മദ്യത്തിനു വിട; ബാവലിയില്‍ പുലരുന്നതു സമാധാനം

തിരുനെല്ലി: കേരള, കര്‍ണാടക അതിര്‍ത്തിയായ ബാവലിയില്‍ ഇനിമുതല്‍ ശാന്തിയുടെ നിമിഷങ്ങളാണ്. വര്‍ഷങ്ങളായി മദ്യരാജാക്കന്മാരും സ്പിരിറ്റ് മാഫിയകളും വ്യാജ ചാരായ ലോബിയും അഴിഞ്ഞാടിയ ബാവലിയില്‍ അനധികൃത മദ്യവില്‍പനക്ക് കൂച്ചുവിലങ്ങിട്ടതോടെ പ്രദേശത്ത് സമാധാനം തിരിച്ചത്തെിയിരിക്കുന്നു. പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന ജാനകിയാണ് അതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്ന മൂന്നു ബാറുകള്‍ക്കും ഹോട്ടലുകള്‍ക്കും പഞ്ചായത്തിന്‍െറ അനുമതിയോ ലൈസന്‍സോ ഇല്ളെന്ന് ആദ്യമായി കണ്ടത്തെിയത്. അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായ ശ്രീജിത് പെരുമന നിയമവഴിയില്‍ ഉറച്ചുനിന്നതോടെ കര്‍ണാടക നിയമസഭയിലടക്കം ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയ ബാവലിയിലെ അനധികൃത റിസോര്‍ട്ടുകള്‍ക്കും മദ്യവില്‍പനക്കും വിരാമമിടാന്‍ അധികൃതര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. ഒരു തവണ ബാര്‍ പൂട്ടിച്ചശേഷം ആയിരക്കണക്കിനാളുകള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന കബനിപുഴയില്‍ കക്കൂസ് മാലിന്യങ്ങളടക്കം തള്ളിയതുമായി ബന്ധപ്പെട്ട് ഇതോടനുബന്ധിച്ച ഹോട്ടലിനും പഞ്ചായത്ത് താഴിട്ടു. ഇതിനെതിരെ പഞ്ചായത്ത് ഭരണസമിതിയില്‍ കോളിളക്കമുണ്ടായി. ബാര്‍ മുതലാളിമാര്‍ക്കും സ്പിരിറ്റ് ലോബികള്‍ക്കും ഒത്താശചെയ്യുന്ന ചില വാര്‍ഡംഗങ്ങളും പ്രമുഖ രാഷ്ട്രീയക്കാരും തമ്മിലുള്ള കൂട്ടുകെട്ടില്‍ രണ്ടാമതും ബാറും ഹോട്ടലും തുറന്നെങ്കിലും ഒരാഴ്ച മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളൂ. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ബാറിന്‍െറ പ്രവര്‍ത്തനങ്ങളും ഇതിനോട് ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും മൈസൂരു ജില്ലാ കലക്ടര്‍ക്കും എക്സൈസ് കമീഷണര്‍ക്കും പ്രസിഡന്‍റ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെ തുടര്‍ന്ന് എക്സൈസ് സംഘം റെയ്ഡ് നടത്തി ബാറും ഹോട്ടലുകളും പൂട്ടി സീല്‍ പതിക്കുകയും ചെയ്തു. ലക്ഷക്കണക്കിന് രൂപയുടെ ശീട്ടുകളിയാണ് ബാവലി പുഴവക്കിനോട് ചേര്‍ന്ന് നടന്നിരുന്നത്. കളിയില്‍ പണം വാരിയാല്‍ ആരും അതിര്‍ത്തി കടക്കാറില്ല. ഒമ്പതു പേരാണ് കളിയുമായി ബന്ധപ്പെട്ട് പുഴയില്‍ മുങ്ങി മരിച്ചത്. എച്ച്.ഡി കോട്ട, ബൈരക്കുപ്പ എന്നിവിടങ്ങളില്‍ നിന്നും വന്‍തോതില്‍ കഞ്ചാവും ബാവലി വഴി അതിര്‍ത്തി കടന്നത്തെിയിരുന്നു. എന്തായാലും ബാവലിക്കരയില്‍ മദ്യം തുടച്ചുനീക്കിയതോടെ കുറ്റകൃത്യങ്ങള്‍ കുറഞ്ഞ്, മനസ്സമാധാനത്തോടെ ജീവിക്കാന്‍ പറ്റുന്ന അവസ്ഥയിലത്തെിയതായി നാട്ടുകാര്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.