അഞ്ചു വര്‍ഷത്തിനിടെ വടക്കേ വയനാട്ടില്‍ കത്തിനശിച്ചത് 1465 ഹെക്ടര്‍ വനഭൂമി

മാനന്തവാടി: കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ വടക്കേ വയനാട്ടില്‍ 1465 ഹെക്ടര്‍ വനഭൂമി കത്തിനശിച്ചതായി വനം വകുപ്പിന്‍െറ കണക്കുകള്‍ വ്യക്തമാക്കുന്നു. 2012 ജനുവരി ഒന്നുമുതല്‍ 2016 മാര്‍ച്ച് 18 വരെയുള്ള കണക്കുകളാണിത്. 2012ല്‍ 106.6839 ഹെക്ടറും 2013ല്‍ 29.4679ഉം, 2014ല്‍ 174 ഹെക്ടറും, 2015ല്‍ 20.7885 ഹെക്ടറും, 2016ല്‍ 34.309 ഹെക്ടറും വനഭൂമികളാണ് കത്തിനശിച്ചത്. 2014ല്‍ അസാധാരണമായ രീതിയിലുള്ള കാട്ടുതീയെ തുടര്‍ന്ന് 1100ഓളം ഹെക്ടര്‍ വനഭൂമി കൂടി കത്തിനശിച്ചിരുന്നു. ഇതുകൂടി ഉള്‍പ്പെടുത്തിയാല്‍ 2014ല്‍ 1274 ഹെക്ടര്‍ വനഭൂമിയാണ് കത്തിയത്. മൂന്ന് തവണയൊഴികെ സ്വാഭാവിക തീപിടിത്തമെന്നാണ് വനം വകുപ്പിന്‍െറ നിഗമനം. 2014 ഫെബ്രുവരി ഒന്നിന് പേര്യ റെയ്ഞ്ചിലെ വരയാല്‍ ഫോറസ്റ്റ് സ്റ്റേഷന് കീഴില്‍ ഒരു ഹെക്ടര്‍ പുല്‍ത്തകിട് കത്തിനശിച്ചതും അതേ വര്‍ഷം ഫെബ്രുവരി 16ന് വരയാല്‍ ഡിവിഷനിലെ കമ്പിനികുന്നില്‍ ഒരു ഹെക്ടര്‍ പുല്‍ത്തകിടും 2014 മാര്‍ച്ച് 17ന് ബേഗൂര്‍ റെയ്ഞ്ചില്‍പ്പെട്ട അപ്പപ്പാറ ഡിവിഷനില്‍ 1100 ഹെക്ടര്‍ വനംഭൂമി കത്തിനശിച്ചതും അസ്വാഭാവികമാണെന്നാണ് വനം വകുപ്പിന്‍െറ വിലയിരുത്തല്‍. 2012ല്‍ 10,750 രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കിയിട്ടുണ്ട്. ബാക്കിയുള്ള നാലുവര്‍ഷവും സര്‍ക്കാര്‍ ഭൂമിയാണ് കത്തിയതെന്നതിനാല്‍ നഷ്ടം കൃത്യമായി കണക്കാക്കിയിട്ടില്ല. റിസര്‍വ് വനങ്ങളും നിക്ഷിപ്ത വനങ്ങളും പ്ളാന്‍േറഷനും കത്തിനശിച്ചവയില്‍ ഉള്‍പ്പെടും. ഇത്തവണ കാട്ടുതീ പ്രതിരോധത്തിന് ഫണ്ട് വെട്ടിക്കുറച്ചതിനാല്‍ ഫയര്‍ലൈന്‍ പ്രവൃത്തികള്‍ വെട്ടിച്ചുരുക്കി കൂടുതല്‍ ഫയര്‍വാച്ചര്‍മാരെ നിയമിച്ചാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.