വൈത്തിരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഓഫിസ് : കല്‍പറ്റയിലേക്ക് പറിച്ചുനടാന്‍ നീക്കം

മാനന്തവാടി: സബ് കലക്ടര്‍ ഓഫിസില്‍ പ്രവര്‍ത്തിക്കുന്ന വൈത്തിരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഓഫിസ് കല്‍പറ്റയിലേക്ക് പറിച്ചുനടാന്‍ നീക്കം. നിലവില്‍ പരിഗണനയിലുള്ള കേസുകള്‍ അട്ടിമറിക്കാനുള്ള വന്‍കിട തോട്ടമുടമകളുടെ ശ്രമമാണ്പിന്നിലെന്ന് ആരോപണമുണ്ട്. കലക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന എല്‍.ആര്‍ ഡെപ്യൂട്ടി കലക്ടറുടെ കീഴിലേക്ക് മാറ്റാനുള്ള ഓര്‍ഡര്‍ ലാന്‍ഡ് റവന്യൂ കമീഷണറുടെ ഓഫിസില്‍ തയാറായതായാണ് ഉന്നത കേന്ദ്രങ്ങളില്‍നിന്ന് ലഭിക്കുന്ന സൂചന. വന്‍കിട തോട്ടമുടമകള്‍ കെ.എല്‍.യു ആക്ട് ലംഘിച്ച് തരം മാറ്റിയ ഭൂമികള്‍ സര്‍ക്കാറിലേക്ക് പിടിച്ചെടുക്കാന്‍ സബ് കലക്ടര്‍ ചെയര്‍മാനായ ലാന്‍ഡ് ബോര്‍ഡ് അടുത്തിടെ ഉത്തരവിട്ടിരുന്നു. കൂടാതെ, ഏതാനും വന്‍കിടക്കാരുടെ കേസുകള്‍ പരിഗണനയിലുമാണ്. ഈ സാഹചര്യത്തിലാണ് ഭരണമാറ്റം മറയാക്കി ആജ്ഞാനുവര്‍ത്തികളാക്കാനാകുന്ന ഉദ്യോഗസ്ഥരുടെ കൈകളില്‍ കേസുകളത്തെിക്കാന്‍ തോട്ടമുടമകളുടെ നീക്കം. വര്‍ഷങ്ങള്‍ക്കുമുമ്പാണ് വൈത്തിരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് സബ് കലക്ടറുടെ കീഴിലേക്ക് മാറ്റിയത്. അതുവരെ നാല് കേസുകള്‍ മാത്രമാണ് കൈകാര്യം ചെയ്തിരുന്നത്. ഇപ്പോള്‍ വൈത്തിരി ലാന്‍ഡ് ബോര്‍ഡിന് കീഴില്‍ 136 കേസുകള്‍ പരിഗണനയിലുണ്ട്. ഇതില്‍ 90 കേസുകളിലും വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. 125 കേസുകള്‍ ഉള്ള മാനന്തവാടിയില്‍ 113 കേസുകളില്‍ വിചാരണ നടക്കുകയാണ്. 13 ജീവനക്കാരാണ് വേണ്ടത്. സബ് കലക്ടറുടെ കീഴില്‍ ഡെപ്യൂട്ടേഷനില്‍ എത്തിയ ജീവനക്കാരാണ് ജോലി ചെയ്യുന്നത്. അതേസമയം, കലക്ടറേറ്റിലെ എല്‍.ആര്‍ ഡെപ്യൂട്ടി കലക്ടറുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സുല്‍ത്താന്‍ ബത്തേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡില്‍ 13 സ്ഥിരം ജീവനക്കാര്‍ ജോലിചെയ്യുന്നുണ്ട്. ഇവര്‍ക്ക് ശമ്പളത്തിനായി 3475 നമ്പറിലുള്ള ഹെഡ് ഓഫ് അക്കൗണ്ടും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ ആകെയുള്ള കേസുകളാകട്ടെ നാലെണ്ണം മാത്രമാണ്. വൈത്തിരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് മാറ്റുന്നതിന് പിന്നാലെ മാനന്തവാടി താലൂക്ക് ലാന്‍ഡ് ബോര്‍ഡിനെ കലക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന നികുതി സംബന്ധിച്ചുള്ള പരാതികള്‍ പരിഗണിക്കുന്ന ഡെപ്യൂട്ടി കലക്ടറുടെ കീഴിലേക്ക് മാറ്റാനുള്ള നീക്കവും സജീവമായിട്ടുണ്ട്. നല്ലരീതിയില്‍ പ്രവര്‍ത്തിക്കുകയും നിയമലംഘനം നടത്തുന്ന ഭൂമികള്‍ സര്‍ക്കാറിലേക്ക് മുതല്‍ക്കൂട്ടുകയും ചെയ്യുന്ന ഓഫിസുകള്‍ ഇല്ലാതാക്കുന്നത് അവയുടെ ഉദ്ദേശ്യശുദ്ധിതന്നെ ചോദ്യം ചെയ്യപ്പെടുന്ന തരത്തിലേക്കാണ് മാറുക. എം.എല്‍.എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ വിഷയത്തില്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ജില്ലതലത്തില്‍ മാനന്തവാടിയില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസുകള്‍ ഓരോന്നായി പറിച്ചുനടാന്‍ നീക്കം നടത്തുന്ന ഒരുകൂട്ടം ഉദ്യോഗസ്ഥ ലോബിയാണ് ഈ നീക്കത്തിന് പിന്നില്ളെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.