കല്‍പറ്റ: കൊണ്ടാട്ടം മുളകും ചക്കപൊരിച്ചതും പാക്കറ്റിലാക്കി വില്‍ക്കുക മാത്രമല്ല, കുടിവെള്ളമടക്കം തങ്ങളുടെ നിത്യജീവിത പ്രശ്നങ്ങളില്‍ നേരിട്ട് ഇടപെടേണ്ട പഞ്ചായത്തുകളെ നേരെ നടത്തിക്കാനുള്ള ശ്രമംകൂടി നടത്തുകയാണ് നമ്മുടെ കുടുംബശ്രീ. സ്ത്രീ സംവരണ വാര്‍ഡുകള്‍ ഇഷ്ടംപോലെയുള്ള കാലത്ത് ഇടപെടാന്‍ തന്നെയാണ് സ്ത്രീ ശക്തിയുടെ പടപ്പുറപ്പാട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മികച്ചതാക്കാന്‍ കുടുംബശ്രീ കേരളം മുഴുക്കെ വികസനരേഖ തയാറാക്കുകയാണ്. 14 ജില്ലകളിലെ 1074 സി.ഡി.എസുകള്‍ വഴി സംസ്ഥാന വ്യാപകമായാണ് പദ്ധതി. പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്‍ക്കും അംഗങ്ങള്‍ക്കും ശില്‍പശാല നടത്തി വികസനരേഖയുടെ കരട് കൈമാറും. ഇതുസംബന്ധിച്ച ആദ്യ ശില്‍പശാല ജില്ലയില്‍ നടന്നു. സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാര്‍, വൈസ് ചെയര്‍പേഴ്സണ്‍മാര്‍, ജില്ലാ മിഷന്‍ കണ്‍സള്‍ട്ടന്‍റുമാര്‍, ബ്ളോക് കോഓഡിനേറ്റര്‍മാര്‍, കുടുംബശ്രീ സഹായസംഘാംഗങ്ങള്‍ എന്നിവര്‍ക്ക് ക്ളാസ് നല്‍കി. കുടുംബശ്രീ സംസ്ഥാന പ്രോഗ്രാം ഓഫിസര്‍ ടി. ഷാഹുല്‍ ഹമീദ്, ജില്ലാ മിഷന്‍ കോഓഡിനേറ്റര്‍ പി.പി. മുഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി. ഓരോ പഞ്ചായത്തിലും ബന്ധപ്പെട്ട സി.ഡി.എസിന്‍െറ നേതൃത്വത്തിലാണ് ശില്‍പശാല നടത്തുക. തെരഞ്ഞെടുപ്പ് ഫലം വന്നയുടനെ ഓരോ ഭരണസമിതിയുടെയും സമയ ലഭ്യതക്കനുസരിച്ചാണ് നടത്തുക. ശില്‍പശാലയില്‍ മുഴുവന്‍ അംഗങ്ങള്‍ക്കും പ്രാഥമിക വികസന രേഖ കൈമാറും. പഞ്ചായത്ത് തലത്തില്‍ ചര്‍ച്ചചെയ്ത് രേഖയില്‍ പിഴവുകളുണ്ടെങ്കില്‍ അവ പരിഹരിച്ച് സമ്പൂര്‍ണ പ്രവര്‍ത്തനരേഖ ഉടന്‍ തയാറാക്കും. ഓരോ പഞ്ചായത്തിലും കുടുംബശ്രീ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികള്‍ വിശദീകരിക്കും. അടിയന്തരമായി നടപ്പാക്കേണ്ടവ, അഞ്ചു വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കേണ്ടവ എന്നിങ്ങനെ രണ്ടു തരത്തില്‍ പദ്ധതികള്‍ തരംതിരിക്കും. ഇതോടൊപ്പംതന്നെ കുടുംബശ്രീയുടെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുന്ന രേഖയും നല്‍കും. കേന്ദ്ര പദ്ധതികള്‍, സംസ്ഥാന പദ്ധതികള്‍, കുടുംബശ്രീയുടെ തനത് പദ്ധതികള്‍, ജില്ലാ പഞ്ചായത്തും ബ്ളോക് പഞ്ചായത്തുകളും കുടുംബശ്രീയും സംയുക്തമായി നടത്തുന്ന പഞ്ചായത്തുതല എസ്.