കാട്ടില്‍നിന്നു കരകയറ്റാന്‍ പുതിയ ബില്ലിനാവുമോ?

കല്‍പറ്റ: പാര്‍ലമെന്‍റ് പാസാക്കിയ കോംപന്‍സേറ്ററി അഫോറസ്റ്റേഷന്‍ ഫണ്ട് ബില്ലില്‍ പ്രതീക്ഷയര്‍പ്പിച്ച് വയനാട് വന്യജീവി സങ്കേതത്തിലെ 105 അധിവാസ പ്രദേശങ്ങളിലെ ജനങ്ങള്‍. വനവത്കരണം ത്വരിതപ്പെടുത്താന്‍ കോംപന്‍സേറ്ററി അഫോറസ്റ്റേഷന്‍ മാനേജ്മെന്‍റ് ആന്‍ഡ് പ്ളാനിങ് അതോറിറ്റി (കാംപ) രൂപവത്കരിക്കണമെന്നതാണ് ബില്ലിലെ പ്രധാന നിര്‍ദേശങ്ങളിലൊന്ന്. വനവത്കരണം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം വനത്തിനുള്ളില്‍ താമസിക്കുന്നവരുടെ മാറ്റിപ്പാര്‍പ്പിക്കലിനുള്ള ഫണ്ടുകളും കൈകാര്യം ചെയ്യുക കാംപയായിരിക്കും. ഏറെക്കാലമായി കാട്ടിനുള്ളില്‍ ദുരിതം തിന്നു ജീവിക്കുന്ന തങ്ങളുടെ പുനരധിവാസത്തിലേക്ക് അതോറിറ്റിക്ക് ഫലപ്രദമായി ഇടപെടാന്‍ കഴിയുമെന്ന പ്രതീക്ഷ വെച്ചുപുലര്‍ത്തുകയാണ് ഫോറസ്റ്റ് സെറ്റില്‍മെന്‍റില്‍ കഴിയുന്നവര്‍. കേന്ദ്ര, സംസ്ഥാനതലങ്ങളില്‍ കാംപ രൂപവത്കരിക്കണമെന്ന് ബില്ലില്‍ നിഷ്കര്‍ഷിക്കുന്നുണ്ട്. വനവുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കല്ലാതെ വനം നശിപ്പിക്കുന്നതിന് ബന്ധപ്പെട്ട ഏജന്‍സികള്‍ സര്‍ക്കാറിന് നിശ്ചിത തുക നഷ്ടപരിഹാരം നല്‍കണമെന്നതാണ് നിയമം. ഇങ്ങനെയുള്ള വനഭൂമിക്ക് കാടിന്‍െറ തരമനുസരിച്ച് നഷ്ടപരിഹാര തുക നിശ്ചയിച്ചിട്ടുമുണ്ട്. അധികം മരങ്ങളൊന്നുമില്ലാത്ത വനഭൂമിക്ക് ഹെക്ടറിന് 4.38 ലക്ഷം മുതല്‍ നിബിഡ വനത്തിന് 10.43 ലക്ഷം വരെയാണ് ഈടാക്കുന്നത്. കഴിഞ്ഞ നാലു വര്‍ഷമായി ബന്ധപ്പെട്ട ഏജന്‍സികളില്‍നിന്ന് ഈരീതിയില്‍ സ്വരൂപിച്ച 42,000 കോടി രൂപ ചെലവാക്കപ്പെടാതെ കിടക്കുകയാണ്. മതിയായ നിയമങ്ങളുടെ അഭാവമാണ് ഇതിനു കാരണമെന്നതിനാലാണ് പാര്‍ലമെന്‍റില്‍ പുതിയ ബില്‍ പാസാക്കിയത്. സംസ്ഥാനത്ത് മറ്റാവശ്യങ്ങള്‍ക്ക് വനഭൂമി വിട്ടുകൊടുക്കുമ്പോള്‍ ലഭിക്കുന്ന നഷ്ടപരിഹാര തുക മുഴുവന്‍ സംസ്ഥാന സര്‍ക്കാറുകള്‍ നാഷനല്‍ കോംപന്‍സേറ്ററി അഫോറസ്റ്റേഷന്‍ ഫണ്ടില്‍ നിക്ഷേപിക്കണം. ഈ തുകയില്‍നിന്ന് പത്തു ശതമാനം തുക ദേശീയ ഫണ്ടില്‍ നിലനിര്‍ത്തി ബാക്കി 90 ശതമാനവും പിന്നീട് സംസ്ഥാനങ്ങള്‍ക്കുതന്നെ തിരിച്ചുനല്‍കും. കേരളത്തിന് ഈ രീതിയില്‍ 2014 മാര്‍ച്ച് 31 വരെ 33.18 കോടി രൂപയുടെ ഉപയോഗിക്കാത്ത ഫണ്ടുണ്ട്. പുതിയ നിയമം നടപ്പാവുന്നതോടെ വനത്തിലെ അധിവാസമേഖലകളില്‍നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ കൂടുതല്‍ തുക ലഭ്യമാവുമെന്നാണ് സംസ്ഥാനത്തെ വനംവകുപ്പ് അധികൃതരുടെ പ്രതീക്ഷ. വയനാട് വന്യജീവി സങ്കേതത്തിനുള്ളില്‍ മാത്രം 2500 കുടുംബങ്ങളാണ് താമസിക്കുന്നത്. ഇവരെ പുനരധിവസിപ്പിക്കാന്‍ 2009ല്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ഫണ്ടിന്‍െറ അഭാവം കാരണം ഇവരില്‍ സിംഹഭാഗവും ഇന്നും കാടിനുള്ളില്‍ നട്ടംതിരിയുകയാണ്. 2009ല്‍ കേരള ഫോറസ്റ്റ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തില്‍ 110 സെറ്റില്‍മെന്‍റുകളിലായി 2591 കുടുംബങ്ങളാണ് വയനാട് വന്യജീവി സങ്കേതത്തിനുള്ളില്‍ കഴിയുന്നതെന്ന് കണ്ടത്തെിയിരുന്നു. മൊത്തം 10,588 പേരാണ് ഇത്രയും കുടുംബങ്ങളിലായി കാടിനുള്ളില്‍ ജീവിക്കുന്നത്. കെ.എഫ്.ആര്‍.ഐ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍, കൂടുതല്‍ ദുരിതമനുഭവിക്കുന്ന14 സെറ്റില്‍മെന്‍റുകളിലുള്ളവരെ ആദ്യഘട്ടത്തില്‍ പുനരധിവസിപ്പിക്കാനായി തെരഞ്ഞെടുത്തിരുന്നെങ്കിലും അഞ്ചു സെറ്റില്‍മെന്‍റുകളിലുള്ളവരെ മാത്രമാണ് വനത്തിനു പുറത്തത്തെിക്കാന്‍ കഴിഞ്ഞത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.