ഏകാധ്യാപക വിദ്യാലയങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍

സുല്‍ത്താന്‍ ബത്തേരി: പിന്നാക്ക പ്രദേശങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് സ്ഥാപിതമായ ഏകാധ്യാപക വിദ്യാലയങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. അധ്യാപകര്‍ക്ക് നാല് മാസമായി ശമ്പളമില്ല. പ്രതിമാസം 5000 രൂപയാണ് ഇവര്‍ക്ക് വേതനമായി ലഭിക്കുന്നത്. വണ്ടിക്കൂലിക്കുപോലും ഗതിയില്ലാത്ത അവസ്ഥയില്‍ പലര്‍ക്കും സ്കൂളിലത്തൊനാവുന്നില്ല. വനത്തോട് ചേര്‍ന്നോ ഉള്‍പ്രദേശങ്ങളിലോ ആണ് ഏകാധ്യാപക വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്താകെ 320 ഏകാധ്യാപക സ്കൂളുകളാണ് പ്രവര്‍ത്തിക്കുന്നത്. വയനാട്ടില്‍ 37 സ്കൂളുകളിലായി 629 കുട്ടികളുള്ളതില്‍ 548ഉം ഗോത്രവര്‍ഗക്കാരാണ്. കഴിഞ്ഞ ആഗസ്റ്റിലാണ് ശമ്പളം 5000 രൂപയാക്കി വര്‍ധിപ്പിച്ചത്. അതുവരെ 3500 രൂപ മാത്രമായിരുന്നു. 2016 ജനുവരി മുതല്‍ 10000 രൂപ ശമ്പളം നല്‍കുന്നതിന് സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും ഇപ്പോഴും 5000 രൂപയാണ് ലഭിക്കുന്നത്. കോട്ടയം, ആലപ്പുഴ ഒഴികെ എല്ലാ ജില്ലയിലും ഏകാധ്യാപക വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കുട്ടികള്‍ കൂടുതലുള്ള സ്കൂളുകളെ എല്‍.പി ആയി ഉയര്‍ത്തുമെന്നും കുറഞ്ഞവയിലെ കുട്ടികളെ മറ്റു സ്കൂളുകളില്‍ പഠിക്കുന്നതിന് സൗകര്യം ചെയ്തശേഷം അധ്യാപകരെ വേറെ തസ്തികകളിലേക്ക് നിയമിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായില്ല. 2003 വരെ ഡി.പി.ഇ.പിയുടെ കീഴിലായിരുന്നു വിദ്യാലയങ്ങള്‍. അതിനുശേഷം 2011 വരെ എസ്.എസ്.എയുടെ കീഴിലായി. എസ്.എസ്.എ പ്രകാരം ഒരു ക്ളാസിലേക്ക് ഒരു അധ്യാപകന്‍ വേണമെന്ന് നിര്‍ബന്ധമുണ്ട്. അതേസമയം, ഏകാധ്യാപക വിദ്യാലയങ്ങളില്‍ നാലാം ക്ളാസ് വരെ ഒറ്റ അധ്യാപകനാണ് ക്ളാസെടുക്കുന്നത്. ഇക്കാരണത്താല്‍, എസ്.എസ്.എ പദ്ധതിയില്‍നിന്ന് ഏകാധ്യാപക വിദ്യാലയങ്ങള്‍ പുറത്തായി. പിന്നീട് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്തതുമില്ല. നിലവില്‍ ഒരു മാര്‍ഗ നിര്‍ദേശവുമില്ലാതെയാണ് ഏകാധ്യാപക വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. മറ്റ് ചെലവുകളിലുള്‍പ്പെടുത്തിയാണ് അധ്യാപകര്‍ക്ക് ശമ്പളം നല്‍കിവന്നിരുന്നത്. മുമ്പ് ഏകാധ്യാപക വിദ്യാലയങ്ങള്‍ക്ക് സ്വന്തമായി പുസ്തകങ്ങള്‍ ഉണ്ടായിരുന്നു. പിന്നീട് ഇതും ഒഴിവാക്കി. നിലവില്‍ സാധാരണ സ്കൂളുകളില്‍ പഠിപ്പിക്കുന്ന പുസ്തകങ്ങള്‍ ഉപയോഗിച്ചാണ് അധ്യയനം നടത്തുന്നത്. സാധാരണ സ്കൂളുകളിലെ മുഴുവന്‍ പുസ്തകങ്ങളും ഒരു അധ്യാപകന് പഠിപ്പിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. എങ്കിലും വയനാട്ടിലടക്കം കൊഴിഞ്ഞുപോക്കിനെ വലിയൊരളവില്‍ ചെറുത്തുനില്‍ക്കുന്നവയാണ് ഏകാധ്യാപക വിദ്യാലയങ്ങള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.