പാര്‍ലമെന്‍റ് മണ്ഡലം ജന.സെക്രട്ടറിക്ക് പഞ്ചായത്തു സീറ്റുപോലുമില്ല

കല്‍പറ്റ: കോണ്‍ഗ്രസ് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ശശി പന്നിക്കുഴി ഒരു പ്രതീകമാണ്. ആദിവാസിക്കുടിലില്‍ ജനിച്ചുവളര്‍ന്ന് സ്വപ്രയത്നത്താല്‍ പാര്‍ട്ടിയുടെ മുന്‍നിരയിലത്തെിയ ഈ യുവാവ് ഇപ്പോള്‍ യൂത്ത് കോണ്‍ഗ്രസിന്‍െറ പാര്‍ലമെന്‍റ് മണ്ഡലം ജന.സെക്രട്ടറിയാണ്. ഗോഡ്ഫാദര്‍മാരില്ലാതെ വളര്‍ന്ന ശശി, രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശപ്രകാരം തുടങ്ങിയ തെരഞ്ഞെടുപ്പുരീതികളിലൂടെ ബൂത്ത്, മണ്ഡലം, അംസംബ്ളി, ജില്ലാ തലങ്ങള്‍ പിന്നിട്ടാണ് പാര്‍ലമെന്‍റ് മണ്ഡലം തലത്തില്‍ നേതൃപദവിയിലത്തെിയത്. ശശിയുടെ തൊട്ടുമുമ്പ് ഈ കസേരയിലിരുന്നയാള്‍ ഇന്ന് കൊടിവെച്ച കാറില്‍ ചീറിപ്പായുകയാണ്. മന്ത്രി പി.കെ. ജയലക്ഷ്മി എന്നുപറഞ്ഞാല്‍ കേരളം അറിയും. അവരെപ്പോലെ ശശിയും കുറിച്യ സമുദായാംഗമാണ്. എന്നാല്‍, കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ എല്ലാവരും അമ്പരന്നത് ശശിയുടെ കാര്യത്തിലാണ്. ഗോത്രവര്‍ഗവിഭാഗക്കാരുടെ ഉന്നമനം ലക്ഷ്യമിട്ട് സജീവപ്രവര്‍ത്തനം നടത്തുന്ന ശശി അവരെ പാര്‍ട്ടിയിലേക്കടുപ്പിക്കുന്നതിലും പ്രധാന പങ്കുവഹിക്കുന്നുണ്ട്. പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് സംവരണം ചെയ്ത സീറ്റുകളില്‍ മത്സരിക്കാന്‍ പ്രാപ്തരായ ആളുകളെത്തേടി പരക്കംപായുന്നതിനിടയിലാണ് മുട്ടില്‍ പഞ്ചായത്തിലെ ഗോത്രവര്‍ഗ വെല്‍ഫെയര്‍ സൊസൈറ്റി അധ്യക്ഷന്‍കൂടിയായ ശശിയെ കോണ്‍ഗ്രസ് ജില്ലാ നേതൃത്വം കണ്ടില്ളെന്ന് നടിക്കുന്നത്. ജില്ലാ പഞ്ചായത്തിലേക്കുള്ള സംവരണ സീറ്റില്‍ മത്സരിക്കാന്‍ യോഗ്യനായ ഈ ആദിവാസി യുവാവിനെ ഗ്രാമപഞ്ചായത്ത് വാര്‍ഡില്‍പോലും മത്സരിപ്പിക്കാന്‍ ജില്ലാ നേതൃത്വം മുന്‍കൈയെടുത്തില്ല. ഡി.സി.സി പ്രസിഡന്‍റും മുന്‍ എം.എല്‍.എയും എം.പിയും അടക്കമുള്ള മുതിര്‍ന്ന നേതാക്കന്മാര്‍ക്ക് താല്‍പര്യമുള്ളവര്‍ക്ക് മാത്രമേ ജില്ലയിലെ കോണ്‍ഗ്രസില്‍ സീറ്റുകള്‍ കിട്ടൂ എന്ന അവസ്ഥയാണുള്ളതെന്ന് മുനിസിപ്പാലിറ്റികളിലും ഗ്രാമപഞ്ചായത്തുകളിലുമുള്ള യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. ഗോത്രവര്‍ഗക്കാരനായ ശശിയാണ് ഇതിന്‍െറ ഏറ്റവുംവലിയ ഉദാഹരണമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ശശിക്ക് യൂത്ത് കോണ്‍ഗ്രസ് അക്കൗണ്ടില്‍ സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്‍റ് മണ്ഡലം പ്രസിഡന്‍റ് ഡി.