നിര്‍മാണ നിയന്ത്രണം മരവിപ്പിച്ചത് ദുരൂഹം

കല്‍പറ്റ: പാരിസ്ഥിതിക പ്രാധാന്യം മുന്‍നിര്‍ത്തി വയനാട്ടില്‍ ബഹുനില കെട്ടിടനിര്‍മാണത്തിന് നിയന്ത്രണമേര്‍പ്പെടുത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍കൂടിയായ കലക്ടര്‍ ഇറക്കിയ ഉത്തരവ് മരവിപ്പിച്ച സര്‍ക്കാര്‍ നീക്കത്തില്‍ ദുരൂഹത. വയനാടന്‍ ജനത സര്‍വാത്മനാ സ്വാഗതംചെയ്ത കലക്ടറുടെ തീരുമാനം പൊടുന്നനെ മരവിപ്പിക്കുന്നത് റിയല്‍ എസ്റ്റേറ്റ് മാഫിയക്കുവേണ്ടിയാണെന്ന ആരോപണം ശക്തമാണ്. കലക്ടറുടെ ഉത്തരവുപ്രകാരം മുനിസിപ്പാലിറ്റി ഏരിയയില്‍ പരമാവധി അഞ്ചുനിലയും മറ്റിടങ്ങളില്‍ പരമാവധി മൂന്നുനിലയുമുള്ള കെട്ടിടങ്ങള്‍ മാത്രമേ നിര്‍മിക്കാവൂ. വൈത്തിരി ഗ്രാമപഞ്ചായത്തിലെ കുന്നത്തിടവക വില്ളേജ് പൂര്‍ണമായും ഉള്‍ക്കൊള്ളുന്ന ലക്കിടി പ്രദേശത്ത് പരമാവധി രണ്ടുനില കെട്ടിടങ്ങളേ പണിയാന്‍ പാടുള്ളൂ. ലക്കിടിയില്‍ കെട്ടിടങ്ങളുടെ ഉയരം പരമാവധി എട്ടു മീറ്ററും നഗരസഭാ പ്രദേശത്ത് പരമാവധി 15 മീറ്ററും മാത്രമേ പാടുള്ളൂ. ഈ രണ്ടിലും ഉള്‍പ്പെടാത്ത പ്രദേശങ്ങളില്‍ 10 മീറ്റര്‍ ഉയരത്തില്‍ കവിയരുത്. കല്‍പറ്റ മുനിസിപ്പാലിറ്റിക്കു പുറമെ സുല്‍ത്താന്‍ ബത്തേരിയും മാനന്തവാടിയും മുനിസിപ്പാലിറ്റികളാക്കാന്‍ തീരുമാനിച്ചതിനാല്‍ വയനാട്ടിലെ മൂന്നു പ്രമുഖ പട്ടണങ്ങളിലും അഞ്ചുനില വരെയുള്ള കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ ഉത്തരവുപ്രകാരം തടസ്സമുണ്ടാകുമായിരുന്നില്ല. സാധാരണക്കാരും പരിസ്ഥിതി പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവര്‍ ഇങ്ങനെയൊരു നിയന്ത്രണം അനിവാര്യമാണെന്ന അഭിപ്രായക്കാരായിരുന്നു. എന്നാല്‍, കലക്ടറുടെ ഉത്തരവ് ഏകപക്ഷീയമാണെന്നും പിന്‍വലിക്കണമെന്നും കുറ്റപ്പെടുത്തി മുഖ്യഭരണകക്ഷിയായ കോണ്‍ഗ്രസാണ് തുടക്കംമുതല്‍ ശക്തമായി രംഗത്തുണ്ടായിരുന്നത്. മുഖ്യമന്ത്രിയിലടക്കം സമ്മര്‍ദം ചെലുത്തി ഉത്തരവ് പിന്‍വലിപ്പിക്കാന്‍ നീക്കം നടന്നെങ്കിലും കലക്ടര്‍ കേശവേന്ദ്രകുമാര്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ജില്ലയിലെ ഒരു എം.എല്‍.