കല്‍പറ്റ: കാരാപ്പുഴ അണക്കെട്ടിന്‍െറ പച്ചപ്പണിഞ്ഞ തീരങ്ങള്‍ ഒടുവില്‍ സഞ്ചാരികള്‍ക്കുവേണ്ടി തുറക്കുന്നു. കനത്ത വെയിലും തിമിര്‍ത്തുപെയ്യുന്ന മഴയുംകൊണ്ട് കരിങ്കല്‍ചീളുകള്‍ നിറഞ്ഞ റോഡിലൂടെ ഡാമിന്‍െറ ഷട്ടറിനടുത്തേക്കും തിരിച്ചും മാത്രം നടക്കാന്‍ വിധിക്കപ്പെട്ട സഞ്ചാരികള്‍ക്ക് ആശ്വാസമായി ഇനി പനിനീര്‍പ്പൂക്കള്‍ നിറഞ്ഞ ഉദ്യാനത്തിന്‍െറ സൗരഭ്യം. ഇതിനു പുറമെ ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്‍റര്‍, നടപ്പാത, പാര്‍ക്കിങ് ഏരിയ, സുവനീര്‍-സ്പൈസസ് സ്റ്റാള്‍, അലങ്കാരദീപങ്ങള്‍ സ്ഥാപിക്കല്‍, ജലധാര, ഓപണ്‍ ഓഡിറ്റോറിയം, ഇന്‍റര്‍ലോക്ക് ഇഷ്ടിക പതിച്ച റോഡ് തുടങ്ങിയവ ഏറക്കുറെ പൂര്‍ത്തിയായിക്കഴിഞ്ഞു. മൈസൂരുവിലെ വൃന്ദാവന്‍ മാതൃകയില്‍ വികസിപ്പിക്കുന്ന വിനോദസഞ്ചാര കേന്ദ്രം ഓണക്കാലത്ത് ഭാഗികമായി ഉദ്ഘാടനം ചെയ്യാനുള്ള തിരക്കിട്ട ശ്രമത്തിലാണ് ടൂറിസം വകുപ്പും കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്‍റ് കോര്‍പറേഷനും. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനു അര്‍ധവിരാമമിട്ടാണ് കാരാപ്പുഴ വിനോദസഞ്ചാരകേന്ദ്രം പ്രവര്‍ത്തനം തുടങ്ങുന്നത്. കാരാപ്പുഴയില്‍ 2010 ല്‍ തുടങ്ങിയതാണ് വിനോദസഞ്ചാര വികസന പരിപാടികള്‍. കാരാപ്പുഴ ആസ്ഥാനമായി വന്‍കിട ജലസേചന പദ്ധതിയാണ് വിഭാവനം ചെയ്തിരുന്നത്. 1975ല്‍ നിര്‍മാണം ആരംഭിക്കുകയും 400 കോടിയില്‍പരം രൂപ ചെലവഴിക്കുകയും ചെയ്തിട്ടും പദ്ധതി ലക്ഷ്യം കണ്ടില്ല. ഈ സാഹചര്യത്തിലാണ് കാരാപ്പുഴയിലെ സാധ്യതകള്‍ ടൂറിസം വികസനത്തിനു ഉപയോഗപ്പെടുത്താന്‍ നീക്കമാരംഭിച്ചിത്. ഒന്നാംഘട്ട പ്രവൃത്തികള്‍ക്കായി 2011ല്‍ 4.92 കോടി രൂപയും രണ്ടാംഘട്ട ജോലികള്‍ക്കായി 2013ല്‍ 2.29 കോടി രൂപയും അനുവദിച്ചിരുന്നു. 35,000 ചതുരശ്ര അടി വിസ്തൃതിയിലാണ് പൂമുഖത്തും ഉദ്യാനങ്ങളിലും ബംഗളൂരുവില്‍നിന്നു കൊണ്ടുവന്ന ഗ്രാസ് കാര്‍പറ്റ് വിരിക്കുന്നത്. 30,000 ചതുരശ്ര അടി വിസ്തൃതിയിലാണ് മണ്ണൊരുക്കി ബഫലോ ഗ്രാസ് നടുന്നത്. ഇന്‍റര്‍ലോക്ക് ഇഷ്ടിക പതിച്ച 6000 മീറ്റര്‍ റോഡാണ് നിര്‍മിക്കുന്നത്. വാഹനഗതാഗതത്തിനു ഉതകുന്നതാണ് ഇതില്‍ 4,000 മീറ്റര്‍. 2,000 മീറ്റര്‍ നടപ്പാതയാണ്. ഉദ്യാനങ്ങളിലൂടെയാണിത്. ഈ പ്രവൃത്തികള്‍ ആഴ്ചകള്‍ക്കുള്ളില്‍ പൂര്‍ത്തിയാകും. കാരാപ്പുഴയില്‍ ടൂറിസം പദ്ധതിയുടെ ഭാഗമായി ഏകദേശം നാലര ഹെക്ടറില്‍ സജ്ജമാക്കിയ റോസ്, ഡാലിയ, ജര്‍ബറ ഉദ്യാനങ്ങള്‍ കളപറിച്ച് വൃത്തിയാക്കിയിട്ടുണ്ട്. ഉദ്യാനങ്ങളുടെ ഒരു വര്‍ഷത്തെ പരിപാലനച്ചുമതല പ്രാദേശിക കരാറുകാരനെ ഏല്‍പിച്ചു. കളകള്‍ നീക്കി റോസ് ഗാര്‍ഡന്‍ വൃത്തിയാക്കിയ കരാറുകാരന്‍ ഡാലിയ ഉദ്യാനത്തില്‍ പുതിയ ചെടികളും നട്ടു. നിര്‍മാണവും ഒരു വര്‍ഷത്തെ പരിപാലനവും ഏറ്റെടുത്ത കേരള കാര്‍ഷിക സര്‍വകലാശാലയുടെ അമ്പലവയല്‍ മേഖല ഗവേഷണ കേന്ദ്രവുമായി ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ കണക്കിലെ വ്യക്തതയെചൊല്ലി കൊമ്പുകോര്‍ത്തതാണ് പൂന്തോട്ടങ്ങള്‍ കളകയറാന്‍ കാരണമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.