സി.സി, കെ.പി.സി.സി പ്രസിഡന്‍റുമാര്‍ക്ക് കത്തയച്ചിട്ടും അതിന് ചവറ്റുകുട്ടയില്‍ മാത്രമായി സ്ഥാനം. ഗോഡ്ഫാദര്‍മാരുള്ള കൊച്ചുനേതാക്കള്‍ക്കുവരെ വലിയ സീറ്റുകള്‍ ലഭിച്ചപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് തീര്‍ത്തും അവഗണിക്കപ്പെട്ടെന്നാണ് യുവനേതാക്കളുടെ പരിഭവം. മിക്ക സ്ഥലങ്ങളിലും യുവാക്കള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കിയിട്ടില്ല. നാമമാത്രമായ പരിഗണന നല്‍കിയത് സംവരണ സീറ്റുകളിലാണെന്നും യൂത്ത് കോണ്‍ഗ്രസ് നേതൃത്വം ചൂണ്ടിക്കാട്ടുന്നു. കല്‍പറ്റ, സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റികളിലുള്‍പ്പെടെ ജില്ലയിലുടനീളം ചെറുപ്പക്കാര്‍ കടുത്ത പ്രതിഷേധവുമായി രംഗത്തുവരുണ്ട്. നേതൃത്വത്തിന്‍െറ തെറ്റായ നയങ്ങളില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് കല്‍പറ്റ മണ്ഡലം വൈസ് പ്രസിഡന്‍റ് എ.കെ. അര്‍ഷാദ് രാജിവെച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിക്കുവേണ്ടി മുഴുവന്‍ സമയവും പണിയെടുക്കുന്ന ഒരാളെപ്പോലും മുനിസിപ്പാലിറ്റിയില്‍ സ്ഥാനാര്‍ഥിയാക്കിയില്ളെന്നും യുവജനങ്ങളെ പാടെ അവഗണിച്ചെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു. പല മണ്ഡലങ്ങളിലും റെബല്‍ സ്ഥാനാര്‍ഥികള്‍ രംഗത്തുവരുമെന്നും യൂത്ത് കോണ്‍ഗ്രസ് മുന്നറിയിപ്പു നല്‍കുന്നു. ഗ്രൂപ് ഭേദമില്ലാതെ തങ്ങള്‍ അവഗണിക്കപ്പെട്ടെന്ന പരിഭവമാണ് ഇവര്‍ക്കുള്ളത്. സ്ഥാനാര്‍ഥി നിര്‍ണയ സമിതിയില്‍ യൂത്ത് കോണ്‍ഗ്രസിന് ഇടംനല്‍കാതെ സീറ്റുകള്‍ മുഴുവന്‍ മുതിര്‍ന്ന നേതാക്കന്മാര്‍ കൈയടക്കി. ഗ്രൂപ് നേതാക്കള്‍ സ്വന്തം സീറ്റുറപ്പിക്കാനുള്ള നെട്ടോട്ടത്തിലായിരുന്നുവെന്നും ഗ്രൂപ്പിലെ യുവനേതാക്കള്‍ക്ക് സീറ്റു ലഭിക്കാന്‍ അവരുടെ ഭാഗത്തുനിന്ന് ശ്രമങ്ങളൊന്നുമുണ്ടായില്ളെന്നും യൂത്ത് കോണ്‍ഗ്രസുകാര്‍ കുറ്റപ്പെടുത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.