ടി പദ്ധതികള്‍ എന്നിവയുടെ ആസൂത്രണവും നടത്തിപ്പുമാണ് വികസനരേഖയിലുണ്ടാവുക. പ്രാദേശിക വികസന ശില്‍പശാലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്‍, അംഗങ്ങള്‍, സി.ഡി.എസ് അംഗങ്ങള്‍, എ.ഡി.എസ് പ്രസിഡന്‍റ്, സെക്രട്ടറി എന്നിവര്‍ പങ്കെടുക്കും. ഓരോ പഞ്ചായത്തിലെയും തൊഴിലവസരങ്ങളുടെ സാധ്യതകള്‍, അയല്‍ക്കൂട്ടങ്ങള്‍ക്ക് പഞ്ചായത്ത് നല്‍കുന്ന ഫണ്ടിന്‍െറ വിനിയോഗം, പഞ്ചായത്തുകളെ സ്ത്രീ-ശിശു സൗഹൃദമാക്കുന്നതിനുള്ള നിര്‍ദേശം, കൃഷി അനുബന്ധ പ്രവര്‍ത്തനങ്ങള്‍, വിവിധ വിലയിരുത്തല്‍ സമിതികളുടെ അവലോകനം തുടങ്ങിയ വിഷയങ്ങളാണ് വികസനരേഖയിലുണ്ടാവുക. എസ്.ടി അഗതി ആശ്രയ പദ്ധതി നടപ്പാക്കുന്നതിന് പഞ്ചായത്തും കുടുംബശ്രീയും കാഴ്ചവെക്കുന്ന പ്രവര്‍ത്തനം പ്രത്യേകമായി വിലയിരുത്തും. അഗതി ആശ്രയ പദ്ധതിയുടെ ഒന്നാം ഘട്ടം, രണ്ടാം ഘട്ടം, എസ്.ടി അഗതി ആശ്രയ പദ്ധതി എന്നിവയുടെ നടത്തിപ്പിന്‍െറ വിശദവിവരം ഓരോ സി.ഡി.എസും ബന്ധപ്പെട്ട തദ്ദേശ ഭരണ പ്രതിനിധികള്‍ മുമ്പാകെ അവതരിപ്പിക്കും. വിശേഷാല്‍ ചന്തകള്‍ നടത്തുന്ന അവസരങ്ങളില്‍ കുടുംബശ്രീക്ക് സ്ഥലം ലഭിക്കുന്നതിലെ അനിശ്ചിതത്വം ഒഴിവാക്കാനും വിശേഷാല്‍ ചന്തകള്‍ സജീവമാക്കുന്നതിനുമായി പഞ്ചായത്തിന്‍െറ നേതൃത്വത്തില്‍ സ്ഥലസൗകര്യം ഏര്‍പ്പാടാക്കുന്ന കാര്യം ആലോചിക്കും. പദ്ധതി വിഹിതത്തില്‍നിന്നും സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി നീക്കിവെക്കുന്ന 10 ശതമാനം വിഹിതമുപയോഗിച്ച് പഞ്ചായത്തിനെ സ്ത്രീ-ശിശു സൗഹൃദമാക്കുന്നതിന് സാധ്യമായ പദ്ധതികള്‍ ആലോചിക്കും. അഞ്ചുലക്ഷം രൂപവരെയുള്ള പഞ്ചായത്തുകളുടെ കരാര്‍ ജോലികള്‍ കുടുംബശ്രീ ഏറ്റെടുക്കുന്നതിനും ആലോചനയുണ്ട്. ഇതിലൂടെ കുടുംബശ്രീ പ്രവര്‍ത്തകരുടെ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാന്‍ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.