യൂനിയന്‍ നേതാവ് കൈക്കൂലി വാങ്ങി: പരാതിനല്‍കിയതിന്‍െറ പേരില്‍ മര്‍ദനവും സസ്പെന്‍ഷനുമെന്ന്

സുല്‍ത്താന്‍ ബത്തേരി: യൂനിയന്‍ നേതാവ് 10,000 രൂപ കൈക്കൂലി വാങ്ങിയതായും സംഭവത്തില്‍ പരാതിനല്‍കിയതിന്‍െറ പേരില്‍ മര്‍ദിക്കുകയും സര്‍വിസില്‍നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തതായി കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ ഇബ്രാഹീം മച്ചില്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പിറവം-ബംഗളൂരു അന്തര്‍സംസ്ഥാന റൂട്ടില്‍ ഇബ്രാഹീം ഓടിച്ചിരുന്ന ആര്‍.ആര്‍.സി 774 ബസ് 2015 സെപ്റ്റംബര്‍ ഒമ്പതിന് അപകടത്തില്‍പ്പെട്ടിരുന്നു. നിയമവിരുദ്ധമായി ഇടതുവശത്തുകൂടി ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ച 16കാരന്‍ സൈക്കിള്‍ മറിഞ്ഞ് ബസിനടിയില്‍പെട്ട് മരിക്കുകയായിരുന്നു. പൊലീസ് സ്റ്റേഷനില്‍നിന്നും ബസിറക്കാനും ജാമ്യമെടുക്കാനുമെന്ന പേരില്‍ ബംഗളൂരു ഡിപ്പോയിലെ ഇന്‍സ്പെക്ടറും താനടക്കമുള്ള ഐ.എന്‍.ടി.യു.സി യൂനിയന്‍െറ നേതാവും 10,000 രൂപ തിരിച്ചുനല്‍കാമെന്ന ഉറപ്പില്‍ വാങ്ങുകയായിരുന്നു. എന്നാല്‍, യഥാസമയം ജാമ്യമെടുക്കാതിരുന്നതുമൂലം രണ്ടുദിവസം സ്റ്റേഷനില്‍ കഴിയേണ്ടിവന്നു. വയനാട്ടുകാരനായ യൂനിയന്‍ നേതാവിനെതിരെ പരാതിനല്‍കിയതിന്‍െറ പേരില്‍ ബത്തേരി ഡിപ്പോയിലെ കാന്‍റീനില്‍വെച്ച് പരസ്യമായി മര്‍ദിക്കുകയും പിന്നീട് വ്യാജ റിപ്പോര്‍ട്ട് നല്‍കി സര്‍വിസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയുമായിരുന്നു. പണം തിരിച്ചു ചോദിക്കുകയും പരാതിനല്‍കുകയും ചെയ്തതിന്‍െറ പേരിലാണ് അപകടംനടന്ന് ഒരുമാസത്തിനുശേഷം ഡ്യൂട്ടി തുടരുന്നതിനിടയില്‍ ഇത്തരമൊരു നടപടിയുണ്ടായത്. സംഭവത്തില്‍ സത്യസന്ധമായ അന്വേഷണം നടത്തണമെന്നാണ് ഇബ്രാഹീമിന്‍െറ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.