കുട്ടികള്‍ക്ക് മുന്നില്‍ ‘പൊലീസ്’ ആകാതെ ഡി.ജി.പി

കല്‍പറ്റ: കുട്ടികളുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും മുന്നില്‍ പൊലീസിന്‍െറ ഗൗരവമില്ലാതെ സംസ്ഥാന പൊലീസ് മേധാവി. കണിയാമ്പറ്റ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളിലാണ് ഡി.ജി.പി ടി.പി. സെന്‍കുമാര്‍ യൂനിഫോമിലാണെങ്കിലും ‘പൊലീസ്’ അല്ലാതായത്. ജില്ലയിലെ പൊലീസ് സ്റ്റേഷനുകള്‍ സന്ദര്‍ശിക്കുന്നതിനാണ് അദ്ദേഹം വയനാട്ടിലത്തെിയത്. ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സ്കൂളിലത്തെിയ അദ്ദേഹത്തെ സ്കൗട്ട് വളണ്ടിയര്‍മാര്‍ സല്യൂട്ടോടെ സ്വീകരിച്ചു. പൊലീസ് മേധാവിയുടെ തിരക്കിനിടയിലും സ്വന്തം കുടുംബത്തിന്‍െറയും കുട്ടികളുടെയും കാര്യം എങ്ങനെ നോക്കാന്‍ കഴിയുന്നുവെന്നായിരുന്നു ഒരു മിടുക്കന്‍െറ ചോദ്യം. അതെല്ലാം കഴിയുന്നതുപോലെ ഭംഗിയായി ചെയ്യുന്നുണ്ടെന്ന് മറുപടി. വയനാട്ടിലെ ആദിവാസികളുടെ കാര്യങ്ങള്‍ സംബന്ധിച്ച് കുട്ടികള്‍ ആശങ്ക ഉന്നയിച്ചു. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ ആദിവാസി പീഡനങ്ങള്‍ക്കെതിരെ പൊലീസ് ശക്തമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നായിരുന്നു മറുപടി. കുട്ടികളുമായുള്ള ഏറെനേരത്തെ സംവാദത്തില്‍ നാട്ടിലെ നിയമങ്ങളെ കുറിച്ചും ജനാധിപത്യത്തെ കുറിച്ചുമെല്ലാം പൊലീസ് മേധാവി വാചാലനായി. നിയമം ചിലന്തിവല പോലെയാണ്. ചെറിയ പ്രാണികളും ജീവികളും എളുപ്പം കുടുങ്ങും. വലിയ പക്ഷികള്‍ വല മുറിച്ച് കടന്നുകളയും. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുത് എന്നത് മാറ്റേണ്ട സമയമായി. ആയിരം കുറ്റവാളികളും ശിക്ഷിക്കപ്പെടണം. ഒരു നിരപരാധിയും ശിക്ഷിക്കപ്പെടാതിരിക്കുകയും വേണം. അഴിമതിക്കാര്‍ വീണ്ടും പ്രതിനിധികളായി വരുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല. അത്തരക്കാരെ വോട്ടുചെയ്ത് വിജയിപ്പിക്കരുത്. മാവോയിസ്റ്റുകള്‍ ആശയ പ്രചാരണത്തിന് ആയുധങ്ങള്‍ ഉപയോഗിക്കരുത്. അത് നാശത്തിന് വഴിവെക്കും. കമ്പ്യൂട്ടറും ഇന്‍റര്‍നെറ്റും ഉപയോഗിക്കുമ്പോള്‍ കരുതല്‍ വേണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. കുട്ടികള്‍ക്ക് പേനയും മധുരവും നല്‍കിയാണ് അദ്ദേഹം മടങ്ങിയത്. ജില്ലാ പൊലീസ് മേധാവി എം.കെ. പുഷ്കരന്‍, എസ്.പി.സി ജില്ലാ നോഡല്‍ ഓഫിസര്‍ പ്രിന്‍സ് അബ്രഹാം, കല്‍പറ്റ ഡിവൈ.എസ്.പി കെ.എസ്. സാബു, സ്പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി കുഞ്ഞന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. പ്രധാനാധ്യാപകന്‍ പി.എ. സ്റ്റാനി നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.