ആദിവാസികളെ കുരുക്കി പോക്സോ: പ്രതിഷേധം പുകയുന്നു

കല്‍പറ്റ: ലൈംഗികാതിക്രമങ്ങളില്‍നിന്ന് കുട്ടികളെ തടയുന്ന നിയമം (പോക്സോ) പ്രത്യേക സാഹചര്യത്തില്‍ ചുമത്തപ്പെട്ട് ആദിവാസി യുവാക്കള്‍ ജയിലിലാകുന്നതിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. വിവിധ സംഘടനകള്‍ നടത്തുന്ന സമരത്തിന് പൊതുജനപിന്തുണ ഏറുകയാണ്. പണിയ ആചാരപ്രകാരം പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്ന ആദിവാസി യുവാക്കളാണ് പോക്സോ നിയമം ചുമത്തപ്പെട്ട് ജയിലിലാകുന്നത്. ജാമ്യം കിട്ടാനായി ഈടുനല്‍കാന്‍ ആധാരവും നികുതിശീട്ടും കോടതിയില്‍ നല്‍കാന്‍ കഴിയാത്തതിനാല്‍ ഇവര്‍ക്ക് ജാമ്യംപോലും ലഭിക്കുന്നില്ല. ആദിവാസി യുവാക്കളുടെ ദയനീയ ജീവിതം ‘മാധ്യമ’മാണ് പുറംലോകത്തത്തെിച്ചത്. ഇതോടെ സാമൂഹികപ്രവര്‍ത്തകരും മനുഷ്യാവകാശപ്രവര്‍ത്തകരും പ്രശ്നത്തില്‍ ഇടപെടുകയായിരുന്നു. തിങ്കളാഴ്ച രാവിലെ 11ന് മനുഷ്യാവകാശപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കല്‍പറ്റ പോക്സോ കോടതിയിലേക്ക് ബഹുജന മാര്‍ച്ച് നടത്തുന്നുണ്ട്. പണിയ സമുദായ ആചാരപ്രകാരം ഇഷ്ടപ്പെട്ട പെണ്‍കുട്ടി വയസ്സറിയിച്ചുകഴിഞ്ഞാല്‍ പിന്നെ ഇരുവീട്ടുകാരുടെയും സമ്മതപ്രകാരം ചെറുക്കനൊപ്പം ഒരുമിച്ചുതാമസിക്കുകയാണ് ചെയ്യുക. നിയമപ്രകാരം കല്യാണം കഴിക്കാന്‍ പുരുഷന് 21ഉം പെണ്‍കുട്ടിക്ക് 18 ഉം വയസ്സ് പൂര്‍ത്തിയാകണം. എന്നാല്‍, പണിയവിവാഹത്തില്‍ മിക്കവാറും പെണ്‍കുട്ടികള്‍ക്ക് 18 വയസ്സ് തികയാറില്ല. ഇതോടെയാണ് പോക്സോ നിയമപ്രകാരം യുവാക്കള്‍ ജയിലിലാകുന്നത്. അറിവില്ലായ്മകൊണ്ടും ആചാരപ്രകാരമുള്ള വിവാഹമായതുകൊണ്ടും ഇത്തരം സന്ദര്‍ഭത്തില്‍ ആദിവാസി യുവാക്കള്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്നാണ് മനുഷ്യാവകാശപ്രവര്‍ത്തകരുടെ ആവശ്യം. പൊതുവിഭാഗത്തിലുള്ളവര്‍ പ്രായപൂര്‍ത്തിയാകാത്തവരെ പീഡിപ്പിക്കുന്ന സംഭവങ്ങളില്‍ പോക്സോ ചുമത്താന്‍ പൊലീസ് ഇത്രത്തോളം ആവേശം കാട്ടാറില്ളെന്നും ആരോപണമുണ്ട്. പല സംഭവങ്ങളും പൊലീസ് സ്റ്റേഷനുകളില്‍ തന്നെ ഒത്തുതീര്‍ക്കുന്നു. എന്നാല്‍, തങ്ങളുടെ സമ്മതപ്രകാരമാണ് കല്യാണമെന്ന് മാതാപിതാക്കളും പെണ്‍കുട്ടിയും മൊഴി നല്‍കിയാലും പോക്സോ കുരുക്കില്‍നിന്ന് ആദിവാസി യുവാക്കള്‍ രക്ഷപ്പെടാത്ത അവസ്ഥയാണ്. കോടതിയിലും ആദിവാസികള്‍ക്ക് പ്രത്യേക പരിഗണന ലഭിക്കുന്നില്ല. വയനാട് ജില്ലാ കോടതിയില്‍ ഇപ്പോള്‍ 90 പോക്സോ കേസുകളാണുള്ളത്. ഇതില്‍പെട്ട നിരവധി യുവാക്കള്‍ മാനന്തവാടി ജില്ലാ ജയിലിലും വൈത്തിരി സബ് ജയിലിലും കഴിയുകയാണ്. ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ തീര്‍ക്കണമെന്നാണ് നിയമമെങ്കിലും ഇത് നീളുകയാണ്. ജാമ്യത്തിന് സ്വന്തം ആധാരം ഈടുവെക്കണം. ഇതില്ലാത്തതിനാല്‍ യുവാക്കള്‍ക്ക് ജാമ്യംപോലും കിട്ടുന്നില്ല. അഴിക്കുള്ളിലായ യുവാക്കളുടെ ദുരിതം പോലത്തെന്നെയാണ് പുറത്ത് കഴിയുന്ന ഭാര്യമാരായ പെണ്‍കുട്ടികളുടെ അവസ്ഥയും. ചിലര്‍ ഗര്‍ഭിണികളാണ്. മറ്റു ചിലര്‍ കൈക്കുഞ്ഞുങ്ങളുള്ളവരും. ജയിലില്‍ കഴിയുന്ന ഭര്‍ത്താക്കന്മാരെ കാണാന്‍ എത്തുന്ന ഈ ബാലികമാര്‍ ജയില്‍ ജീവനക്കാര്‍ക്കും മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്കും വേദനക്കാഴ്ചയാണ്. ഈ വിഷയത്തില്‍ ആദിവാസി യുവാക്കളെ സഹായിക്കുന്നതിനായി രൂപവത്കരിച്ച സാമൂഹിക-മനുഷ്യാവകാശ പ്രവര്‍ത്തകരുടെ കൂട്ടായ്മയുടെ പ്രവര്‍ത്തന ഫലമായി ഏഴു പേര്‍ക്ക് ജാമ്യം ലഭിച്ചതായി ആദിവാസി കല്യാണങ്ങളെ പോക്സോയില്‍പെടുത്തി പീഡിപ്പിക്കുന്നതിനെതിരായ ജനകീയ സമിതിയുടെ കണ്‍വീനര്‍ ഡോ. പി.ജി. ഹരി പറയുന്നു. കല്‍പറ്റ പോക്സോ കോടതിയിലേക്ക് നടത്തുന്ന ബഹുജന മാര്‍ച്ചിന് അധിനിവേശ പ്രതിരോധ സമിതിയുടെ പിന്തുണയുമുണ്ടെന്ന് സംസ്ഥാന പ്രസിഡന്‍റ് ഡോ. ആസാദ്, സെക്രട്ടറി വി.കെ. സുരേഷ്, കെ.സി. ഉമേഷ് ബാബു, കെ.കെ. അശോക് എന്നിവരും കഴിഞ്ഞ ദിവസം അറിയിച്ചിട്ടുണ്ട്. പ്രതിഷേധമാര്‍ച്ചിന്‍െറ വിവരങ്ങള്‍ വിശദീകരിക്കാന്‍ വയനാട് പ്രസ്ക്ളബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പോക്സോയുടെ ഇരകളായവരടക്കമുള്ള ആദിവാസി യുവാക്കളും പങ്കെടുത്തു. സ്വസമുദായത്തിലെ പെണ്‍കുട്ടികളെ ഗോത്രാചാരപ്രകാരം വിവാഹം ചെയ്തതിന് ആദിവാസി യുവാക്കളെ ജയിലിലടക്കുന്നതിനെതിരെ സമൂഹം രംഗത്തുവരണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. ആദിവാസി പെണ്‍കുട്ടികള്‍ ഇരകളാക്കപ്പെടുന്ന നിരവധി കേസുകള്‍ തേച്ചുമായ്ച്ചു കളയുമ്പോഴാണ് ആദിവാസി കല്യാണങ്ങളെ പോക്സോയില്‍പെടുത്തി ജീവപര്യന്തം ശിക്ഷിക്കുന്നത്. ചെയ്ത തെറ്റെന്തെന്ന് തങ്ങള്‍ക്ക് അറിയില്ലായിരുന്നു. കോളനിയിലത്തെിയ പൊലീസുകാര്‍ ഒപ്പിടാനെന്നു പറഞ്ഞു കൂട്ടിക്കൊണ്ടുപോയാണ് മാസങ്ങളോളം തടങ്കലിലാക്കിയത്. നികുതിശീട്ടുപോലും സ്വന്തമായിട്ടില്ലാത്ത തങ്ങളുടെ ബന്ധുക്കളോട് ജാമ്യത്തിന് ആധാരമോ പട്ടയശീട്ടോ ഹാജരാക്കാനായിരുന്നു കോടതി നിര്‍ദേശം. അതിനാല്‍ ജാമ്യം ലഭിച്ചിട്ടും വീണ്ടും കുറേക്കാലം ജയിലില്‍ കഴിയേണ്ടിവന്നു. തങ്ങള്‍ക്ക് വക്കീലിനെ ഏര്‍പ്പെടുത്താനോ സഹായം ആവശ്യപ്പെടാന്‍ എവിടെപ്പോകണമെന്നോ ബന്ധുക്കള്‍ക്ക് അറിയില്ലായിരുന്നുവെന്നും യുവാക്കള്‍ പറയുന്നു. പോക്സോയുടെ ദുരുപയോഗമാണ് നടക്കുന്നതെന്നും ഒരു കേസിലും നീതിപൂര്‍വമായ വിചാരണ നടന്നിട്ടില്ളെന്നും ആക്ഷേപമുണ്ട്. ആദിവാസി യുവജനങ്ങളുടെ ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്ന നടപടി നീതിന്യായ വ്യവസ്ഥക്ക് അപമാനകരമാണെന്നും കേസുകള്‍ റദ്ദാക്കണമെന്നും ജനാധിപത്യ ഊരുവികസന മുന്നണി കണ്‍വീനര്‍ എം. ഗീതാനന്ദന്‍, രമേശന്‍ കോയാലിപ്പുര, രവി തിരുവണ്ണൂര്‍ എന്നിവര്‍ പറയുന്നു. ഈ ആവശ്യം ഉന്നയിച്ച് ഏപ്രില്‍ 19ന് ഹൈകോടതിക്ക് മുന്നില്‍ ആദിവാസി ഗോത്രമഹാസഭ പൗരാവകാശ സഭ എന്ന പ്രത്യേക പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.