ചോദ്യപേപ്പര്‍ ചോര്‍ച്ച: കെ.എസ്.ടി.എ നിരാഹാരസമരത്തിന്

കല്‍പറ്റ: ചോദ്യപേപ്പര്‍ അച്ചടിച്ചതിലെ പിഴവ് മറച്ചുവെക്കാന്‍ തോമാട്ടുചാല്‍ ഗവ. എച്ച്.എസ്.എസിലെ രണ്ട് അധ്യാപകരെ സസ്പെന്‍ഡ് ചെയ്ത നടപടിയും കേസും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ടി.എ അനിശ്ചിതകാല നിരാഹാരം നടത്തുമെന്ന് ജില്ലാ സെക്രട്ടറി വേണു മുള്ളോട്ട്, വൈസ് പ്രസിഡന്‍റ് കെ. അശോക്കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നവംബര്‍ 11 മുതല്‍ കലക്ടറേറ്റിന് മുന്നിലാണ് സമരം. മലയാളം ചോദ്യപേപ്പറില്‍ രണ്ടു ദിവസം കഴിഞ്ഞ് നടക്കേണ്ട ഹിന്ദി ചോദ്യം അച്ചടിച്ചതില്‍ വീഴ്ച സംഭവിച്ചത് ബത്തേരിയിലെ പ്രിയദര്‍ശിനി സഹകരണ പ്രിന്‍റിങ് പ്രസിലാണ്. ഇത് വ്യക്തമായിട്ടും നടപടി സ്വീകരിക്കാതെ അധികൃതര്‍ നിരപരാധികളായ രണ്ട് അധ്യാപകരെ പീഡിപ്പിക്കുകയാണ്. പ്രധാനാധ്യാപിക മോളി സെബാസ്റ്റ്യന്‍, മലയാളം അധ്യാപകന്‍ കെ ഉണ്ണികൃഷ്ണന്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്യുകയും കള്ളക്കേസ് ചുമത്തുകയും ചെയ്തു. മൊഴിയെടുക്കുന്നതിന്‍െറ പേരില്‍ മാനസികമായി പീഡിപ്പിക്കുന്നു. സംഭവത്തില്‍ യഥാര്‍ഥ കുറ്റക്കാരെ കണ്ടത്തെി നടപടി സ്വീകരിക്കണം. പ്രസിന് എതിരെ നടപടി സ്വീകരിക്കുക, പ്രസില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കുക, ചോദ്യപേപ്പര്‍ അച്ചടിയുമായി ബന്ധപ്പെട്ട അഴിമതിയെ കുറിച്ച് അന്വേഷണം നടത്തുക, അധ്യാപക ദ്രേഹ നടപടികള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് 28 മുതല്‍ മുഴുവന്‍ സ്കൂളുകളിലും പ്രചാരണം നടത്തുമെന്നും ഇവര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.