മാനന്തവാടി: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മുന്‍കൈയെടുത്ത് തിങ്കളാഴ്ച ആരംഭിക്കുന്ന ഹര്‍ത്താല്‍ നിയന്ത്രണ ആക്ടിനെക്കുറിച്ച് പൊതുജനങ്ങളില്‍നിന്ന് അഭിപ്രായങ്ങളാരായാന്‍ സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളില്‍ അഭിപ്രായപ്പെട്ടികള്‍ സ്ഥാപിച്ചു. അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി നിക്ഷേപിക്കുന്നതിന് പേന, പേപ്പര്‍ തുടങ്ങിയ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആക്ടിന്‍െറ കരടുകോപ്പിയും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കരട് നിയമമനുസരിച്ച് ഹര്‍ത്താല്‍ ആരെയും നിര്‍ബന്ധിച്ച് അടിച്ചേല്‍പിക്കരുത്. ഹര്‍ത്താല്‍ നടത്തുന്നവര്‍ മൂന്നുദിവസം മുമ്പേ മാധ്യമങ്ങളിലൂടെ അറിയിക്കണം ഹര്‍ത്താല്‍ നടത്താന്‍ പ്രേരിപ്പിക്കരുത് എന്നതാണ് പ്രധാനവ്യവസ്ഥ. ഹര്‍ത്താല്‍ നടത്തുന്നവര്‍ ജീവനും സ്വത്തിനും ഉണ്ടാകുന്ന നാശത്തിനോ നാശനഷ്ടത്തിനോ ഉള്ള നഷ്ടപരിഹാരം നല്‍കുന്നതിനുവേണ്ടി നിര്‍ണയിക്കപ്പെടുന്ന ഒരു തുക ഹര്‍ത്താല്‍ ദിവസത്തിനുമുമ്പ് ഈടായി നിക്ഷേപിക്കണം. ബലപ്രയോഗമോ ശാരീരികമോ മാനസികമോ ആയി ഭീഷണിപ്പെടുത്തുകയോ നിര്‍ബന്ധിച്ചോ ഹര്‍ത്താല്‍ നടത്താന്‍ പാടില്ല. ഈ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുകയോ നടത്തുകയോ ചെയ്യുന്ന ഏതൊരാളും ആറുമാസം തടവിനോ 10,000 രൂപവരെ പിഴയടക്കുകയോ ഇവ രണ്ടുംകൂടിയുള്ള ശിക്ഷയോ അനുഭവിക്കേണ്ടിവരും. ഒരാളുടെ ജോലിയോ ഗതാഗതമോ തടസ്സപ്പെടുത്തിയാല്‍ മേല്‍പറഞ്ഞ ശിക്ഷ ബാധകമായിരിക്കും. ആക്ടനുസരിച്ച് സഹായം ആവശ്യപ്പെടുന്നവര്‍ക്ക് സഹായംനല്‍കാന്‍ പൊലീസോ ബന്ധപ്പെട്ട ഏജന്‍സിയോ വീഴ്ചവരുത്തിയാല്‍ ഇവരില്‍നിന്ന് 10,000 രൂപ പിഴ ഈടാക്കും. ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിക്കപ്പെട്ടാല്‍ അവയുടെ വില നിശ്ചയിച്ച് തുക കെട്ടിവെക്കാതെ പ്രതികള്‍ക്ക് ജാമ്യമനുവദിക്കാനും പാടില്ല. സാമൂഹികമാധ്യമങ്ങള്‍ വഴിയാണ് ആഭ്യന്തരമന്ത്രി ആദ്യം അഭിപ്രായങ്ങള്‍ ശേഖരിച്ചിരുന്നത്. ഇതില്‍ നല്ല പ്രതികരണം ലഭിച്ചതോടെയാണ് സാധാരണക്കാരുടെ അഭിപ്രായങ്ങള്‍ക്കായി പെട്ടി സ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.