ബത്തേരി താലൂക്ക് പ്രാഥമിക സഹ. കാര്‍ഷിക ഗ്രാമവികസന ബാങ്ക് കോടികളുടെ നഷ്ടത്തില്‍

സുല്‍ത്താന്‍ ബത്തേരി: ബത്തേരി താലൂക്ക് സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് 4,66,82,141 രൂപ നഷ്ടത്തിലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്. കഴിഞ്ഞ നാലു വര്‍ഷമായി തുടര്‍ച്ചയായി നഷ്ടത്തിലുള്ള ബാങ്കിനെ ‘സി’ ഗ്രേഡിലേക്ക് തരംതാഴ്ത്തി. ഭരണസമിതിയുടെ ധൂര്‍ത്തും അഴിമതിയും വഴിവിട്ട നിയമനങ്ങളും ചട്ടവിരുദ്ധ പ്രവര്‍ത്തനങ്ങളും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വിശദമായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ബാങ്ക് വിഭജനനടപടികള്‍ നാലുവര്‍ഷമായിട്ടും പൂര്‍ത്തീകരിച്ചിട്ടില്ല. ബത്തേരി താലൂക്കിലെ ‘എ’ ക്ളാസ് അംഗങ്ങളുടെ ഓഹരികള്‍ക്ക് ആനുപാതികമായ 2,26,09,945 രൂപ ഇനിയും തീര്‍പ്പായിട്ടില്ല. താല്‍ക്കാലിക ജീവനക്കാര്‍ക്ക് സ്ഥിരംജീവനക്കാര്‍ക്ക് സമാനമായ ആനുകൂല്യങ്ങള്‍ നിയമവിരുദ്ധമായി നല്‍കുന്നു. കടത്തില്‍ മുങ്ങിനില്‍ക്കുന്ന സ്ഥാപനത്തിന് വാഹനം വാങ്ങിയ വകയിലും അറ്റകുറ്റപ്പണിയിനത്തിലും ഭീമമായ തുക ചെലവഴിച്ചു. താല്‍ക്കാലിക ജീവനക്കാരുടെ എണ്ണം ആവശ്യമായതിലും വളരെ കൂടുതലാണെന്ന് നിയമന അഴിമതി ആരോപണത്തില്‍ കുടുങ്ങിയ ബാങ്കിന്‍െറ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘത്തില്‍ ‘എന്‍റര്‍ടെയ്ന്‍മെന്‍റ്’ ഇനത്തില്‍ എഴുതിത്തള്ളിയ 60,705 രൂപ തിരിച്ചുപിടിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. വിതരണംചെയ്യാത്ത ലാഭവിഹിതമായി 2,26,09,945 രൂപ വരവ്, ചെലവ് ഇനങ്ങളില്‍ ഉള്‍പ്പെടുത്തിയത് രേഖകളുടെ അഭാവം ചൂണ്ടിക്കാട്ടി ഓഡിറ്റ് റിപ്പോര്‍ട്ടില്‍ നിരാകരിച്ചു. ജില്ലാ സഹകരണബാങ്കിലെ രേഖകള്‍പ്രകാരം കറന്‍റ് അക്കൗണ്ടില്‍ 51,95,695 രൂപ ബാക്കിനില്‍ക്കുമ്പോള്‍ സംഘം ലെഡ്ജര്‍ രേഖകള്‍പ്രകാരം 5,66,305 രൂപ മൈനസ് ബാലന്‍സാണ്. അതായത് 57,62,000 രൂപ ഓവര്‍ഡ്രാഫ്റ്റ്. ഈ തുക സംഘത്തിന്‍െറ ബാധ്യതയായി ഓഡിറ്റ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സഹകരണ സംഘങ്ങളില്‍ ജൂനിയര്‍ ക്ളര്‍ക്ക് മുതലുള്ള തസ്തികകളില്‍ സംസ്ഥാന സഹകരണ പരീക്ഷാ ബോര്‍ഡ് മുഖേന നേരിട്ട് നിയമനം നടത്തണമെന്നിരിക്കെ കരാര്‍നിയമനം അനധികൃതമായി നീട്ടിക്കൊണ്ടുപോകുന്നതായും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കണ്ടത്തെിയിട്ടുണ്ട്. വായ്പ വര്‍ധിപ്പിച്ചും ജീവനക്കാരുടെ എണ്ണംകുറച്ചും അനാമത്ത് ചെലവുകള്‍ നിയന്ത്രിച്ചും കുടിശ്ശിക പിരിച്ചും ബാങ്കിനെ ലാഭത്തിലാക്കാന്‍ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ അടിയന്തരനടപടി ആവശ്യപ്പെട്ടിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.