മുത്തങ്ങ ചെക്പോസ്റ്റില്‍ നികുതി വെട്ടിപ്പ്

സുല്‍ത്താന്‍ ബത്തേരി: മുത്തങ്ങ ചെക്പോസ്റ്റില്‍ അമിതഭാരം കയറ്റിവരുന്ന ലോറികള്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കടത്തിവിടുന്നു. ഇത് സര്‍ക്കാറിന് നികുതിയിനത്തില്‍ കനത്തനഷ്ടമാണ് വരുത്തിവെക്കുന്നത്. മുത്തങ്ങയില്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് ചെക്പോസ്റ്റ്, ഫോറസ്റ്റ് ചെക്പോസ്റ്റ്, എക്സൈസ് ചെക്പോസ്റ്റ്, സെയില്‍സ് ടാക്സ് ചെക്പോസ്റ്റ് എന്നിവയാണുള്ളത്. ഇതില്‍ ആര്‍.ടി ചെക്പോസ്റ്റാണ് അമിതഭാരം പരിശോധിക്കേണ്ടത്. എന്നാല്‍, കാര്യമായ പരിശോധനകളൊന്നും കൂടാതെതന്നെ ഉദ്യോഗസ്ഥര്‍ വാഹനങ്ങള്‍ കടത്തിവിടുകയാണ്. ഗ്രാനൈറ്റ്, ടൈല്‍, ഇരുമ്പ്, സ്റ്റീല്‍ തുടങ്ങിയ സാധനങ്ങളാണ് അനുവദനീയമായ അളവില്‍ കൂടുതല്‍ ചെക്പോസ്റ്റ് വഴി കടന്നുപോകുന്നത്. സാധനങ്ങള്‍ കയറ്റുന്ന കമ്പനികളില്‍നിന്ന് നല്‍കുന്ന തൂക്കച്ചീട്ട് പരിശോധിച്ച ശേഷമാണ് വാഹനങ്ങള്‍ കടന്നുപോകുന്നതിന് അനുവദിക്കുന്നത്. സാധനങ്ങള്‍ കയറ്റിവിടുന്ന കമ്പനികളില്‍നിന്ന് നല്‍കുന്നത് കൃത്യമായ തൂക്കച്ചീട്ടായിരിക്കും. എന്നാല്‍, ലോറിക്കാരാണ് ഈ ചീട്ടില്‍ കൃതൃമം കാണിക്കുന്നത്. സാധനം കയറ്റുന്നതിന് 12 ചക്രമുള്ള ലോറി നല്‍കാമെന്ന് കമ്പനിയെ അറിയിക്കുകയും പിന്നീട് 10 ചക്രമുള്ള ലോറി അയക്കുകയും ചെയ്യും. 12 ചക്രമുള്ള ലോറിയില്‍ കയറ്റേണ്ട സാധനം 10 ചക്രമുള്ള ലോറിയില്‍ കയറ്റും. എന്നാല്‍, കമ്പനിയില്‍നിന്ന് നല്‍കുന്നത് 12 ചക്രമുള്ള ലോറിയില്‍ കയറ്റിയ സാധനത്തിന്‍െറ തൂക്കച്ചീട്ടാണ്. ഈ ചീട്ടിന് പകരം ലോറിക്കാര്‍ മറ്റൊരു ചീട്ട് സംഘടിപ്പിക്കുകയാണ് പതിവ്. ചെക്പോസ്റ്റുകളില്‍ ശരിയായ തൂക്കച്ചീട്ട് കാണിക്കാതെ കൃത്രിമമായി തയാറാക്കിയ ചീട്ട് നല്‍കും. ഉദ്യോഗസ്ഥര്‍ക്കും ഈ വിവരം അറിയാം. സ്ഥിരമായി ലോഡുമായി വരുന്നവരായതിനാല്‍ പരിശോധനകള്‍ക്കൊന്നും നില്‍ക്കാതെ ഇവരെ കടത്തിവിടാറാണ് പതിവ്. ചില ലോറിക്കാര്‍ തങ്ങള്‍ക്ക് പരിചയമുള്ള ഉദ്യോഗസ്ഥനല്ളെങ്കില്‍ അയാള്‍ വരുന്നതുവരെ ചെക്പോസ്റ്റില്‍ കിടക്കാറുമുണ്ട്. അധികം കയറ്റിവരുന്ന ഒരു ലോഡിന് 3000 രൂപ അടക്കണം. പിന്നീട് കൂടുതലുള്ള ഓരോ ലോഡിനും 1000 രൂപ വീതവും അടക്കണം. പരിചിതരല്ലാത്ത ലോറിക്കാര്‍ വരുമ്പോള്‍ മാത്രമാണ് അധികൃതര്‍ പരിശോധന നടത്തുന്നതും തുക കെട്ടിവെക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നത്. ജീവനക്കാര്‍ കുറവുള്ള ദിവസങ്ങളിലും വാഹനങ്ങള്‍ കൂടുതലുള്ള സമയങ്ങളിലും കൃത്യമായ പരിശോധന നടത്താന്‍ സാധിക്കാറില്ളെന്നാണ് സെയില്‍ ടാക്സ് അധികൃതര്‍ പറയുന്നത്. രാത്രിയില്‍ ചെക്പോസ്റ്റ് അടച്ചിടുന്നതിനാല്‍ ചില സമയങ്ങളില്‍ പച്ചക്കറി വാഹനങ്ങള്‍ ധാരാളം കടന്നുവരും. ഈ സമയത്ത് കൃത്യമായ പരിശോധന നടത്താറില്ല. സംസ്ഥാനത്തിലെ മറ്റ് ചെക്പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കിയതിനാല്‍ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ തുടങ്ങിയ ജില്ലകളിലേക്കുള്ള പല സാധനങ്ങളും മുത്തങ്ങ വഴിയാണ് കടന്നുപോകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.