വൈത്തിരി: വയനാട് ചുരം സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ നടന്ന ചുരം മാലിന്യ മുക്തമാക്കല്‍ പരിപാടിയില്‍ വന്‍ ജനപങ്കാളിത്തം. 13 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ചുരം റോഡിനിരുവശവുമുള്ള മാലിന്യമാണ് ബുധനാഴ്ച നീക്കം ചെയ്തത്. കര്‍ണാടകയില്‍നിന്നും ഇതരജില്ലകളില്‍നിന്നും കൊണ്ടുതള്ളുന്ന വന്‍ മാലിന്യശേഖരം നിര്‍മാര്‍ജനം ചെയ്താണ് സംരക്ഷണസമിതി മാതൃകയായത്. വയനാട് ചുരം മാലിന്യലോബിയുടെ കുപ്പത്തൊട്ടിയായി മാറിയിട്ടും അധികൃതര്‍ ഗൗനിക്കാത്ത സാഹചര്യത്തിലായിരുന്നു ശ്രമദാനമായുള്ള ശുചീകരണം. കൊണ്ടുതള്ളുന്ന ലോഡുകണക്കിന് മാലിന്യത്തിനു പുറമേ, യാത്രക്കാരും സഞ്ചാരികളും ഉപേക്ഷിക്കുന്നതും വാഹനങ്ങള്‍ കഴുകിയുള്ളതുമായ പലവിധ മാലിന്യങ്ങളാല്‍ ചുരം റോഡിലൂടെയുള്ള യാത്ര ദുഷ്കരമായ സാഹചര്യത്തിലാണ് സമിതി തൂത്തുവൃത്തിയാക്കാനിറങ്ങിയത്. തെരഞ്ഞെടുക്കപ്പെട്ട 40 വളന്‍റിയര്‍മാര്‍ക്ക് പുറമെ സന്നദ്ധസംഘടനായ ചെറുവാടി കൂട്ടായ്മ, ഈങ്ങാപ്പുഴ ലിസ കോളജ് എന്‍.എസ്.എസ് യൂനിറ്റ്, മുക്കം എം.ഇ.എസ് കോളജ് വിദ്യാര്‍ഥികള്‍, പുതുപ്പാടി ടി.എം അറബിക് കോളജ് വിദ്യാര്‍ഥികള്‍, ഈങ്ങാപ്പുഴ സി.കെ. ട്രസ്റ്റ് ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍, എളേറ്റില്‍ വട്ടോളി ഗോള്‍ഡന്‍ ഹില്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ എന്നിവരും സജീവമായി പങ്കെടുത്തു. വിവിധ സ്ക്വാഡുകളായി തിരിച്ചാണ് വിവിധ മേഖലകളില്‍ ശുചീകരണം നടന്നത്. എട്ടാം വളവിനും ഒമ്പതാം വളവിനും ഇടയിലുള്ള തകരപ്പാടിയില്‍ ലോഡുകണക്കിന് മാലിന്യങ്ങളാണ് റോഡിനുതാഴെ ഒഴുകുന്ന അരുവിയുടെ കരയില്‍നിന്നും നീക്കം ചെയ്തത്. പിന്നീട് ഇവ കത്തിച്ചുകളഞ്ഞു. ബാക്കിയുള്ളവ അടിവാരത്തു കൊണ്ടുപോയി നശിപ്പിച്ചു. ദേശീയപാത അതോറിറ്റി (കൊടുവള്ളി) എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ഹാഷിം, പുതുപ്പാടി മെഡിക്കല്‍ ഓഫിസര്‍ ഡോ. വേണുഗോപാല്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. താമരശ്ശേരി എസ്.ഐമാരായ നൗഫല്‍, ശ്രീകുമാര്‍, സിവില്‍ ഓഫിസര്‍മാരായ അനീഷ്കുമാര്‍, അരുണ്‍ ഘോഷ്, ഭാസ്കരന്‍, ഫോറസ്റ്റ് ബീറ്റ് ഓഫിസര്‍ ബിനീഷ് കുമാര്‍, രാഗേഷ്, മനോജ്കുമാര്‍, ജഗദീഷ് കുമാര്‍, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. വിംസ് ഹോപിറ്റലിന്‍െറയും അടിവാരം വെല്‍ഫെയര്‍ അസോസിയേഷന്‍െറയും ആംബുലന്‍സുകള്‍ സൗജന്യമായി വിട്ടുകൊടുത്തു. സംരക്ഷണസമിതി പ്രസിഡന്‍റ് മൊയ്തു മുട്ടായി, സെക്രട്ടറി ഷാഹിദ് കുട്ടമ്പൂര്‍, ട്രഷറര്‍ വി.കെ. താജുദ്ദീന്‍ എന്നിവര്‍ നേതൃത്വം നല്‍കി. അടിവാരത്തെ നാട്ടുകാരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.