വയനാടൊരുങ്ങുന്നു; മൂന്നാറാകാന്‍

കല്‍പറ്റ: വയനാട്ടിലെ തോട്ടം മേഖലയിലിപ്പോള്‍ മൂന്നാര്‍ നല്‍കുന്ന ആവേശം ഒത്തിരിയാണ്. ഒന്നിച്ചുനില്‍ക്കാന്‍ കൊടിയും നേതാക്കളുടെ ആജ്ഞകളുമൊന്നും ആവശ്യമില്ളെന്ന തിരിച്ചറിവ് മൂന്നാര്‍ നല്‍കുമ്പോള്‍ വയനാട്ടിലെ തോട്ടങ്ങളില്‍ അതിന്‍െറ അനുരണനങ്ങള്‍ക്ക് സാധ്യതയേറെയാണെന്ന് വിലയിരുത്തപ്പെടുന്നു. പ്രകൃതിസുന്ദരമായ ചായത്തോട്ടങ്ങളില്‍ മുതലാളിമാര്‍ക്കുവേണ്ടി വിയര്‍പ്പൊഴുക്കുന്ന ജില്ലയിലെ പതിനായിരത്തോളം തൊളിലാളികള്‍ക്ക് മൂന്നാര്‍ മോഡല്‍ പ്രതീക്ഷയുണര്‍ത്തുന്ന പ്രചോദനമാവുകയാണ്. ബോണസില്‍ വന്ന ഗണ്യമായ കുറവാണ് ഏറെക്കാലമായി തൊഴിലാളികള്‍ക്കിടയില്‍ പുകയുന്ന അതൃപ്തി മൂന്നാറില്‍ തെരുവിലേക്കത്തൊന്‍ കാരണമായതെങ്കില്‍ അതേ കാരണങ്ങള്‍ വയനാട്ടിലുമുണ്ടെന്നതാണ് ഇങ്ങനെയൊരു സമരത്തെക്കുറിച്ച് തൊഴിലാളികള്‍ക്കിടയില്‍ ചിന്തയുണരാന്‍ കാരണം. കഴിഞ്ഞ വര്‍ഷം 16 ശതമാനം ബോണസ് നല്‍കിയിരുന്നിടത്ത് ഹാരിസണ്‍ മലയാളം ഇക്കുറി നല്‍കുന്നത് 8.33 ശതമാനം മാത്രം. തൊഴിലാളികളുമായി ചര്‍ച്ച നടത്താതെ ഏകപക്ഷീയമായി തോട്ടമുടകമള്‍ നിശ്ചയിച്ച ബോണസ് കൈപ്പറ്റാന്‍ പല യൂനിയനുകളും തീരുമാനിച്ചിട്ടുണ്ടെങ്കിലും ഈ യൂനിയനുകളില്‍ ഉള്‍പ്പെട്ട തൊഴിലാളികള്‍ മിക്കവരും നേതാക്കളുടെ ആജ്ഞ ചെവിക്കൊള്ളാന്‍ തയാറാവുന്നില്ല. ട്രേഡ് യൂനിയനുകളുടെയും കമ്പനികളുടെയും അവിശുദ്ധ കൂട്ടുകെട്ട് ഭൂരിഭാഗം തൊഴിലാളികളും തിരിച്ചറിഞ്ഞുതുടങ്ങുന്നെന്ന സൂചനകളാണിത് നല്‍കുന്നത്. ശമ്പളം സ്ഥിരമായി വൈകി നല്‍കുന്നതില്‍ പ്രതിഷേധിച്ച് ഒരുപാടുകാലമായി തുടരുന്ന അതൃപ്തി ശക്തമായ സമരത്തിന്‍െറ വഴിതേടാനൊരുങ്ങുകയാണ്. ശരാശരി 232 രൂപയാണ് വയനാട്ടിലെ തോട്ടം തൊഴിലാളിയുടെ പ്രതിദിന കൂലി. ദിവസം 21 കിലോ കൊളുന്താണ് ഓരോ തൊഴിലാളിയും നുള്ളേണ്ടത്. 