കല്‍പറ്റ: ഉള്‍ഗ്രാമത്തില്‍ സിനിമാകഥയെ വെല്ലുന്ന രീതിയില്‍ നടത്തിയ മോഷണം നാട്ടുകാരെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നു. ആസൂത്രിതമായി നടത്തുന്ന മോഷണപരമ്പരകള്‍ വയനാട്ടില്‍ പൊലീസിന് തലവേദന സൃഷ്ടിക്കുന്നതിനിടയിലാണ് വീട്ടുകാരെ മുഴുവന്‍ ബന്ദികളാക്കി ആയുധമുനയില്‍ നടത്തിയ മോഷണം അരങ്ങേറുന്നത്. വെണ്ണിയോട് അറക്ക മൊയ്തു ഹാജിയുടെ വീട്ടില്‍ കുടുംബാംഗങ്ങളെ കെട്ടിയിട്ട് നടത്തിയ കവര്‍ച്ചയില്‍ രേഖാചിത്രങ്ങളടക്കം ഉപയോഗിച്ച് പ്രതികളെ വലയിലാക്കാനുള്ള നീക്കങ്ങളാണ് പൊലീസ് നടത്തുന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് മൊയ്തു ഹാജിയുടെ വീട്ടില്‍ ആയുധധാരികളായ മോഷണസംഘം എത്തുന്നത്. വാതില്‍ പൊളിച്ച് അകത്തുകടന്ന സംഘം തുടക്കത്തിലേ കത്തി കാട്ടി ഭീതി സൃഷ്ടിക്കുകയായിരുന്നുവെന്ന് മൊയ്തു ഹാജി പറഞ്ഞു. വെണ്ണിയോട്-കോട്ടത്തറ റോഡില്‍ ആള്‍താമസമുള്ള പ്രദേശത്ത് മോഷണസംഘം കമ്പിപ്പാര ഉപയോഗിച്ച് വാതില്‍ പൊളിക്കുന്ന ശബ്ദമൊന്നും അയല്‍ക്കാര്‍ വ്യക്തമായി കേട്ടതുമില്ല. സമീപവാസികളിലൊരാള്‍ ശബ്ദം കേട്ടെങ്കിലും ടിപ്പറില്‍നിന്ന് ലോഡിറക്കുന്നതാണെന്നു കരുതി ശ്രദ്ധിച്ചില്ല. മൊയ്തു ഹാജിയുടെ മകന്‍െറ വീട് തറവാടിന് 100 മീറ്റര്‍ അപ്പുറത്താണ്. ഇളയ മകനും കുടുംബവും ഗള്‍ഫിലാണുള്ളത്. മൊയ്തു ഹാജി ബഹളം കേട്ട് റൂമില്‍നിന്നിറങ്ങി വരുമ്പോഴേക്ക് വീട്ടിനുള്ളില്‍ കടന്ന മോഷണസംഘം മുഖം മറച്ചിരുന്നില്ല. കെട്ടിയിട്ട ശേഷം കത്തിവീശി ഭീഷണിപ്പെടുത്തുന്നതിനിടയില്‍ തടയാന്‍ ശ്രമിച്ച മൊയ്തു ഹാജിയുടെ കൈക്ക് പരിക്കേറ്റിട്ടുണ്ട്. കെട്ടിയിട്ടതിനെ തുടര്‍ന്ന് കൈക്ക് വേറെയും പരിക്കുകള്‍ പറ്റിയ അദ്ദേഹം പിന്നീട് ആശുപത്രിയില്‍ ചികിത്സ തേടി. മൊബൈല്‍ ഫോണ്‍ കൈയത്തെും ദൂരത്തുനിന്ന് മാറ്റിയ മോഷ്ടാക്കള്‍ ഒച്ചവെക്കരുതെന്ന് തുടക്കത്തിലേ നിര്‍ദേശം നല്‍കി. ഇതിനിടെ, ഒച്ചവെക്കാന്‍ ശ്രമിച്ച മകള്‍ സുനീറയുടെ കരണത്തടിച്ചു, മുഖം അമര്‍ത്തിപ്പിടിച്ചു. ചെറുത്തുനിന്നാല്‍ ജീവന്‍ അപകടത്തിലാവുമെന്ന തിരിച്ചറിവില്‍ മോഷണ സംഘത്തിന്‍െറ ആജ്ഞകള്‍ അനുസരിക്കാന്‍ നിര്‍ബന്ധിതമാവുകയായിരുന്നുവെന്ന് മൊയ്തു ഹാജി പറഞ്ഞു. താക്കോല്‍ കൈവശപ്പെടുത്തിയ സംഘം അലമാരയില്‍നിന്ന് മൂന്നു ലക്ഷം രൂപയും 40 പവന്‍ സ്വര്‍ണവും കൈവശപ്പെടുത്തി സ്ഥലം വിടുകയായിരുന്നു. തെളിച്ചമുള്ള മലയാളത്തില്‍ സംസാരിച്ചിരുന്ന മോഷ്ടാക്കള്‍ ഇടക്ക് മലയാളമല്ലാത്ത ഭാഷയും സംസാരിച്ചിരുന്നത്രെ. അഞ്ചുപേര്‍ വീട്ടിനുള്ളിലുള്ളപ്പോള്‍ പുറത്ത് മറ്റൊരാള്‍ കൂടിയുണ്ടായിരുന്നുവെന്ന തോന്നലും ശക്തമായിരുന്നു. ഒടുവില്‍ വീട്ടിലെ പോര്‍ച്ചിലുണ്ടായിരുന്ന കാറിലാണ് മോഷണസംഘം പുറത്തേക്ക് പോയതും. സൈനബയുടെ കെട്ട് മുറുകാതിരുന്നതിനാല്‍ മോഷ്ടാക്കള്‍ പുറത്തുകടന്നശേഷം അവര്‍ സ്വയം കെട്ടഴിച്ചു. പിന്നീട് മൊയ്തു ഹാജിയെയും സ്വതന്ത്രനാക്കിയ ശേഷം സമീപത്ത് താമസിക്കുന്ന മകനോട് വിവരം പറയുകയായിരുന്നു. തുടര്‍ന്നാണ് കമ്പളക്കാട് പൊലീസില്‍ വിവരമറിയിക്കുന്നത്. 300 മീറ്റര്‍ അപ്പുറത്ത് കാര്‍ ഉപേക്ഷിച്ചുപോയതോടൊപ്പം കാറിന്‍െറ താക്കോലും മോഷണസംഘം കൊണ്ടുപോയി. മറ്റൊരു വണ്ടിയത്തെി അതിലാണ് മോഷണസംഘം പിന്നീട് യാത്രയായതെന്ന നിഗമനത്തിലാണ് പൊലീസ്. വിരലടയാള വിദഗ്ധരുടെയും മറ്റും സഹായത്തോടെ പ്രതികളെ വലയിലാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് പൊലീസ് അധികൃതര്‍ പറഞ്ഞു. ജില്ലയില്‍ പലയിടത്തും ഒറ്റപ്പെട്ട വീടുകളില്‍ താമസിക്കുന്നവരില്‍ അരക്ഷിതബോധം ഇല്ലാതാക്കാന്‍ പ്രതികളെ ഉടന്‍ പിടികൂടാന്‍ അമാന്തിക്കരുതെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.