ജില്ലയില്‍ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നു

മാനന്തവാടി: ജില്ലയില്‍ കുട്ടികള്‍ക്കെതിരെ ലൈംഗികാതിക്രമം ഉള്‍പ്പെടെയുള്ള പീഡനകേസുകള്‍ വര്‍ധിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 2015 ഒക്ടോബര്‍ 26 വരെയുള്ള 10 മാസത്തിനിടെ, 53 കേസുകളാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. കഴിഞ്ഞ ഒരാഴ്ചക്കിടെ മൂന്നു പെണ്‍കുട്ടികളാണ് ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയായത്. ജില്ലാ ശിശുക്ഷേമ സമിതിയാണ് കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം തടയല്‍ നിയമപ്രകാരം കേസെടുത്തത്. 53ല്‍ 22 പേരും ആദിവാസി വിഭാഗത്തില്‍നിന്നുള്ളവരാണ്. 15 മുതല്‍ 18 വരെ പ്രായമുള്ള 19 കുട്ടികളും 10 മുതല്‍ 15 വയസ്സുള്ള 28 കുട്ടികളും ആറുമുതല്‍ 10 വരെ അഞ്ച് കുട്ടികളും അഞ്ച് വയസ്സില്‍ താഴെ ഒരു കുട്ടിയുമാണ് പീഡനത്തിനിരയായത്. 53ല്‍ നാലുപേര്‍ മാത്രമാണ് ആണ്‍കുട്ടികള്‍. സാമൂഹികക്ഷേമ വകുപ്പിന്‍െറ ശക്തമായ ഇടപെടലിന്‍െറ പശ്ചാത്തലത്തില്‍ നടത്തുന്ന കൗണ്‍സിലിങ്ങിലാണ് പീഡനകഥകള്‍ ഏറെയും പുറത്തുവന്നിരിക്കുന്നത്. കൂടുതലായും അടുത്തബന്ധുക്കളില്‍നിന്നും അയല്‍ക്കാരില്‍നിന്നുമാണ് പീഡനത്തിനിരയാകുന്നത്. സ്കൂളുകളില്‍ കൗണ്‍സലിങ് സംവിധാനം എല്ലാ ആഴ്ചകളിലും ഏര്‍പ്പെടുത്തണമെന്നും സ്കൂളുകളില്‍ പരാതിപ്പെട്ടികള്‍ സ്ഥാപിക്കണമെന്നും ഉത്തരവുകള്‍ ഇറക്കിയിരുന്നു. എന്നാല്‍, ചുരുക്കം ചില സ്കൂളുകളില്‍ മാത്രമാണ് പരാതിപ്പെട്ടികള്‍ സ്ഥാപിക്കപ്പെട്ടത്. കൗണ്‍സലിങ്ങിന് പരിശീലനം ലഭിച്ചവരാകട്ടെ വളരെ കുറച്ചുപേര്‍ മാത്രമാണ്. 30 പേര്‍ മാത്രമാണ് ജില്ലയില്‍ നിലവിലുള്ളത്. ഇവര്‍ക്ക് എല്ലാ സ്കൂളുകളിലും എത്താന്‍ നിലവിലെ സാഹചര്യത്തില്‍ കഴിയാത്ത അവസ്ഥയാണ്. ആദിവാസി മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത നിരവധി പീഡനകേസുകള്‍ നടക്കുന്നതായി ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പൊതുപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.