തലമുറകള്‍ക്ക് ആദ്യക്ഷരം പകര്‍ന്ന പള്ളിക്കൂടത്തിന് പുതിയ മുഖം

കല്‍പറ്റ: തലമുറകള്‍ക്ക് ആദ്യക്ഷരത്തിന്‍െറ മധുരം പകര്‍ന്നുനല്‍കിയ പള്ളിക്കൂടത്തിന് പുതിയ കെട്ടിടം. നുസ്രത്തുദ്ദീന്‍ മുസ്ലിം സംഘത്തിന്‍െറ കീഴില്‍ 1938ല്‍ ഓലഷെഡില്‍ തുടങ്ങിയ കല്‍പറ്റ എച്ച്.ഐ.എം യു.പി സ്കൂളിനാണ് മനോഹരമായ പുതിയ കെട്ടിടം പൂര്‍ത്തിയായത്. കേന്ദ്രസര്‍ക്കാറിന്‍െറ ഐ.ഡി.എം.ഐ സ്കീമില്‍നിന്നുള്ള 50 ലക്ഷമടക്കം ഉപയോഗപ്പെടുത്തിയാണ് ഒരു കോടി ചെലവ് വരുന്ന കെട്ടിടം പൂര്‍ത്തിയാക്കിയത്. 2011ലാണ് പ്രവൃത്തി തുടങ്ങിയത്. 1948ല്‍ വാങ്ങിയ 40 സെന്‍റില്‍ പണിത പുതിയകെട്ടിടത്തില്‍ ഡിജിറ്റല്‍ സംവിധാനത്തോടുകൂടിയ 17 ക്ളാസ് റൂമുകളുണ്ട്. നിലവിലുള്ള പഴയ ഓടുകെട്ടിടത്തില്‍ എല്‍.കെ.ജി, യു.കെ.ജി ക്ളാസുകളാണ് ഇനിയുണ്ടാവുക. 580 വിദ്യാര്‍ഥികളാണുള്ളത്. 20 അധ്യാപകരും ഒരു അനധ്യാപക ജീവനക്കാരനുമുണ്ട്. എല്ലാ ഡിവിഷനിലും ഇംഗ്ളീഷ് മീഡിയവുമുണ്ട് എന്നതാണ് പ്രത്യേകത. ആദ്യകാലത്ത് മുസ്ലിം മാനേജ്മെന്‍റിന് കീഴില്‍ തുടങ്ങിയ ഏക സ്കൂളാണിത്. പിന്നീട് ജില്ലയില്‍ 1967ലാണ് ഡബ്ള്യൂ.എം.ഒക്ക് കീഴില്‍ മറ്റൊരു സ്കൂള്‍ ആരംഭിക്കുന്നത്്. ചടങ്ങിനോടനുബന്ധിച്ച് ഏപ്രില്‍ രണ്ടിന് രാവിലെ 10 മുതല്‍ സ്കൂള്‍ പൂര്‍വവിദ്യാര്‍ഥി-അധ്യാപകസംഗമവും നടക്കും. പുതിയ കെട്ടിടത്തിന്‍െറ ഉദ്ഘാടനത്തോടനുബന്ധിച്ച വാര്‍ഷികാഘോഷം വെള്ളിയാഴ്ച മുതല്‍ ഏപ്രില്‍ മൂന്നുവരെയുള്ള ദിവസങ്ങളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മൂന്നിന് വൈകീട്ട് മൂന്നിന് കെട്ടിടം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് ഘോഷയാത്ര നടക്കും. വൈകീട്ട് ഏഴിന് ഉസ്താദ് ഗുലാബ് ജാനും സംഘവും അവതരിപ്പിക്കുന്ന മെഹ്ഫില്‍ (ഗസല്‍നൈറ്റ്) നടക്കും. ശനിയാഴ്ച രാവിലെ 10ന് സ്നേഹസംഗമം സാഹിത്യകാരന്‍ കാനേഷ് പൂനൂര് ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടിന് മദ്റസ ഫെസ്റ്റ് നടക്കും. മാപ്പിളപ്പാട്ട് ഗവേഷകന്‍ ഫൈസല്‍ എളേറ്റില്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് മദ്റസ വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ നടക്കും. വൈകീട്ട് ഏഴിന് നടക്കുന്ന സര്‍ഗോത്സവത്തില്‍ ഡോ. ബോബി ചെമ്മണൂര്‍ മുഖ്യാതിഥിയാവും. മൂന്നിന് രാവിലെ ഒമ്പതിന് വനിതാസന്ദര്‍ശനം നടക്കും. 10ന് മാതൃസംഗമം നടക്കും. തുടര്‍ന്ന് വൈകീട്ട് മൂന്നിന് നടക്കുന്ന ഉദ്ഘാടനസമ്മേളനത്തില്‍ പ്രസിഡന്‍റ് അഡ്വ. കെ. മൊയ്തു അധ്യക്ഷത വഹിക്കും. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കുന്ന ചടങ്ങില്‍ എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാതല ചിത്രരചന വിജയികള്‍ക്ക് ചടങ്ങില്‍ ഉപഹാരം നല്‍കും. ഡബ്ള്യൂ.എം.ഒ സെക്രട്ടറി എം.എ. മുഹമ്മദ് ജമാല്‍ സുവനീര്‍ പ്രകാശനം നിര്‍വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ സ്കൂള്‍ മാനേജര്‍ അഡ്വ. കെ. മൊയ്തു, സി. മൊയ്തീന്‍കുട്ടി, വി.എ. മജീദ്, അഷ്റഫ് വേങ്ങാടന്‍, റ്റാജി എം. തോമസ്, അറക്കല്‍ സൂപ്പി എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.