21 കിലോയില്‍ കൂടുതല്‍ നുള്ളുന്ന ഓരോ കിലോക്കും പരമാവധി 1.10 രൂപ മാത്രമാണ് ലഭിക്കുക. ജീവിതച്ചെലവ് ഗണ്യമായി വര്‍ധിച്ച കാലത്ത് ഈ തുകകൊണ്ട് കഴിഞ്ഞുപോകാന്‍ ഏറെ പ്രയാസപ്പെടുന്നതായി തോട്ടംതൊഴിലാളികള്‍ പറയുന്നു. എന്നിട്ടും മിക്കവരും ദാരിദ്ര്യരേഖക്ക് മുകളില്‍ (എ.പി.എല്‍) ആണ്. സ്വന്തമായി ഭൂമിയും വീടുമില്ലാത്ത തങ്ങളെ ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ദേശീയപാത ഉപരോധമടക്കമുള്ള സമരങ്ങള്‍ സംഘടിപ്പിച്ചിട്ടും അതൊന്നും ലക്ഷ്യത്തിലത്തെിയില്ല. ബി.പി.എല്‍ നമ്പര്‍ ഇല്ലാത്തതിനാല്‍ ഭവനപദ്ധതികളുടെ ആനുകൂല്യമൊന്നും ഇവരെ തേടിയത്തെുന്നില്ല. എസ്റ്റേറ്റ് പാടികളിലെ പൊട്ടിപ്പൊളിഞ്ഞതും ഇടുങ്ങിയതുമായ സൗകര്യങ്ങളില്‍ ഒരു ജീവിതകാലം മുഴുവന്‍ കഴിച്ചുകൂട്ടേണ്ടിവരുന്നു. പണ്ട് കമ്പിളിപ്പുതപ്പും മറ്റും നല്‍കിയിരുന്നെങ്കില്‍ ഇപ്പോള്‍ അതൊന്നുമില്ല. 1951ലെ പ്ളാന്‍േറഷന്‍ ലേബര്‍ ആക്ട് പ്രകാരമുള്ള നാമമാത്രമായ വൈദ്യസഹായംപോലും ഇപ്പോള്‍ കമ്പനികള്‍ നല്‍കുന്നില്ല. വയനാട്ടിലെ തോട്ടങ്ങളില്‍ ഇതരസംസ്ഥാനങ്ങളില്‍നിന്നും മറ്റു ജില്ലകളില്‍നിന്നും കുടിയേറിയ പട്ടികജാതി, വര്‍ഗക്കാരായ നിരവധി തൊഴിലാളികളുണ്ട്. എന്നാല്‍, 1950നുമുമ്പ് വയനാട്ടില്‍ വന്നുവെന്ന് തെളിയിക്കുന്ന രേഖകള്‍ നല്‍കിയാല്‍ മാത്രമേ ഇവര്‍ക്ക് പട്ടികജാതിക്കാരെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കൂ. അതില്ലാത്തതിനാല്‍ അര്‍ഹതപ്പെട്ട ആനുകൂല്യം മിക്കവര്‍ക്കും ലഭിക്കുന്നില്ല. എച്ച്.എം.എല്‍, പോഡാര്‍, എ.വി.ടി, ഹാരിസണ്‍ തുടങ്ങിയ വന്‍തോട്ടങ്ങള്‍ക്കു പുറമെ ജില്ലയിലെ എല്‍സ്റ്റണ്‍, ചെമ്പ്ര, കുറുക്കന്‍മല, കോട്ടനാട്, കോളേരി, വാര്യാട് തുടങ്ങിയ മുപ്പതോളം ചെറുകിട തോട്ടങ്ങളിലും അസംതൃപ്തി പുകയുമ്പോള്‍ മൂന്നാര്‍ മോഡലിന് വയനാടും അരങ്ങൊരുക്കിയാല്‍ അദ്ഭുതപ്പെടാനില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.