മാനന്തവാടി: കബനിയുടെ ഓളങ്ങളെ വകഞ്ഞുമാറ്റി നാവികരുടെ സാഹസിക യാത്ര. കൊച്ചിയിലെ നേവല്‍ഷിപ്യാര്‍ഡിലെ ഐ.എന്‍.എസ് സര്‍വേക്ഷക് എന്ന കപ്പലിലെ കമാന്‍ഡര്‍ ശ്രീജിത്ത് തമ്പി, ലെഫ്റ്റനന്‍റ് കമാന്‍ഡര്‍ റോഡ്രിഗസ്, എന്നിവരുടെ നേതൃത്വത്തിലുള്ള 15 അംഗ സംഘമാണ് പനമരം, മാനന്തവാടി പുഴകളുടെ സംഗമ സ്ഥലമായ കൂടല്‍കടവില്‍ നിന്നും ചേകാടി വരെ 12 കി.മീ. ദൂരം അതിസാഹസികമായ ബാംബു റാഫ്റ്റിങ് നടത്തിയത്. മുളകള്‍കൊണ്ട് നിര്‍മിച്ച ചങ്ങാടത്തില്‍ ലോറിയുടെ ട്യൂബുകള്‍ ഘടിപ്പിച്ച് ഭാരം കുറഞ്ഞ അമേരിക്കന്‍ നിര്‍മിതമായ പെഡല്‍കൊണ്ട് ഓരോരുത്തരും തുഴയുന്നതാണ് ബാംബു റാഫ്റ്റിങ്. കാലവര്‍ഷത്തില്‍ വെള്ളം നിറഞ്ഞ കമ്പനിയിലൂടെയുള്ള ജലയാത്ര അതിസാഹസികവും, അപകടം നിറഞ്ഞതുമാണ്. ഡി.ടി.പി.സി 2000 മുതല്‍ ജലസാഹസിക യാത്ര സംഘടിപ്പിക്കാറുണ്ടെങ്കിലും ആദ്യമായാണ് ഇന്ത്യന്‍ നാവികസേന അംഗങ്ങള്‍ക്കായി സംഘടിപ്പിക്കുന്നത്. തുഴച്ചില്‍ വിദഗ്ധനും ഡി.ടി.പി.സി ജീവനക്കാരനുമായ ലൂക്കാ ഫ്രാന്‍സിസാണ് സംഘത്തിന് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയത്. സാഹസിക പരിശീലനത്തിന്‍െറ ഭാഗമായി ഇതര സംസ്ഥാനങ്ങളില്‍ നിരവധി ജലയാത്രകള്‍ നടത്തിയിട്ടുണ്ടെങ്കിലും പുഴയില്‍ ഇത്രയേറെ സാഹസികമായത് ആദ്യമായാണെന്നും ഇത് അംഗങ്ങള്‍ക്കിടയില്‍ കൂട്ടായ്മ വര്‍ധിപ്പിച്ചതായും കമാന്‍ഡര്‍ ശ്രീജിത്ത് തമ്പി പറഞ്ഞു. കൂടല്‍കടവ് മുതല്‍ ചേകാടി വരെയുള്ള ഭാഗത്ത് തടയണകളും പാറക്കെട്ടുകളും നിറഞ്ഞതാണ്. കൂടാതെ, ഇവിടങ്ങളില്‍ മുതലയുടെയും ചീങ്കണ്ണിയുടെയും ശല്യവുമുണ്ട്. എങ്കിലും ഏറെ ആസ്വദിച്ചെന്ന് അംഗങ്ങള്‍ പറഞ്ഞു. ഒരു ദിവസം മുഴുവന്‍ പുഴയില്‍ ചെലവഴിച്ചാണ് സംഘം മടങ്ങിയത്. ഇടക്കിടെ പെയ്ത ചാറ്റല്‍ മഴ ഇവരുടെ യാത്ര തടസ്സപ്പെടുത്തിയില്ല. ജലസാഹസിക യാത്രയുടെ ഫ്ളാഗ് ഓഫ് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ടി. ഉഷാകുമാരി നിര്‍വഹിച്ചു. ഡി.ടി.പി.സി കുറുവാ മാനേജര്‍ രതീഷ് ബാബു സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.