏറ്റെടുക്കാം. സര്‍ക്കാര്‍ ഫണ്ട് വകയിരുത്താതെതന്നെ മുഴുവന്‍ ആളുകളെയും നാടിന്‍െറ വികസന പ്രക്രിയയില്‍ പങ്കാളികളാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കുടുംബശ്രീ അംഗങ്ങള്‍ ഓരോ വീടുകളിലുമത്തെി ഹരിത കേരളം സന്ദേശം പങ്കുവെക്കും. ജില്ല കലക്ടര്‍ ഡോ. ബി.എസ്. തിരുമേനി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ടി. ഉഷാകുമാരി, ജില്ല പ്ളാനിങ് ഓഫിസര്‍ എസ്.എച്ച്. സനല്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. കോര്‍ കമ്മിറ്റി അംഗങ്ങളായ ജില്ലതല വകുപ്പുതല ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.