എയുടെ നേതൃത്വത്തില്‍ ഉത്തരവിനെതിരായ നീക്കങ്ങള്‍ ഊര്‍ജിതമായി നടന്നു. ജില്ലക്ക് വന്‍ പ്രത്യാഘാതമേല്‍പിച്ചേക്കാവുന്ന ബഹുനില കെട്ടിടങ്ങളുടെ നിര്‍മാണം നിയന്ത്രിക്കണമെന്ന കാര്യത്തില്‍ തനിക്ക് രണ്ടഭിപ്രായമില്ളെന്നായിരുന്നു കലക്ടറുടെ വാദം. കലക്ടര്‍ എന്ന നിലയില്‍ താന്‍ ഒറ്റക്കെടുത്ത തീരുമാനമല്ല ഇതെന്നും ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് ആക്ട് 2005ലെ 30(2)(iii), 30(2)(v) വകുപ്പുകളനുസരിച്ച് ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് കമ്മിറ്റിയുടേതാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കലക്ടറുടെ ഉത്തരവ് വിവാദമായെങ്കിലും ജില്ലയിലെ അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെ പൊതുജനശ്രദ്ധ ഉയര്‍ന്നുവരാന്‍ അതിടയാക്കി. റിയല്‍ എസ്റ്റേറ്റ്, റിസോര്‍ട്ട് മാഫിയകള്‍ അനധികൃത നിര്‍മാണങ്ങളും കൈയേറ്റങ്ങളും നടത്തി വയനാടിനെ കൊള്ളയടിക്കുകയാണെന്നും ലക്കിടി അടക്കമുള്ള പ്രദേശങ്ങളില്‍ ഇങ്ങനെയൊരു നിയന്ത്രണം അനിവാര്യമാണെന്നുമായിരുന്നു പൊതുജനത്തിന്‍െറ അഭിപ്രായം. ചുരത്തോടുചേര്‍ന്ന ലക്കിടി പ്രദേശത്ത് സമീപകാലത്ത് കുന്നിടിച്ചും മറ്റും നിരവധി അനധികൃത കെട്ടിടങ്ങളുടെ നിര്‍മാണം നടക്കുന്നുണ്ട്. ജില്ലക്ക് പുറത്തുനിന്നുള്ളവരുടേതാണ് ഇതില്‍ മിക്കതും. മാനദണ്ഡങ്ങള്‍ പാലിക്കാതെ വ്യവസായികാടിസ്ഥാനത്തില്‍ കെട്ടിപ്പൊക്കുന്ന ഇത്തരം ബഹുനില കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കിയതിനെതിരെ തുടക്കത്തിലേ പ്രതിഷേധമുയര്‍ന്നിരുന്നു. നിയന്ത്രണം ആവശ്യമാണെന്ന രീതിയിലാണ് മുസ്ലിംലീഗ് നിലപാടെടുത്തിരുന്നത്. കലക്ടര്‍ ഏകപക്ഷീയമായി ഉത്തരവ് പുറപ്പെടുവിച്ചതില്‍ ലീഗ് എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. സമീപകാലത്ത് പരിസ്ഥിതി അനുകൂല നിലപാട് കൈക്കൊണ്ട മുസ്ലിം ലീഗ് പക്ഷേ, റിയല്‍ എസ്റ്റേറ്റ് ലോബിയെ സഹായിക്കുന്ന രീതിയില്‍ ഉത്തരവ് മരവിപ്പിക്കാന്‍ മുന്‍കൈയെടുക്കുമ്പോള്‍ അണികളില്‍നിന്നടക്കം പ്രതിഷേധം ശക്തമാണ്. റിയല്‍ എസ്റ്റേറ്റ് മാഫിയക്കുവേണ്ടിയാണ് സര്‍ക്കാര്‍ ഈ നീക്കം നടത്തുന്നതെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര അഭിപ്രായപ്പെട്ടു. ജില്ലയുടെ താല്‍പര്യമല്ല ഇതിനു പിന്നിലെന്നത് വ്യക്തമാണ്. പുറത്തുനിന്നുവന്ന് വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടിയ ആളുകളെ സഹായിക്കാനാണ് ഈ നീക്കമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.